നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം: ദിലീപ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിന് പ്രതി ദിലീപ് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരായി. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ ഐജി കെ.പി ഫിലിപ്, ക്രൈംബ്രാഞ്ച് എസ്പിമാരായ കെ.എസ് സുദര്‍ശന്‍, എം.ജെ സോജന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ദിലീപിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ദിലീപ് അസൗകര്യം അറിയിച്ചതോടെ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.

കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും രണ്ടു ഘട്ടങ്ങളിലായി നടന്ന ചോദ്യം ചെയ്യലിനു ശേഷമാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

UPDATES
STORIES