മുതിര്‍ന്ന നടി ഷീലയ്ക്കൊപ്പം ചുരുക്കം സിനിമകളില്‍ മാത്രമേ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുള്ളൂ. എന്നാല്‍, സ്ക്രീനിലെത്തിയപ്പോഴെല്ലാം ഒരുപിടി നല്ല നിമിഷങ്ങളാണ് ഇരുവരില്‍നിന്നും ഉണ്ടായിട്ടുള്ളത്. ആ കെമിസ്ട്രി ഏറ്റവുമധികം വെളിവായത് സന്ത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2011ലെത്തിയ സ്നേഹവീട് എന്ന ഫാമിലി ഡ്രാമയിലായിരുന്നു. ഇപ്പോഴിതാ സ്നേഹവീടിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് ഷീല.
മനോരഞ്ജിതം പൂവുപോലെയാണ് മോഹന്‍ലാല്‍ എന്ന നടന് എന്ന കുറിപ്പോടെയാണ് ഷീലയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഏത് വേഷമാണോ അവതരിപ്പിക്കാനുള്ളത്, പൂര്‍ണമായും ആ കഥാപാത്രമായി മാറുന്ന മോഹന്‍ലാലിനെയാണ് പിന്നെ കാണാനാവുക എന്നും ഷീല പറയുന്നു. മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണെന്ന് വിശേഷിപ്പിച്ചാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.
മറ്റൊരു പോസ്റ്റില്‍ സ്നേഹവീട് ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ രചനയും സത്യന് അന്തിക്കാടിന്റേതായിരുന്നു. പത്മപ്രിയ, ബിജു മേനോന്, രാഹുല്‍ പിള്ള, ഇന്നസെന്റ്, കെപിഎസി ലളിത, ലെന തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.
മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ബി ഉണ്ണികൃഷ്ണന് ചിത്രം ആറാട്ടില്‍ ഷീല ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഫെബ്രുവരിയോടെ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.