‘അന്ന് ചെഗുവേരയെ കുറിച്ച് വാചാലരായ ആദർശധീരർ കേരളം വിട്ടു പോയോ?’; രേവതി ചോദിക്കുന്നു

ഒരിക്കൽ മനസിൽ വിപ്ലവ ചിന്തയുമായി നടന്നിരുന്ന ആദർശധീരരായ ആളുകൾ ഇപ്പോൾ എവിടെയാണെന്നും അവർ കേരളം ഉപേക്ഷിച്ച് പോയോ എന്നും നടിയും സംവിധായികയുമായ രേവതി. “ഓരോ അനീതിയിലും നിങ്ങൾ രോഷം കൊണ്ട് വിറയ്ക്കുകയാണെങ്കിൽ, നിങ്ങൾ എന്റെ സഖാവാണ്,” എന്ന ചെഗുവേരയുടെ വാക്കുകകൾക്കൊപ്പം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് രേവതി തന്റെ പ്രതിഷേധം പങ്കുവയ്ക്കുന്നത്.

“എന്റെ 20-കളുടെ തുടക്കത്തിൽ ഒരു മലയാളം സിനിമ ചെയ്യുമ്പോഴാണ് ചെഗുവേരയെക്കുറിച്ച് ഞാൻ ആദ്യമായി കേട്ടത്. എൺപതുകളുടെ തുടക്കത്തിൽ എന്റെ മലയാളി സഹപ്രവർത്തകരും കേരളത്തിലെ മറ്റെല്ലാവരും തന്നെ ചെയെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ ആദർശങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയുടെ മുഖം ആലേഖനം ചെയ്ത ടീ ഷർട്ടുകളും തൊപ്പികളും ബാഗുകളും ധരിക്കുകയും ചെയ്യുമ്പോൾ, അദ്ദേഹത്തെ കുറിച്ച് വായിക്കാത്തതിൽ എനിക്ക് ലജ്ജ തോന്നി. വിപ്ലവ ചിന്തകൾ നിറഞ്ഞ ആ ആദർശ യുവാക്കളുടെ തലമുറ ഇന്ന് അതേ സംസ്ഥാനത്ത് അധികാര സ്ഥാനങ്ങൾ അലങ്കരിക്കുന്ന പരിചയസമ്പന്നരായ മധ്യവയസ്കരായ പൗരന്മാരാണ്, എല്ലാ മേഖലകളിലും തീരുമാനങ്ങൾ എടുക്കുന്നവരാണ്… എന്നാൽ 30-35 വർഷങ്ങൾക്ക് മുൻപ് അവർ സംസാരിച്ച ആദർശങ്ങൾ ഇന്നത്തെ സമൂഹത്തിൽ പ്രതിഫലിക്കുന്നില്ല. അവർ എവിടെയാണ്? ഇവരൊക്കെ കേരളം വിട്ടോ??? എനിക്ക് അത്ഭുതം തോന്നുന്നു…”

നടിയെ ആക്രമിച്ച കേസ് നിർണായക വഴിത്തിരിവിലെത്തി നിൽക്കുമ്പോഴാണ് കേസിൽ തുടക്കം മുതലേ നടിക്കുവേണ്ടി നിലകൊണ്ട വിമൻ ഇൻ സിനിമ കലക്ടീവ് അംഗം കൂടിയായ രേവതിയുടെ കുറിപ്പ് പ്രസക്തമാകുന്നത്. മലയാള സിനിമയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണം എന്ന ആവശ്യമുന്നയിച്ച് ഡബ്ല്യൂസിസി അംഗങ്ങൾ കഴിഞ്ഞദിസവം വനിത കമ്മീഷൻ അധ്യക്ഷ പി.സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 നടി പാർവതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി മേനോൻ, ദീദി, അർച്ചന പദ്മിനി തുടങ്ങിയവരാണ് വനിതാ കമ്മീഷൻ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്. ഇനി കാത്തിരിക്കാനാകില്ലെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വനിത കമ്മീഷൻ ഇടപെടൽ നടത്തണമെന്നും ഡബ്ലൂസിസി അംഗങ്ങൾ ആവശ്യപ്പെട്ടു. അക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം അഞ്ചാം വര്‍ഷത്തിലേക്ക് എത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുസിസി ഇക്കാര്യത്തില്‍ വീണ്ടും നിലപാട് ശക്തമാക്കിയിരിക്കുന്നത്.

അതേസമയം ഇക്കാര്യം സർക്കാരിനെ അറിയിക്കുമെന്നും സിനിമയിലെ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പ് വരുത്തേണ്ടത് സിനിമ നിർമാണ കമ്പനികളുടെ ചുമതലയാണെന്നുമായിരുന്നു വനിത കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം.

UPDATES
STORIES