നടിയെ ആക്രമിച്ച കേസ്: എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കും

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി ഇടപെടൽ. കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി നല്‍കി. അഞ്ച് പുതിയ സാക്ഷികളേയും മൂന്ന് പഴയ സാക്ഷികളേയും വിസ്തരിക്കാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. വിചാരണക്കോടതിയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

കേസില്‍ 16 സാക്ഷികളെ കൂടി വിസ്തരിക്കണം എന്ന ആവശ്യവുമായി പ്രോസിക്യൂഷൻ നേരത്തേ വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിചാരണക്കോടതി ഈ ആവശ്യം തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മൊബൈല്‍ ഫോണ്‍ രേഖകളുടെ അസ്സൽ പകര്‍പ്പ് ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം. ഇതുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രണ്ട് ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ടാണ് കേസില്‍ നിര്‍ണായകമായ ഈ ഉത്തരവ് ഹൈക്കോടതി പ്രഖ്യാപിച്ചിരിക്കുന്നത്.

കേസിൽ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജി സമർപ്പിച്ച സാഹചര്യത്തിൽ എത്രയും പെട്ടെന്ന് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കും. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയത്. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിർത്തിരുന്നു.

UPDATES
STORIES