‘ഞങ്ങളെ വണ്ടിയില്‍ കയറ്റി വിട്ടിട്ടേ ലാലേട്ടന്‍ സെറ്റില്‍നിന്നും പോകുമായിരുന്നുള്ളൂ’; പ്രശ്‌നങ്ങള്‍ എല്ലാക്കാലത്തുമുണ്ടായിരുന്നെന്ന് ഉര്‍വശി

സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാക്കാലത്തും പ്രശ്‌നങ്ങള്‍ നേരിട്ടുണ്ടെന്നും എന്നാല്‍, മുന്‍ കാലങ്ങളില്‍ സഹപ്രവര്‍ത്തകര്‍ സ്ത്രീകളെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുമായിരുന്നെന്നും നടി ഉര്‍വശി. സ്ത്രീകളുടെ ജീവിതത്തില്‍ അച്ഛന്‍ മുതല്‍ ഒരുപാട് പുരുഷന്മാര്‍ സ്വാധീനിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരാള്‍ മോശമായി പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി എല്ലാ പുരുഷന്മാരെയും തള്ളിപ്പറയാനാവില്ലെന്നും നടി പറഞ്ഞു. സിനിമാ താര സംഘടനയായ ‘അമ്മ’ വനിതാ ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

‘ഇന്നുമാത്രമല്ല, എല്ലാക്കാലത്തും ശല്യവും പ്രശ്‌നങ്ങളുമൊക്കെ ഉണ്ടായിരുന്നു. ഇന്നത്തെപ്പോലെ സ്വന്തമായി വണ്ടിയോ സൗകര്യങ്ങളോ ഒന്നുമില്ല അന്ന്. ആകെ രണ്ടോ മൂന്നോ വണ്ടിയുണ്ടാവും. നോണ്‍ എ.സി അംബാസിഡര്‍. പക്ഷേ, ഷൂട്ടിങ് കഴിഞ്ഞാല്‍ ലാലേട്ടന്‍ ശ്രദ്ധിക്കുന്നത് സ്ത്രീകളൊക്കെ പോയോ എന്നാണ്. എന്റെ കാര്യം മാത്രമല്ല, ചെറിയ വേഷങ്ങള്‍ ചെയ്യുന്നവരോടുപോലും ഈ ശ്രദ്ധയുണ്ടായിരുന്നു. ഞങ്ങളെ വണ്ടിയില്‍ കയറ്റി വിട്ടിട്ടേ ഇവര്‍ പോവൂ. അങ്ങനെ സഹപ്രവര്‍ത്തകരില്‍ത്തന്നെ സുരക്ഷയൊരുക്കാനുള്ള മനസുണ്ടായിരുന്നു അവര്‍ക്ക്. പിന്നെ അങ്ങനെയല്ലാത്ത ചിലരൊക്കെയുമുണ്ട്. ചില കൃമികള്‍ അന്നും ഇന്നുമൊക്കെയുണ്ട്. അവരെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് പറഞ്ഞുതരാന്‍ ലളിത ചേച്ചിയെയൊക്കെപ്പോലെ കുറേപ്പേരുണ്ടായിരുന്നു. ബഹളമുണ്ടാക്കാതെ, ആരുമറിയാതെ കൈകാര്യം ചെയ്യാനുള്ള കാര്യങ്ങള്‍ അവര്‍ പറഞ്ഞുതന്നിരുന്നു’, ഉര്‍വശി ഓര്‍ത്തെടുത്തു.

‘ഇന്ന് സോഷ്യല്‍ മീഡിയ വളര്‍ന്നതുകൊണ്ട് കാര്യങ്ങളൊക്കെ പെട്ടെന്ന് പുറത്തേക്ക് വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഒന്നുരണ്ട് കാര്യങ്ങള്‍ കേട്ടപ്പോള്‍ സങ്കടം തോന്നി. എങ്കിലും പറയുകയാണ്, ജീവിതത്തില്‍ നമ്മള്‍ ഉടനീളം, അച്ഛനായിട്ട് തുടങ്ങി അവിടെനിന്ന് ഇവിടം വരെ നമ്മളെ ഒപ്പം നിന്ന് പ്രോത്സാഹിപ്പിച്ചിട്ടുള്ള സഹപ്രവര്‍ത്തകരും സഹപാഠികളും ഗുരുക്കന്മാരുമൊക്കെയായി ഒരുപാടു പുരുഷന്മാര്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. അത് വിസ്മരിച്ചുകൊണ്ട്, ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയോ അല്ലെങ്കില്‍ ചില വ്യക്തികളോ നമ്മളോട് ചെയ്തിട്ടുള്ള ചില കാര്യങ്ങളെ വെച്ച് പുരുഷന്മാരെ ഒന്നടങ്കം തള്ളിപ്പറയാന്‍ നമുക്കൊരിക്കലും സാധിക്കില്ല. അതുകൊണ്ടുതന്നെ ഇവിടെ വന്നിരിക്കുന്ന പുരുഷന്മാര്‍ക്ക് ഞാന്‍ ആദ്യം നന്ദി പറയുന്നു. ആരെങ്കിലും കുറച്ചുപേര്‍ മാനസികമായി അകല്‍ച്ച കാണിക്കുന്നുണ്ടെങ്കില്‍ അവരെക്കൂടി നമ്മള്‍ നമ്മുടെ കൂടെ ചേര്‍ക്കാന്‍ ശ്രമിക്കണം. എല്ലാ കാലത്തും നമ്മളൊന്നാണ്. ആരും നമ്മളില്‍നിന്നു പുറത്തല്ല. നമ്മള്‍ ചെയ്യുന്നത്ര സല്‍പ്രവര്‍ത്തനങ്ങള്‍ മറ്റു ഭാഷയിലെ സിനിമാ സംഘടനകളൊന്നും ചെയ്യുന്നില്ല’, ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയായിരുന്നു ‘അമ്മ’യുടെ വനിതാദിന പരിപാടി ഉദ്ഘാടനം ചെയ്തത്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ താരസംഘടനയ്ക്ക് കഴിയണമെന്ന് പരിപാടിയില്‍ സംസാരിക്കവെ ശൈലജ ടീച്ചര്‍ പറഞ്ഞു. സിനിമാ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകളും അതുകേള്‍ക്കാന്‍ സംഘടനകളും തയാറാകണം. പരാതി പറയാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടതില്ല. അനുഭവിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ പരാതിപ്പെടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കലൂരിലെ അമ്മയുടെ ഓഫീസില്‍ വെച്ചായിരുന്നു പരിപാടി.

UPDATES
STORIES