നടിയെ ആക്രമിച്ച കേസ്: പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി ഹര്‍ജി ദിലീപ് പിന്‍വലിച്ചു

നടിയെ ആക്രമിച്ച കേസിലെ വിടുതല്‍ ഹര്‍ജി നടന്‍ ദിലീപ് പിന്‍വലിച്ചു. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ വിചാരണ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പിന്നീട് കോടതിയെ സമീപിക്കാനും സുപ്രീം കോടതി ദിലീപിന് അനുമതി നല്‍കി. ജസ്റ്റിസുമാരായ എം എന്‍ ഖാല്‍വില്‍ക്കര്‍, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷ അംഗീകരിച്ചത്.

2020 ജനുവരിയിലാണ് ദിലീപ് വിചാരണ കോടതി വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ്പ് ടി വര്‍ഗീസ് കോടതിയെ അറിയിക്കുകയായിരുന്നു. വിചാരണ കോടതിയില്‍ ഇതിനോടകം 202 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായെന്ന് ദിലീപ് കോടതിയെ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രണ്‍ജിത് കുമാര്‍ ഹാജരായി. ദിലീപിന്റെ ഹര്‍ജി നിലവില്‍ അപ്രസക്തമാണെന്ന് സര്‍ക്കാര്‍ വാദിച്ചു. വിചാരണക്കോടതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ദിലീപിന് പിന്നീട് കോടതിയെ സമീപിക്കാനുള്ള അനുമതി നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. ഇത് സുപ്രീം കോടതി അംഗീകരിച്ചില്ല. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ വിചാരണ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ദിലീപിന്റെ നീക്കം.

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. 2017 ഫെബ്രുവരിയില്‍ നെടുമ്പാശ്ശേരിക്ക് സമീപം അത്താണിയില്‍ വെച്ച് നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തില്‍ വെച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ദിലീപ് അടക്കം ഒമ്പത് പേര്‍ കേസില്‍ കുറ്റാരോപിതരാണ്. 2017 ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപ് 85 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് പുറത്തിറങ്ങിയത്. ആരോപണങ്ങളും അറസ്റ്റും ജയില്‍ വാസവും വലിയ കോളിളക്കമുണ്ടാക്കിയതോടെ നടന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പൊതുപരിപാടികളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ മാസം ആലുവ നഗരസഭ നടന് വേദിയൊരുക്കിയത് വിവാദമായിരുന്നു. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ നടി ആക്രമിക്കപ്പെട്ട കേസ് ദിലീപ് പരോക്ഷമായി പരാമര്‍ശിച്ചു. താന്‍ സത്യത്തിനും നീതിക്കും വേണ്ടിയുള്ള യുദ്ധത്തിലാണെന്നായിരുന്നു നടന്റെ പ്രതികരണം.

സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ 200ലധികം സാക്ഷികളുള്ള കേസില്‍ ഇനിയും കുറച്ചുപേരെ വിസ്തരിക്കാനുണ്ട്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, സിദ്ദിഖ്, ഭാമ, ബിന്ദു പണിക്കര്‍ എന്നിങ്ങനെ പ്രോസിക്യൂഷന്‍ സാക്ഷികളില്‍ ഒരു വിഭാഗം വിചാരണക്കിടെ കൂറുമാറി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 199 രേഖകളും 124 വസ്തുതകളും വാദം കേള്‍ക്കുന്ന പ്രത്യേക കോടതി പരിശോധിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി 2022 ഫെബ്രുവരി വരെ സമയം അനുവദിച്ചിട്ടുണ്ട്.

Also Read: നീതിക്ക് വേണ്ടിയുള്ള യുദ്ധത്തിലെന്ന് ദിലീപ്; വേദിയൊരുക്കി ആലുവ നഗരസഭ; നടന്‍ പൊതുപരിപാടിയിലെത്തുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം

UPDATES
STORIES