‘വിചാരണ അടുത്തൊന്നും തീരില്ല’; പള്‍സര്‍ സുനി സുപ്രീംകോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍. സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

കേസില്‍ താനൊഴികെ എല്ലാവര്‍ക്കും ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ് സുനിയുടെ നീക്കം. കേസില്‍ തുടരന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ വിചാരണ സമീപകാലത്തൊന്നും പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നാണ് സുനിയുടെ ആവശ്യം.

കേസിലെ നാലാം പ്രതി വിപി വിജീഷിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യമനുവദിച്ചിരുന്നു. ഇതോടെയാണ് സുനിയൊഴികെയുള്ള എല്ലാവര്‍ക്കും ജാമ്യം ലഭിച്ചത്. കേസിന്റെ വിചാരണ നീളുകയാണെന്നും അഞ്ചുവര്‍ഷമായി ജയിലിലാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു വിജീഷ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ നീളുന്ന പശ്ചാത്തലം കണക്കിലെത്ത് കോടതി ജാമ്യമനുവദിക്കുകയായിരുന്നു. രണ്ടാം പ്രതി മാര്‍ട്ടിന് നേരത്തെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.

അതിനിടെ, സുനി ജയിലില്‍ നിന്നും ദിലീപിന് അയച്ച യഥാര്‍ത്ഥ കത്ത് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സുനിയുട സഹതടവുകാരനായ കുന്നംകുളം സ്വദേശിയുടെ വീട്ടില്‍നിന്നാണ് കത്ത് കണ്ടെത്തിയത്. സുനിയുടെ അമ്മയുടെ പക്കലുണ്ടായിരുന്ന കത്തിന്റെ പകര്‍ന്ന് നേരത്തെ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. കത്തിന്റെ ആധികാരികത പരിശോധിക്കാന്‍ സുനിയുടെ കയ്യക്ഷരത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. നടിയെ ആക്രമിക്കാന്‍ കൊട്ടേഷന്‍ നല്‍കിയതും ഗൂഢാലോചന നടത്തിയതും ദിലീപാണെന്നടക്കമുള്ള കാര്യങ്ങളാണ് കത്തില്‍ പറയുന്നത്. കേസിലെ നിര്‍ണായക കണ്ടെത്തലാണ് ഇതെന്നാണ് വിവരം.

UPDATES
STORIES