‘ശബ്ദരേഖ മിമിക്രി, ബാലചന്ദ്രകുമാറിന് പക’; ചാറ്റുകള്‍ സ്വയം ഡിലീറ്റ് ചെയ്തതെന്നും ദിലീപ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകള്‍ വ്യാജമെന്ന് പ്രതിയായ നടന്‍ ദിലീപ്. ശബ്ദരേഖകളില്‍ പലതും മിമിക്രിയാണെന്നാണ് ദിലീപിന്റെ വാദം. ചിലത് മാത്രമാണ് തന്റേതെന്ന അവകാശവാദവും അന്വേഷണ സംഘത്തിന് മുമ്പില്‍ നടന്‍ ഉന്നയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ആലുവ പൊലീസ്‌ക്ലബ്ബിലെ ചോദ്യം ചെയ്യലിനിടെയാണ് ദിലീപ് ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചത്.

പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂറോളം നീണ്ടു. ഇതിനിടെ, ഉച്ചയ്ക്ക് രണ്ടുമണിയോടെ ബാലചന്ദ്രകുമാറിനെയും പൊലീസ് ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരെയും ഒരുമിച്ചിരുത്തി നാലുമണിക്കൂറോളം ചോദ്യം ചെയ്‌തെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാലചന്ദ്രകുമാര്‍ എത്തിയതോടെ പല ചോദ്യങ്ങള്‍ക്കും ദിലീപ് മൗനം പാലിച്ചെന്നാണ് വിവരം.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലില്‍ തന്നെ നടന്‍ തള്ളിയിരുന്നു. പണം തട്ടാനുള്ള ബാലചന്ദ്രകുമാറിന്റെ കെണിയില്‍ വീഴാതിരുന്നതിലുള്ള പ്രതികാരമായിട്ടാണ് തനിക്കെതിരെയുള്ള ആരോപണങ്ങളെന്നാണ് ദിലീപിന്റെ ഭാഷ്യം. ബാലചന്ദ്രകുമാറിന്റെ മൊഴികളെല്ലാംതന്നെ നിഷേധിക്കുന്ന നിലപാടാണ് ചോദ്യം ചെയ്യലിന്റെ ആരംഭഘട്ടംമുതല്‍ ദിലീപ് സ്വീകരിച്ചിരിക്കുന്നത്. ഫോണിലെ ചാറ്റുകള്‍ താന്‍ സ്വയം ഡിലീറ്റ് ചെയ്‌തെന്നും ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞു. ചാറ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ സഹായിച്ച സാങ്കേതിക വിദഗ്ധന്റെ പക്കല്‍ നിന്നും നിര്‍ണായക തെളിവുകള്‍ ശേഖരിച്ച അന്വേഷണസംഘത്തിന് ഈ വാദം സ്വീകാര്യയോഗ്യമല്ലെന്നാണ് വിവരം.

അതേസമയം, കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ വിഐപി ശരത്ത് തന്നെയാണെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് ശരത്തിന്റെ ഏഴുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതായി അറിയില്ല. അക്കാര്യങ്ങളെക്കുറിച്ച് ബാലചന്ദ്രകുമാര്‍ പറയുന്നത് കള്ളമാണെന്നും ശരത് ക്രൈംബ്രാഞ്ചിനോട് പറഞ്ഞ്. ദിലീപുമായി സൗഹൃദമുണ്ടെന്ന് പറഞ്ഞ ശരത് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയിട്ടില്ലെന്നും ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നുമാണ് അവകാശപ്പെടുന്നത്.

ശരത്ത് നിലവില്‍ ഗൂഢാലോചനക്കേസില്‍ പ്രതിയല്ല. തിരിച്ചറിയപ്പെടാത്ത വ്യക്തി എന്ന് രേഖപ്പെടുത്തിയാണ് ശരത്തിന്റെ മൊഴിയെടുത്തിരിക്കുന്നത്. നേരത്തെ നടത്തിയ ശബ്ദ പരിശോധനയില്‍ ബാലചന്ദ്രകുമാര്‍ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞിരുന്നു. ഇതോടെയാണ് വിഐപി എന്ന് വിശേഷിപ്പിച്ച് ബലചന്ദ്രകുമാര്‍ പറഞ്ഞയാള്‍ ശരത്ത് തന്നെയെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘമെത്തിയത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനടക്കമാണ് ശരത്തിനെ ചോദ്യം ചെയ്തത്.

UPDATES
STORIES