1990-ലെ കശ്മീര്‍ കലാപവും കശ്മീരി പണ്ഡിറ്റുകളുടെ പലായനവും ഇതിവൃത്തമാകുന്ന വിവേക് അഗ്നിഹോത്രി ചിത്രമാണ് ‘ദ കശ്മീര്‍ ഫയല്‍സ്’. പ്രദര്‍ശനത്തിനെത്തി ഒരാഴ്ച പിന്നിടവെ വിമര്ശനങ്ങളിലൂടെയും പ്രശംസകളിലൂടെയും ചര്‍ച്ചയായിരിക്കുകയാണ് ചിത്രം. ഇതിനിടെ, ചിത്രത്തിന്റെ പ്രാമോഷനില് സജീവമായ ബോളിവുഡ് നടി കങ്കണ റണൗത്ത് പുതിയ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനുപം ഖേറിന്റെ ട്വീറ്റ് പങ്കുവെച്ചാണ് കങ്കണ സഹബോളിവുഡ് താരങ്ങളെ അടക്കം പരിഹസിച്ചുകൊണ്ടുള്ള പ്രതികരണം നടത്തിയിരിക്കുന്നത്. ‘ബോളിവുഡില്‍ അഭിനയിക്കാനറിയാവുന്ന ഒരാള്‍’ എന്ന അടിക്കുറിപ്പ് ചേര്‍ത്താണ് കങ്കണ ട്വീറ്റിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
കശ്മീര്‍ ഫയല്‍സിലെ തന്റെ കഥാപാത്രത്തെ വിഖ്യാത ഹോളിവുഡ് നടന് ഹീത്ത് ലെഡ്ജറിന്റെ ‘ദി ഡാര്‍ക്ക് നൈറ്റ്’ കഥാപാത്രം ജോക്കറുമായി താരതമ്യം ചെയ്ത ആരാധകന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു അനുപം ഖേറിന്റെ ട്വീറ്റ്. ”ലോകത്തിന് വിസ്മരിക്കാനാവാത്ത രണ്ട് പ്രകടനങ്ങള്‍” എന്നായിരുന്നു ആരാധകന്റെ പ്രശംസ.
മുന്‍പും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് പ്രതികരണം നടത്തിയിരുന്നു. ബോളിവുഡിന്റെ എല്ലാ പാപങ്ങളും കഴുകികളയുന്നതാണ് ഈ ചിത്രമെന്നായിരുന്നു ‘ദ കശ്മീര്‍ ഫയല്‍സി’നെക്കുറിച്ചുള്ള താരത്തിന്റെ അന്നത്തെ പരാമര്‍ശം. ഏതെല്ലാം മോശം ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ഇവിടെ വലിയ പ്രാമോഷന്‍ നടക്കുന്നത്, അതിനിടെ ഇത്തരം നല്ല ചിത്രങ്ങളും പ്രോത്സാഹിപ്പിക്കപ്പെടണം. ഇതിനായി മാളത്തില്‍ ഒളിച്ചിരിക്കുന്ന എലികളെല്ലാം പുറത്തേക്ക് വരണമെന്നും സഹതാരങ്ങളെ പരാമര്‍ശിച്ച് കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.
മിഥുന് ചക്രവര്‍ത്തി, അനുപം ഖേര്‍, പല്ലവി ജോഷി, ദര്ശന് കുമാര്‍, ചിന്മയി മാണ്ട്ലേകര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ബോക്സോഫീസ് ഹിറ്റാണ്. റിലീസായി അഞ്ചു ദിവസത്തിനകം ചിത്രം 18 കോടി പിന്നിട്ടിരുന്നു. സിനിമയ്ക്ക് വലിയ പിന്തുണ പ്രഖ്യാപിച്ച യുപി അടക്കമുള്ള ബിജെപി സര്‍ക്കാരുകള്‍ ചിത്രത്തിന് നികുതി ഇളവടക്കം ആനുകൂല്യങ്ങളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍നിന്നും വ്യതിചലിച്ചാണ് സിനിമയില്‍ സംഭവങ്ങളെ പുനസൃഷ്ടിച്ചിരിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്. ചിത്രം വര്‍ഗീയ ധ്രുവീകരണത്തിന് വഴിമരുന്നിടുന്നെന്നും ആരോപണമുണ്ട്.