സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന നടനാണ് സിദ്ധാർത്ഥ്. ഇക്കാരണത്താല്‍ നിരവധി തവണ വിവാദങ്ങളില്‍ അകപ്പെടുകയും അത്രയും തന്നെ പ്രശംസ നേടുകയും ചെയ്തിട്ടുണ്ട് താരം. ഏറ്റവും ഒടുവില്‍ സിനിമാ രംഗത്ത് അടുത്ത കാലത്ത് സജീവമായ ‘പാന്‍-ഇന്ത്യന്‍’ പ്രയോഗത്തെ എതിർത്ത് രംഗത്തുവന്നിരിക്കുകയാണ് അദ്ദേഹം.
അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിലാണ് സിദ്ധാർത്ഥ് ‘പാന്‍-ഇന്ത്യന്‍’ എന്ന പ്രയോഗം ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടത്. സിനിമകളെ ‘ഇന്ത്യന്‍ സിനിമ’ എന്ന് വിശേഷിപ്പിക്കുന്നതിന് പകരം ‘പാന്‍ ഇന്ത്യന്‍’ എന്ന് പറയുന്നത് എന്തിനാണെന്നായിരുന്നു നടന്റെ ചോദ്യം. ബോളിവുഡില്‍ നിന്നുള്ള സിനിമയല്ല എന്നോ ഹിന്ദി സിനിമയുടെ അത്രയും പ്രധാന്യമില്ലെന്നോ പരോക്ഷമായി കാണിക്കാനാണ് അത്തരമൊരു പ്രയോഗം നടത്തുന്നതെന്നും ഇത് പ്രദേശിക സിനിമകളോടുള്ള അനാദരവാണെന്നും സിദ്ധാർത്ഥ് പ്രതികരിച്ചു.
വർഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ധാർത്ഥിന്റെ പ്രതികരണം. ഹിന്ദി ഇതര ഇന്ത്യൻ ഭാഷാ ചിത്രങ്ങളെ ഇന്ത്യൻ സിനിമകളായി കണക്കാക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു അന്നത്തെ ചോദ്യം. മണിരത്നം സംവിധാനം ചെയ്ത ‘റോജ’ എന്ന തമിഴ് ചിത്രം ഇന്ത്യ മുഴുവൻ കണ്ടിരുന്നു എന്നാല്‍ അതൊരു പാൻ ഇന്ത്യൻ സിനിമയാണെന്ന് ആരും പറഞ്ഞില്ല. 15 വർഷം മുമ്പ് വരെ അത്തരമൊരു പ്രയോഗം ഉണ്ടായിരുന്നില്ല. പിന്നീട് എന്തിനാണ് അത്തരമൊരു പ്രയോഗം രൂപപ്പെടുത്തുന്നതെന്നും സിദ്ധാർത്ഥ് ചോദിച്ചു. ഈ നീക്കത്തെ പൂർണ്ണമായി തള്ളി പാൻ-ഇന്ത്യൻ എന്ന പദം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏതുഭാഷയില്‍ നിന്നുമുള്ള സിനിമയെ ‘ഇന്ത്യൻ സിനിമ’ എന്നോ അല്ലെങ്കിൽ, ഏത് ഭാഷയില്‍ നിന്നാണോ ആ ചിത്രം വരുന്നത് അതിനെ അടിസ്ഥാനമാക്കിയോ വിശേഷിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും സിദ്ധാർത്ഥ് വ്യക്തമാക്കി.