ഇരുവറിന്റെ 25 വര്‍ഷങ്ങള്‍; മോഹന്‍ലാലും ഐശ്വര്യ റായിയും പ്രകാശ് രാജുമൊന്നിച്ച മണിരത്‌നം മാസ്റ്റര്‍ പീസ്

മോഹന്‍ലാലും പ്രകാശ് രാജും ഐശ്വര്യ റായിയും തകര്‍ത്തഭിനയിച്ച പൊളിറ്റിക്കല്‍ ഡ്രാമാ ചിത്രം ‘ഇരുവര്‍’ റിലീസായിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. 1997 ജനുവരി 14നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. ഐശ്വര്യ റായ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചതും ‘ഇരുവര്‍’ എന്ന മണിരത്‌നം ചിത്രത്തിലൂടെയായിരുന്നു.

സന്തോഷ് ശിവന്റെ മാജിക് ഫ്രെയിമുകളും എ.ആര്‍ റഹ്‌മാന്റെ സംഗീതവും കോര്‍ത്തിണങ്ങിയെത്തിയ ചിത്രം 2012-ല്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇതുവരെ നിര്‍മ്മിച്ച 1000 മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടംനേടി.

തമിഴ് രാഷ്ട്രീയ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രിമാരായിരുന്ന എംജിആറിന്റെയും കരുണാനിധിയുടേയും ജയലളിതയുടെയും ജീവിതത്തില്‍നിന്നും പ്രചോദമുള്‍ക്കൊണ്ടായിരുന്നു ‘ഇരുവര്‍’ തയ്യാറായത്. എംജിആറായി മോഹന്‍ലാലും കരുണാനിധിയായി പ്രകാശ് രാജും ജയലളിതയോട് സാമ്യമുള്ള കഥാപാത്രമായി ഐശ്വര്യ റായിയുമെത്തി. മോഹന്‍ലാലിന്റെ ആദ്യ തമിഴ് ചിത്രം കൂടിയായിരുന്നു ഇത്.

തന്നെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യയായ നടി ഐശ്വര്യ റായി തന്നെയാണെന്നായിരുന്നു ജയലളിത ഇരുവര്‍ റിലീസായതിന് രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഛായാഗ്രാഹകനായിരുന്ന രാജീവ് മേനോനാണ് ഐശ്വര്യയെ മണിരത്‌നത്തിന് പരിചയപ്പെടുത്തിക്കൊടുത്തത്. അതിനെക്കുറിച്ച് 2019ല്‍ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറയുന്നതിങ്ങനെ. ‘രാജീവിനൊപ്പം ഞാന്‍ നിരവധി പരസ്യ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടായിരുന്നു. ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനിടെ അദ്ദേഹം എനിക്ക് ‘റോജ’ സിനിമയിലെ പാട്ട് കേള്‍പ്പിച്ചുതന്നു. റോജ റിലീസാവുന്നതിന് മുമ്പായിരുന്നു അത്. ആ പാട്ടുകള്‍ എനിക്ക് ഒരുപാടിഷ്ടപ്പെട്ടു. ഞാന്‍ മണിരത്‌നം ചിത്രങ്ങളുടെ വലിയ ആരാധികയാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഒരു സിനിമയ്ക്കായി മണിരത്‌നം എന്നെ സമീപിക്കുമെന്ന് രാജീവ് പറഞ്ഞു. എന്നെ പറ്റിക്കുകയാണെന്നായിരുന്നു ഞാന്‍ ആദ്യം കരുതിയത്.’

‘പിന്നീട് അദ്ദേഹത്തിന്റെ ഓഫീസിലേക്കുള്ള യാത്രക്കിടെ രാജീവ് എന്നോട് ഇരുവര്‍ എന്ന ചിത്രത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു. എന്നോട് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. ഒരു ഗുരുവിന്റെ മുമ്പിലിരിക്കുന്നതുപോലെയായിരുന്നു അദ്ദേഹത്തിന് ഞാന്‍ കാതോര്‍ത്തത്. ഒരു അഭിനേതാവ് എന്ന നിലയിലുള്ള ജോലികള്‍ ആരംഭിക്കാനുള്ള പറ്റിയ സന്ദര്‍ഭമാണ് അതെന്ന് എനിക്ക് തോന്നി. എനിക്ക് സിനിമയില്‍ മുന്‍ പരിചയങ്ങളൊന്നുമില്ല. കുടുംബത്തില്‍ ആര്‍ക്കും സിനിമാ മേഖലയുമായി യാതൊരു ബന്ധവുമില്ല. മണി രത്‌നത്തെ കണ്ടപ്പോള്‍ ഇവിടെ നിന്നാണ് തുടങ്ങേണ്ടത് എന്ന ഉള്‍വിളിയുണ്ടായതുപോലെ തോന്നി. ഞാന്‍ എന്ന വ്യക്തി ജീവിച്ചിരിക്കുന്നുണ്ടെന്നുപോലും തോന്നിയത് അപ്പോഴാണ്’, ഐശ്വര്യ റായ് പറഞ്ഞതിങ്ങനെ.

1997ല്‍ ചിത്രം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. ബെല്‍ഗ്രേഡ് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഇരുവര്‍ക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മനോഹരമായ ചിത്രമെന്നാണ് 2013ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ മണിരത്‌നം തന്നെ ചിത്രത്തെ വിശേഷിപ്പിച്ചത്.

ഗൗതമി, രേവതി, തബു, നാസര്‍, മേജര്‍ സുന്ദര്‍രാജന്‍, രാജേഷ്, ഡല്‍ഹി ദിനേശ്, കല്‍പന അയ്യര്‍ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തിയിരുന്നു. മണിരത്‌നവും വൈരമുത്തുവും സുഹാസിനിയും ചേര്‍ന്നായിരുന്നു തിരക്കഥ തയ്യാറാക്കിയത്. സുഹാസിനിയാണ് ചിത്രത്തിന് സംഭാഷണങ്ങളൊരുക്കിയത്.

UPDATES
STORIES