കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്ത് ക്രൈംബ്രാഞ്ച്. ചോദ്യംചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച രാവിലെ പത്തരയോടെ ആരംഭിച്ച നടപടി വൈകുന്നേരവും തുടരുകയാണ്. ഉച്ചയോടെയാണ് ബാലചന്ദ്രകുമാറിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയത്. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
തിങ്കളാഴ്ച നടത്തിയ ചോദ്യംചെയ്യലില്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെല്ലാം ദിലീപ് നിഷേധിച്ചിരുന്നു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളെ കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ദിലീപ് നല്‍കിയിരിക്കുന്ന മൊഴി. ഈ മൊഴികളില്‍ വ്യക്തത വരുത്താനാണ് ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. ചോദ്യംചെയ്യലിന്റെ ഭാഗമായി എറണാകുളത്തേക്ക് എത്താന്‍ ബാലചന്ദ്രകുമാറിന് ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ നിര്‍ണ്ണായക മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു കേസില്‍ തുടരന്വേഷണം ആരംഭിച്ചത്. ഏപ്രില്‍ പതിനഞ്ച് വരെയാണ് കേസില്‍ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ച് നല്‍കിയിരിക്കുന്ന സമയം. ഈ സാഹചര്യത്തില്‍ ചോദ്യാവലി തയ്യാറാക്കിയാണ് ദിലീപിനെ അടക്കം ചോദ്യംചെയ്ത് വരുന്നത്. ചോദ്യംചെയ്യലിനോട് ദിലീസ് സഹകരിക്കുന്നതായി എഡിജിപി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും രണ്ടു ഘട്ടങ്ങളിലായി നടന്ന ചോദ്യം ചെയ്യലിനു ശേഷമാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.