ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; 43 ലക്ഷത്തിലധികം തട്ടിയെന്ന് പരാതി

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. മൂവാറ്റുപുഴ മനാരി ആസിഫ് പുതുകാട്ടില്‍ ആലിയാര്‍ എന്ന വ്യക്തിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ‘ധര്‍മൂസ് ഫിഷ് ഹബ്ബ്’ എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ച 43 ലക്ഷത്തിലേറെ തട്ടിയതായാണ് പരാതി. ധര്‍മ്മജന്‍ ഉള്‍പ്പടെ 11 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതി മുഖേനയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ധര്‍മ്മജന് പുറമെ മുളവുകാട് സ്വദേശികളായ കിഷോര്‍കുമാര്‍, താജ് കടേപ്പറമ്പില്‍, ലിജേഷ്, ഷിജില്‍, ജോസ്, ഗ്രാന്‍ജി, ഫിജോള്‍, ജയന്‍, നിബിന്‍, ഫെബിന്‍ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 406, 402, 36 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

അമേരിക്കയില്‍ ഡാറ്റാ സയന്റിസ്റ്റായിരുന്ന ആസിഫ് 2018-ലാണ് കേരളത്തിലെത്തിയത്. തുടര്‍ന്ന് സുഹൃത്തായ കിഷോര്‍കുമാര്‍ വഴി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പരിചയപ്പെട്ടു. പരാതിപ്രകാരം, കോതമംഗലത്ത് ധര്‍മൂസ് ഫ്രാഞ്ചെസി വാഗ്ദാനം ചെയ്ത് എറണാകുളം എംജി റോഡില്‍വച്ച് 10,000 രൂപ ധര്‍മ്മജന്‍ കൈപ്പറ്റി. പിന്നീട് ബിസിനസ് ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പല തവണകളായി 43,30,587 രൂപ ബാങ്കുവഴി കൈമാറി. ഇതിന്റെ രേഖകള്‍ പരാതിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

വാഗ്ദാനം ചെയ്തതുപോലെ ഫ്രാഞ്ചെെസി പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം. ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കരാറില്‍ ഒപ്പിടാത്ത ഒരു കോപ്പി മാത്രമാണ് തനിക്ക് നല്‍കിയിട്ടുള്ളതെന്നും പരാതിക്കാരന്‍ പറയുന്നു. പരാതിയില്‍ മൊഴിയെടുക്കുന്നതിനായി ധര്‍മ്മജനെ പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല.

2019 നവംബർ 16 ന് മൂവാറ്റുപുഴയില്‍ ആരംഭിച്ച ‘ധര്‍മൂസ് ഫിഷ് ഹബ്ബ്’ ആദ്യഘട്ടത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ 2020 മാർച്ച് മാസത്തോടെ മത്സ്യ വിതരണം നിലയ്ക്കുകയും സാമ്പത്തിക നഷ്ടത്തിലേക്ക് പോകുകയുമായിരുന്നു. അതേസമയം, താന്‍ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡർ മാത്രമാണെന്നും തട്ടിപ്പില്‍ പങ്കില്ലെന്നുമാണ് ധർമ്മജന്റെ പ്രതികരണം.

UPDATES
STORIES