എന്നിലെ അഭിനേതാവിനെ രൂപപ്പെടുത്തിയത് എന്റെ സംവിധായകർ: ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് മലയാളികൾക്ക് ആമുഖത്തിന്റെ ആവശ്യമില്ല. സിനിമ ജീവിതം അഞ്ചാം വർഷത്തിൽ എത്തി നിൽക്കുമ്പോൾ, തെന്നിന്ത്യയിൽ ആഷിക്ക് അബു മുതൽ മണിരത്നം വരെയുള്ള എണ്ണം പറഞ്ഞ സംവിധായകരുടെ ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. ‘അർച്ചന 31 നോട്ട് ഔട്ട്’ എന്ന തന്റെ കരിയറിലെ ആദ്യ സോളോ ചിത്രത്തിലെത്തി നിൽക്കുമ്പോൾ ഇരുത്തംവന്നൊരു അഭിനേത്രിയിലേക്ക് ഐശ്വര്യ പരിണമിച്ചു. അർച്ചനയെ കുറിച്ചും തന്റെ സിനിമ ജീവിതത്തെ കുറിച്ചും ഐശ്വര്യ ലക്ഷ്മി സൗത്ത്‌റാപ്പിനോട്‌ മനസ് തുറക്കുന്നു.

എന്താണ് അര്‍ച്ചന 31 നോട്ട് ഔട്ട്?

പാലക്കാട്ടെ ഒരു നാട്ടിന്‍പുറത്ത് ജനിച്ച് വളര്‍ന്ന 28 വയസുള്ള പ്രൈമറി സ്‌കൂള്‍ ടീച്ചറാണ് അര്‍ച്ചന. അര്‍ച്ചനയുടെ ജീവിതത്തിലെ കുറേ വിശേഷങ്ങളിലൂടെയാണ് സിനിമയുടെ യാത്ര. അര്‍ച്ചന ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു സിനിമയാണ്. ഇത്തരം സിനിമകള്‍ക്കും കഥാപാത്രങ്ങള്‍ക്കും ആളുകള്‍ എന്നെ വിളിക്കുമോ എന്നൊക്കെ സംശയിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു.

ഐശ്വര്യയ്ക്കും ഐശ്വര്യയുടെ ഇതുവരെയുള്ള കഥാപാത്രങ്ങള്‍ക്കും ഒരു സിറ്റി ഗേള്‍ ഇമേജ് ആണ്. ഒരു നാട്ടിന്‍ പുറത്തുകാരി സ്‌കൂള്‍ ടീച്ചറാകാനുള്ള തയ്യാറെടുപ്പുകള്‍ എന്തായിരുന്നു?

എനിക്ക് നാടന്‍ കഥാപാത്രങ്ങള്‍ ചെയ്യണം എന്ന് നേരത്തെ മുതലേ ആഗ്രഹം ഉണ്ടായിരുന്നു. എന്‌റെ സിനിമകള്‍ ഇറങ്ങിക്കഴിയുമ്പോള്‍ സിനിമ എത്ര നല്ലതാണെങ്കിലും ‘എന്നാലും ഇത്തവണയും ഐശ്വര്യ അര്‍ബന്‍ കഥാപാത്രമാണല്ലോ’ എന്നുള്ള കമന്‌റുകള്‍ കേള്‍ക്കാറുണ്ട്. എന്തായാലും ഒരു നാടന്‍ കഥാപാത്രം ചെയ്യണം എന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് അര്‍ച്ചനയുടെ കഥ എന്‌റെ അടുത്തെത്തുന്നത്. അതിന്‌റെ നരേഷന്‍ എനിക്ക് ഇഷ്ടമായി.

ഞാന്‍ ജനിച്ചുവളര്‍ന്നത് തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമത്തിലാണ്. പിന്നീട് നഗരത്തിലേക്ക് പറിച്ചുനടപ്പെട്ടതാണ്. അതുകൊണ്ട് നാടും നാട്ടിന്‍പുറവും എനിക്ക് പുതിയ അനുഭവമല്ല. നാട്ടിന്‍പുറത്തിന്‌റേതായ സവിശേഷതകള്‍ എന്‌റെ മനസിലും ഉണ്ട്. അര്‍ച്ചനയുടെ ജീവിതം ഞാന്‍ ജീവിച്ചിട്ടില്ല. അര്‍ച്ചനയെക്കാള്‍ പ്രിവിലേജുകള്‍ എനിക്കുണ്ടായിരുന്നു. പക്ഷെ വൈകാരികമായി അര്‍ച്ചന എന്ന സ്ത്രീയെ എനിക്ക് മനസിലാകും.

Aishwarya's new movie 'Archana 31 Not Out' starts in Palakkad » Jsnewstimes
അർച്ചന 31 നോട്ട് ഔട്ട് ലൊക്കേഷനിൽ

നാടന്‍ കഥാപാത്രമാകാന്‍ പറ്റും എന്നെനിക്ക് ആത്മവിശ്വാസക്കുറവൊന്നും ഇല്ലായിരുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന സിനിമയ്ക്ക് മുന്‍പ് ഒരു തമിഴ് ചിത്രത്തിന് വേണ്ടി എന്‌റെ ലുക്ക് ടെസ്റ്റ് നടത്തിയിരുന്നു. അതില്‍ തനി ഗ്രാമീണ പെണ്‍കുട്ടിയായിരുന്നു. ആ ലുക്ക് എനിക്ക് ഇഷ്ടമായി. അതുകൊണ്ട് ബാഹ്യരൂപത്തെ കുറിച്ച് എനിക്ക് ആശങ്കയൊന്നും ഇല്ലായിരുന്നു. പിന്നെ സംവിധായകന്‍ ആവശ്യപ്പെടുന്നത് നമ്മള്‍ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടുവരണം.

ഐശ്വര്യയുടെ ആദ്യത്തെ സോളോ ചിത്രമാണ്. പൂര്‍ണമായും അര്‍ച്ചന എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് കഥ പറയുന്ന ചിത്രം. ആശങ്കയാണോ ആകാംക്ഷയാണോ മനസില്‍?

എനിക്ക് എന്‌റെ ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ ഉള്ള അതേ മാനസികാവസ്ഥയാണ്. ഉത്തരവാദിത്തം കൂടുതലാണ്, ടെന്‍ഷന്‍ കൂടുതലാണ്. ഈ സിനിമയെ കുറിച്ച് ചിന്തിക്കുന്ന സമയം മുതല്‍ ഞാന്‍ ഇതിന്‌റെ ഭാഗമാണ്. ഓരോ സീന്‍ മുതല്‍ മാര്‍ക്കറ്റിങ്ങും പ്രമോഷനും വരെ ഞങ്ങള്‍ ചര്‍ച്ച ചെയ്താണ് തീരുമാനിക്കുന്നത്. അതുകൊണ്ടു തന്നെ സിനിമ നന്നായി സ്വീകരിക്കപ്പെടണമെന്നും നമ്മള്‍ വിചാരിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നുമുള്ള ആഗ്രഹവും വളരെ കൂടുതലാണ്. ചില സിനിമകള്‍ ചില ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കണം എന്ന് നമ്മള്‍ ആഗ്രഹിക്കാറില്ലേ… അത്തരം ആഗ്രഹങ്ങള്‍ ഈ സിനിമയെ കുറിച്ചുണ്ട്. ഏകദേശം മൂന്ന് വര്‍ഷത്തെ കാത്തിരിപ്പാണ് അര്‍ച്ചന 31 നോട്ട് ഔട്ട്.

ഐശ്വര്യയുടെ മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി, അര്‍ച്ചന ഒരു ഫണ്‍ ചിത്രമാണെന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാകുന്നത്. ഏറ്റവും മനോഹരമായി ഹാസ്യം കൈകാര്യം ചെയ്യുന്ന രമേഷ് പിഷാരടിയാണ് കൂടെയുള്ളത്. അദ്ദേഹവുമായുള്ള അനുഭവം?

രമേഷ് പിഷാരടിക്കൊപ്പം

രമേഷേട്ടന്‍ നല്ലൊരു മനുഷ്യനാണ്. പുള്ളിയുടെ അടുത്ത് ആരെത്തിയാലും വളരെ കംഫര്‍ട്ടബിള്‍ ആകും. നല്ല ചിന്തകളുള്ള മനുഷ്യനാണ്. അദ്ദേഹത്തോട് സംസാരിച്ചിരിക്കാന്‍ ഭയങ്കര രസമാണ്. മറ്റുള്ളവര്‍ ചെയ്യുന്ന ജോലിയോടൊക്കെ വളരെ ബഹുമാനമാണ് പുള്ളിക്ക്. അത് പ്രകടിപ്പിക്കുകയും ചെയ്യും. ‘എനിക്ക് നിങ്ങളുടെ അഭിനയം വളരെ ഇഷ്ടമാണ്, ബഹുമാനമാണ്’ എന്നൊക്കെ പറഞ്ഞ് നമ്മളെ പ്രകടമായി തന്നെ അഭിനന്ദിക്കാന്‍ മടിക്കാത്ത ആളാണ്. അത് എന്നോട് മാത്രമല്ല, ഞാന്‍ ഇല്ലാത്തപ്പോള്‍ എന്നെക്കുറിച്ച് മറ്റുള്ളവരോടും പറയും. വളരെ അഭിമാനത്തോടെയാണ് അദ്ദേഹം അത് പറയുന്നത്. എനിക്ക് എന്‌റെ സഹോദരനാണ് അദ്ദേഹം എന്നാണ് തോന്നാറുള്ളത്. രമേഷേട്ടന്‍ അര്‍ച്ചനയില്‍ ഒരു പാട്ട് പാടിയിട്ടുണ്ട്. ഒരു ഗസ്റ്റ് റോള്‍ ആണ് അദ്ദേഹം ചെയ്തിരിക്കുന്നത്. അത് മനോഹരമാക്കിയിട്ടുമുണ്ട്.

അഖില്‍ അനില്‍കുമാര്‍ എന്ന നവാഗത സംവിധായകനെക്കുറിച്ച്?

അഖില്‍ വളരെ ക്ലാരിറ്റിയുള്ള സംവിധായകനാണ്. എന്താണ് വേണ്ടത് എന്ന് അദ്ദേഹത്തിന് അറിയാം. ചിത്രീകരണ സമയത്ത് അഖിലിന് ടെന്‍ഷനും സമ്മര്‍ദവും ഉണ്ടായിരുന്നു. പക്ഷെ സിനിമ നന്നായി വന്നിട്ടുണ്ട്. അഖില്‍ മാത്രമല്ല, ആ സിനിമയുടെ ടെക്‌നിക്കല്‍ ക്രൂവും പുതുമുഖങ്ങളാണ്. പക്ഷെ നല്ല കഴിവും ധൈര്യവുമുള്ള ആളുകളാണ്.

എനിക്ക് അഖില്‍ എന്ന സംവിധായകനില്‍ നല്ല വിശ്വാസമുണ്ട്. എന്‌റെ ആദ്യത്തെ സ്ത്രീ കേന്ദ്രീകൃത ചിത്രമാണ്. നേരത്തെയും അത്തരം കഥാപാത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഞാന്‍ നോ പറയുകയാണ് ചെയ്തത്. ഇതിന് മുന്‍പ് വന്ന കഥകളെല്ലാം കദന കഥകളോ സര്‍വൈവല്‍ ചിത്രങ്ങളോ ആയിരുന്നു. അത് തെറ്റാണെന്നല്ല ഞാന്‍ പറയുന്നത്. പക്ഷെ സ്ത്രീ കഥാപാത്രങ്ങളെ വച്ചുകൊണ്ട് എന്‌റര്‍ടെയ്‌നിങ് ആയിട്ടുള്ള സിനിമകളും ചെയ്യാമല്ലോ. അഖില്‍ കഥ നരേറ്റ് ചെയ്ത് തന്നപ്പോള്‍ ഇതൊരു നല്ല ചിത്രമാകും എന്ന് അത്ര ഉറപ്പ് തോന്നിയതുകൊണ്ടാണ് സമ്മതിച്ചത്.

അര്‍ച്ചനയ്ക്ക് മുന്‍പെ പുത്തന്‍പുതു കാലൈ വിടിയാത എന്ന തമിഴ് ആന്തോളജിയിലെ ശോബി ആയാണ് ഐശ്വര്യ സ്‌ക്രീനില്‍ എത്തിയത്. വളരെ ഹെവിയും ആഴമുള്ളതുമായ കഥാപാത്രമാണ് ശോബി. ഐശ്വര്യ ലക്ഷ്മി എന്ന അഭിനേത്രിയുടെ വളര്‍ച്ചകൂടിയായിരുന്നില്ലേ ആ കഥാപാത്രം?

വളരെ സങ്കീര്‍ണമായൊരു കഥാപാത്രമായിരുന്നു ശോബി. വര്‍ഷങ്ങളായി പുറത്ത് കാണിക്കാന്‍ സാധിച്ചിട്ടില്ലാത്ത ട്രോമയാണ് ശോബിയുടെ ഉള്ളില്‍. കോവിഡും ലോക്ക്ഡൗണുമായി മുറിയില്‍ അടച്ചിട്ടിരുന്നപ്പോള്‍ അത് ഇരട്ടിയായി. അരമണിക്കൂറില്‍ ഇതെല്ലാം കാണിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ക്ലൈമാക്‌സില്‍ ശോബി പൂര്‍ണമായും തകരുന്നുണ്ട്. ഗ്ലിസറിന്‍ ഉപയോഗിക്കാതെയാണ് ഞാന്‍ അത് ചെയ്തത്. അച്ഛനോടോ അമ്മയോടോ വഴക്കടിച്ച് ഫോണ്‍ വച്ചാല്‍ എന്‌റെ ഉള്ളില്‍ ഒരു ആധി ഉണ്ടാകാറുണ്ട്. ജീവിതം ഒട്ടും ഉറപ്പില്ലാത്ത പെട്ടെന്ന് ഉടഞ്ഞു പോകാവുന്ന ഒന്നാണെന്ന് എന്‌റെ അച്ഛനും അമ്മയും എപ്പോഴും ഓര്‍മപ്പെടുത്താറുണ്ട്. ആ ഒരു ടെന്‍ഷനും പേടിയും ആയിരുന്നു ക്ലൈമാക്‌സ് ചിത്രീകരിക്കുമ്പോള്‍ എന്‌റെ മനസില്‍. ഒരുപാട് പേര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റിയ ഒരു കഥാപാത്രമായിരുന്നു ശോബി. മാത്രമല്ല, ഒരു അഭിനേതാവ് എന്ന രീതിയില്‍ എന്‌റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിച്ച കഥാപാത്രം കൂടിയാണിത്.

EXCLUSIVE: Aishwarya Lekshmi On Putham Pudhu Kaalai Vidiyaadhaa…: “I Love  The Way It Is Written” - Filmibeat
പുത്തൻപുതുക്കാലൈ വിടിയാത- നിഴൽ തരും ഇദം

ഈ സിനിമ കണ്ട് ഒരുപാട് പേര്‍ എനിക്ക് പേഴ്‌സണല്‍ മെസേജുകള്‍ അയച്ചു. അവരുടെ അച്ഛന്‌റെ ഫോട്ടോ, അച്ഛന്‌റെ ബൈക്കിന്‌റെ ഫോട്ടോ, അച്ഛനുമായി ബന്ധപ്പെട്ട ഓര്‍മകള്‍ ഒക്കെ ആളുകള്‍ പറഞ്ഞു. തെലുഗു തിരക്കഥാകൃത്ത് പത്മാവതി എന്നോട് പറഞ്ഞത് അമ്മയുടെ മരണശേഷം ശോബിയെ പോലെ തന്നെ മുടി അഴിച്ചിട്ടിട്ടേ ഇല്ല എന്ന്. സത്യത്തില്‍ സിനിമയില്‍ അത് മനഃപൂര്‍വം ചെയ്തതല്ല. അങ്ങനെ സംഭവിച്ചു പോയതാണ്.

ഞാന്‍ വായിച്ച ശോബിയെ മുഴുവനായി ക്യാമറയ്ക്ക് മുന്നില്‍ എത്തിക്കാന്‍ എനിക്ക് സാധിച്ചു എന്ന് ഞാന്‍ ഇപ്പോഴും കരുതുന്നില്ല. കഥ വായിച്ച് കഴിഞ്ഞ് ഞാന്‍ സത്യത്തില്‍ കരഞ്ഞു. സംവിധായകന്‍ റിച്ചാര്‍ഡ് ആന്‌റണിയോട് ഞാന്‍ പറഞ്ഞു ശോബിയെ ഒരിക്കലും നരേറ്റ് ചെയ്ത് കാണിക്കാന്‍ പറ്റുന്ന ഒരു കഥാപാത്രമല്ല, അത് വായിച്ചാലേ മനസിലാകൂ എന്ന്.

പല ഗ്രാഫിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എങ്ങനെയാണ് ഒരു കഥാപാത്രമായി മാറുന്നത്?

കഥാപാത്രമായി മാറാന്‍ ഞാന്‍ പ്രത്യേകം തയ്യാറെടുപ്പുകള്‍ ഒന്നും നടത്താറില്ല. സ്‌ക്രിപ്റ്റ് രണ്ടോ മൂന്നോ തവണ വായിക്കും. സീന്‍ ചിത്രീകരിക്കുന്നതിന് മുന്‍പും വായിക്കും. മിക്കപ്പോഴും ഞാന്‍ സംവിധായകന്‍ പറയുന്നത് അഭിനയിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യാറ്. പക്ഷെ ശോബി എന്ന കഥാപാത്രം ചെയ്തപ്പോള്‍ ക്ലൈമാക്‌സില്‍ അച്ഛനോടെന്നവണ്ണം സംസാരിച്ച് കരയുന്ന സീനില്‍ എന്‌റെ ചില കോണ്‍ട്രിബ്യൂഷന്‍സ് കൂടി ഉണ്ടായിരുന്നു. തിരക്കഥയില്‍ എഴുതിയതു പോലെ അല്ലായിരുന്നു അത് ചെയ്തത്. എന്നാല്‍ അതിന് തൊട്ടു മുന്‍പ് ചെയ്ത കാണെക്കാണെയിലെ സ്‌നേഹ എന്ന കഥാപാത്രം തിരക്കഥയില്‍ എഴുതിവച്ചതില്‍ നിന്ന് ഒരല്‍പ്പം പോലും മാറാതെയാണ് ചെയ്തത്. തിരക്കഥയിലെ ഒരു വാക്ക് പോലും മാറ്റിയിട്ടില്ല. പൂര്‍ണമായും സംവിധായകന്‍ മനു അശോക് പറഞ്ഞതേ അവിടെ നടന്നിട്ടുള്ളൂ. ബോബി-സഞ്ജയ് ആയിരുന്നു അതിന്‌റെ തിരക്കഥ. നമുക്ക് മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ സ്‌പേസ് ഉള്ള സിനിമകളും ഉണ്ട് ഇല്ലാത്ത സിനിമകളും ഉണ്ട്. സ്‌നേഹ അത്രേം പൂര്‍ണതയോടെ ഡിസൈന്‍ ചെയ്ത ഒരു കഥാപാത്രമായിരുന്നു. അവിടെ പെര്‍ഫോം ചെയ്യുക എന്ന ജോലിയെ എനിക്ക് ഉണ്ടാകാറുള്ളൂ.

കഥാപാത്രമാകാന്‍ എനിക്ക് ചുറ്റുപാടുകള്‍ വളരെ പ്രധാനമാണ്. വളരെ വൈകാരികമായൊരു രംഗം ചിത്രീകരിക്കുന്നതിന് തൊട്ടുമുന്‍പ് ചിരിച്ച് കളിച്ചിരിക്കാന്‍ എന്നെക്കൊണ്ട് സാധിക്കില്ല. എനിക്ക് ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ സമയം വേണം. ആ സമയത്ത് സെറ്റില്‍ ബഹളമുണ്ടെങ്കില്‍ ഞാന്‍ പറയാറുണ്ട് എനിക്ക് ബുദ്ധിമുട്ടാകുന്നു എന്ന്. ഒരുപക്ഷെ അതിന്‌റെ പരിമിതി ആകാം. പണ്ട് എനിക്കത് അറിയില്ലായിരുന്നു. ആര് ബഹളം വച്ചാലും ഞാന്‍ പോയി അഭിനയിക്കും. ആ ടേക്ക് ശരിയായില്ലെങ്കില്‍ വീണ്ടും വീണ്ടും ചെയ്യും. ഇപ്പോള്‍ എനിക്കറിയാം, കഥാപാത്രമായി മാറണമെങ്കില്‍ എന്‌റെ ചുറ്റുപാടുകള്‍ അനുകൂലമാകണം എന്ന്. അഭിനയിക്കാന്‍ വേണ്ടി മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകള്‍ എന്നെ അത്ര സഹായിച്ചിട്ടില്ല. സീനിന് തൊട്ടു മുന്‍പാണ് ഞാന്‍ തയ്യാറെടുക്കുന്നത്. പല അഭിനേതാക്കളും പറഞ്ഞ് കേട്ടിട്ടുണ്ട് സിനിമ കഴിഞ്ഞാല്‍ കഥാപാത്രത്തില്‍ നിന്നും പുറത്തിറങ്ങാന്‍ ഒരുപാട് ബുദ്ധിമുട്ടാണെന്ന്. എനിക്കങ്ങനെ ഉണ്ടാകാറില്ല. ക്യാരക്ടര്‍ ഞാന്‍ കൂടെ കൊണ്ടു പോകാറില്ല.

മലയാള സിനിമയുടെ പുതുതലമുറയിലെ ഏറ്റവും മികച്ച സംവിധായകര്‍ക്കൊപ്പം ഐശ്വര്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു നല്ല അഭിനേത്രിയിലേക്കുള്ള വളര്‍ച്ചയില്‍ ഈ അനുഭവങ്ങള്‍ എത്രത്തോളം സഹായിച്ചിട്ടുണ്ട്?

അഭിനയത്തോടും സിനിമയോടും എനിക്കിത്രയും സ്‌നേഹമുണ്ടാകാന്‍ കാരണം ഈ സംവിധായകര്‍ ആണ്. അഭിനയമെന്താണെന്ന് ഞാന്‍ കുറച്ചെങ്കിലും പഠിച്ചിട്ടുണ്ടെങ്കില്‍ അത് ഇവരില്‍ നിന്നാണ്. അഭിനയം പഠിക്കാന്‍ വര്‍ക്ഷോപ്പുകളില്‍ പോയിട്ടുണ്ടെങ്കിലും സെറ്റില്‍ നിന്ന് ലഭിക്കുന്ന അനുഭവം വേറെ തന്നെയാണ്. മായാനദിയില്‍ നിന്ന് പഠിച്ച പല കാര്യങ്ങളും ഞാനെന്‌റെ മറ്റ് സിനിമകളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഓരോ സിനിമകള്‍ കഴിയുമ്പോഴുമാണ് മനസിലാകുന്നത് എന്താണ് നമുക്ക് ചേരുന്നതെന്നും ചേരാത്തതെന്നും.

മായാനദി എന്ന സിനിമയില്‍ കഥാപാത്രങ്ങളുടെ വൈകാരിക അവസ്ഥകളെ പ്രേക്ഷകരിലേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാനാണ് ആഷിഖ് അബു എന്ന സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്. മാത്തനും അപ്പുവും പ്രണയത്തിലാണ്. അതുപോലെ തന്നെ അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളും ഉണ്ട്. ആ പ്രശ്‌നങ്ങള്‍ക്കിടയിലും അവരിലെ പ്രണയം കാഴ്ചക്കാരുടെ ഹൃദയത്തെ തൊടണം. വളരെ നിശബ്ദമായിരുന്നു മായാനദിയുടെ സെറ്റ്. അഭിനേതാക്കള്‍ക്ക് നല്ല സ്‌പേസ് കൊടുക്കുന്ന സംവിധായകനാണ് ആഷിക്കേട്ടന്‍. നമ്മുടെ ഒറിജിനല്‍ എന്താണോ അതാണ് അദ്ദേഹത്തിന് വേണ്ടത്. ഒരുപാട് ടേക്ക് ഒന്നും എടുക്കാറുണ്ടായിരുന്നില്ല.

15 Best Soundtracks of this decade from Indian Cinema
മായാനദിയിലെ അപർണയായി ഐശ്വര്യ

വരത്തന്‍ അമല്‍നീരദ് സറിന്റെ സിനിമയായിരുന്നു. ആ സിനിമയിലെ പല സീനിലും ഒരുപാട് ടേക്ക് പോകേണ്ടി വന്നിട്ടുണ്ട്. സ്‌ക്രിപ്റ്റില്‍ പറയുന്നത് പോലെ കാര്യങ്ങള്‍ ചെയ്യണം എന്ന് നിര്‍ബന്ധമുണ്ട് അദ്ദേഹത്തിന്. അദ്ദേഹത്തിന് വേണ്ടത് കിട്ടുന്നതുവരെ ടേക്ക് എടുക്കും. അദ്ദേഹം ഉദ്ദേശിക്കുന്ന ടേക്ക് തന്നെയാണ് എഡിറ്റിലും വരിക.

മനു അശോകന്‍ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുള്ള സംവിധായകനാണ്. സര്‍ വളരെ തമാശ ഇഷ്ടപ്പെടുന്ന തമാശ പറയുന്ന ഒരാളാണ്. പക്ഷെ അദ്ദേഹത്തിന്‌റെ സിനിമകള്‍ അങ്ങനെയല്ല. ഷോട്ടിന് മുന്‍പും പിന്‍പും അദ്ദേഹം തമാശ പറഞ്ഞ് നടക്കും. പക്ഷെ ഷോട്ട് എന്താണെന്ന് കൃത്യമായി പറഞ്ഞ് തരും. നമ്മള്‍ ഡെലിവര്‍ ചെയ്യേണ്ട ഇമോഷന്റെ ഗ്രാഫ് കൃത്യമായി പറഞ്ഞ് തന്ന് കഥാപാത്രത്തിലേക്ക് നമ്മളെ എത്തിക്കും. ഇനി നമുക്ക് നല്ലതെന്ന് തോന്നി എന്തെങ്കിലും ചെയ്താല്‍, അത് നല്ലതാണെന്ന് അദ്ദേഹത്തിനും ബോധ്യപ്പെട്ടാല്‍ ആ ടേക്ക് പുള്ളി ഓക്കെ പറയും. അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്.

ഇരുപതിനും മുപ്പതിനുമിടയില്‍ പ്രായമുള്ള, നിരവധി വൈകാരിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീകഥാപാത്രങ്ങളെയാണ് ഐശ്വര്യ ഏറെയും അവതരിപ്പിച്ചിട്ടുള്ളത്. ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഏതാണ്?

എന്‌റെ മിക്ക കഥാപാത്രങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. ജഗമേ തന്തിരത്തിലെ അട്ടിലയാണെങ്കിലും മായാനദിയിലെ അപര്‍ണയാണെങ്കിലും വരത്തനിലെ പ്രിയ ആണെങ്കിലും കാണെക്കാണെയിലെ സ്‌നേഹ ആണെങ്കിലും ഏറ്റവും പുതിയ സിനിമ അര്‍ച്ചനയാണെങ്കിലും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. ഒരാളേയും എനിക്ക് മാറ്റി നിര്‍ത്താന്‍ പറ്റില്ല. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലെ പിങ്കി ആയാണ് എന്നെ പല ഇടങ്ങളിലും ആളുകള്‍ തിരിച്ചറിയുന്നത്. നാട്ടിന്‍പുറത്ത് ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍ പിങ്കിമോള്‍ അല്ലേ എന്നാണ് പലരും ചോദിച്ചത്. അത് വളരെ ജനീകയമായ ഒരു കഥാപാത്രമായിരുന്നു. സിനിമയെ ഒരുപാട് സ്‌നേഹിക്കുന്നവര്‍ക്ക് ഇപ്പോഴും മറക്കാന്‍ പറ്റാത്ത കഥാപാത്രം അപ്പുവാണ്. ഞാന്‍ മാനസികമായി തകര്‍ന്നിരിക്കുമ്പോള്‍ എന്നെ പിടിച്ച് എഴുന്നേല്‍പ്പിച്ച, എനിക്ക് പ്രതീക്ഷ തന്ന കഥാപാത്രങ്ങള്‍ ശോബിയും സ്‌നേഹയുമാണ്.

മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഐശ്വര്യയുടെ ഒരു സിനിമ തിയേറ്ററിലേക്ക് എത്തുന്നത്. തൊട്ടു മുന്‍പ് പുറത്തിറങ്ങിയ മൂന്ന് സിനിമകളും ഒടിടി റിലീസ് ആയിരുന്നു. ഒടിടിയിലേക്കുള്ള സിനിമകളുടെ ചുവടുമാറ്റം ഒരു അഭിനേതാവ് എന്ന നിലയില്‍ ഐശ്വര്യയെ എങ്ങനെയാണ് ബാധിച്ചിട്ടുള്ളത്?

ബ്രദേഴ്‌സ് ഡേ എന്ന 2019ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷമാണ് ഇപ്പോള്‍ അര്‍ച്ചന തിയേറ്ററിലേക്ക് എത്തുന്നത്. ഉള്ളടക്കത്തില്‍ വിട്ടുവീഴ്ചകള്‍ ഇല്ലാതെ സെന്‍സറിങ്ങിനെ കുറിച്ച് ആശങ്കകള്‍ ഇല്ലാതെ സ്വാതന്ത്ര്യത്തോടെ സിനിമകള്‍ ചെയ്യാനുള്ള അവസരം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കുന്നുണ്ട്. പക്ഷെ ഒരു അഭിനേതാവ് എന്ന നിലയില്‍ തിയേറ്ററിലും സിനിമ വരണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഒടിടിയില്‍ പുറത്തിറങ്ങുന്ന സിനിമകള്‍ക്ക് നല്ല പ്രതികരണങ്ങളാണ്. പക്ഷെ പതിയെ അത് താഴേക്ക് പോകുന്നു. അതെങ്ങനെയാണ് എന്നെനിക്കറിയില്ല. എന്നാല്‍ തിയേറ്ററില്‍ റിലീസ് ചെയ്ത സിനിമകളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും ഇപ്പോഴും ചര്‍ച്ചകള്‍ ഉണ്ടാകുന്നുണ്ട്. അപ്പുവിനെ കുറിച്ചും മായാനദിയെ കുറിച്ചും ഇപ്പോഴും ഒരു പോസ്റ്റ് എങ്കിലും ദിവസവും കാണാറുണ്ട്.

തമിഴിലും ഐശ്വര്യ സജീവമാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ തമിഴ് സിനിമ ഒരുക്കി തരുന്ന അന്തരീക്ഷത്തില്‍ എന്ത് വ്യത്യാസമാണ് തോന്നിയിട്ടുള്ളത്?

എനിക്ക് വലിയ വ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഇപ്പോള്‍ അത്യാവശ്യം ഭാഷയും വഴങ്ങുന്നുണ്ട്. ഭാഷ ശരിയാകില്ല എന്ന് തോന്നിയാല്‍ എന്നിക്ക് ചേരുന്ന ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ ഞാന്‍ തന്നെ കണ്ടെത്തും. തമിഴിലേത് ബിഗ് ബഡ്ജറ്റ് സിനിമകളായതുകൊണ്ട് നമുക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കും. എനിക്ക് അത്ര വലിയ മുറിയും സൗകര്യങ്ങളും വേണം എന്ന് വാശിപിടിക്കുന്ന ആളൊന്നും അല്ല ഞാന്‍. അതിനപ്പുറത്തേക്ക് വലിയ മാറ്റങ്ങള്‍ ഒന്നും ഇല്ല. പ്രൊഡക്ഷന്‍ സ്‌കെയിലിന്‌റെ വ്യത്യാസമേ ഉള്ളൂ. രണ്ട് ഭാഷകളിലും എനിക്ക് നല്ല കഥാപാത്രങ്ങള്‍ വരുന്നുണ്ട്.

‘ലോട്ടറി അടിച്ച പോലെ സിനിമയിലേക്ക് വന്ന ആളാണ് ഞാന്‍’ എന്നായിരുന്നു തുടക്കകാലത്ത് ഐശ്വര്യ പറഞ്ഞിരുന്നത്. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്ത് മാറ്റമാണ് സ്വയം തോന്നുന്നത്?

കാര്യങ്ങളെ കുറിച്ച് കുറച്ചുകൂടി ബോധവതിയാണ്. എനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെ കുറിച്ച് മാത്രമല്ല, എന്‌റെ പരിമിതികളെ കുറിച്ചും എനിക്ക് അറിയാം. അത് മനസിലാക്കി ഇംപ്രൂവ് ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ട്. ആവര്‍ത്തനംകൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കില്ല. ഞാനോ എന്നെ കാണുന്ന പ്രേക്ഷകരോ അതുകൊണ്ട് സന്തുഷ്ടരാകില്ല. ആത്മവിശ്വാസം കൂടിയിട്ടുണ്ട്. അഭിനേതാവ് എന്ന നിയിലും വ്യക്തി എന്ന നിലയിലും ഞാന്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഓരോ ദിവസവും മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ വര്‍ക്ക് നന്നായി എന്ന് മറ്റുള്ളവര്‍ പറഞ്ഞു കേള്‍ക്കുമ്പോളും അംഗീകരിക്കുമ്പോളും വലിയ സന്തോഷമാണ്. ഒരു സീന്‍ നന്നായി ചെയ്യാന്‍ സാധിച്ചാല്‍ അതൊരു നേട്ടമായാണ് ഞാന്‍ കാണുന്നത്. പക്ഷെ എന്‌റെ അച്ഛനും അമ്മയ്ക്കും ഇപ്പോഴും ഞാന്‍ പഠിച്ച പണി ചെയ്യണമെന്നും ഡോക്ടറാകണമെന്നുമാണ് ആഗ്രഹം.

കുമാരി എന്നൊരു വലിയ സിനിമ ഐശ്വര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ ഘട്ടത്തില്‍ എന്താണ് കുമാരിയെ കുറിച്ച് പറയാന്‍ സാധിക്കുന്നത്?

രണം എന്ന ചിത്രത്തിന്‌റെ സംവിധായകന്‍ നിര്‍മല്‍ സഹദേവാണ് കുമാരി ഒരുക്കുന്നത്. ഷൂട്ട് മുഴുവന്‍ കഴിഞ്ഞു. ഷൈന്‍ ടോം ചാക്കോ ആണ് നായകന്‍. ഒരു ഗംഭീര നടനാണ് അദ്ദേഹം. അദ്ദേഹത്തിന്‌റെ വില്ലന്‍ വേഷങ്ങള്‍ കണ്ട് നമ്മള്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. കുമാരിയിലൂടെ നായകനായി അത്ഭുതപ്പെടുത്തും. ഞങ്ങളുടെ കോംബിനേഷന്‍ സീനുകളൊക്കെ നല്ല രസമായിട്ടുണ്ട്. അദ്ദേഹം അഭിനയിക്കുന്നത് കണ്ട് പഠിക്കാനുണ്ട്. ‘കുമാരി’ ടെക്‌നിക്കലി കൂടി ഒരു ഗംഭീര സിനിമയായിരിക്കും. സുരഭി ലക്ഷ്മി, തന്‍വി റാം, സ്വാസിക, ശ്രുതി മേനോന്‍ തുടങ്ങിയവരും സിനിമയിലുണ്ട്.

എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഐശ്വര്യയുടെ മണിരത്‌നം ചിത്രത്തിന് വേണ്ടിയാണ്. മണിരത്‌നം യൂണിവേഴ്‌സിലെ അനുഭവം എങ്ങനെയായിരുന്നു?

മണി സറിന്‌റെ ഒരു സിനിമയിലെങ്കിലും അഭിനയിക്കണം എന്ന് വലിയ ആഗ്രഹമായിരുന്നു. അദ്ദേഹം എന്നെ ആ സിനിമയിലേക്ക് തിരഞ്ഞെടുത്തതു തന്നെ വലിയൊരു ഭാഗ്യവും അംഗീകാരവുമാണ്. ഒരുപാട് താരങ്ങള്‍ ഉണ്ട്. ഐശ്വര്യ റായ്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരം കിട്ടി. ഭയങ്കര അര്‍പ്പണബോധമുള്ള ഒരു നടിയാണ് അവര്‍. എപ്പോഴും കൈയില്‍ ഒരു പേനയും പുസ്തകവുമായാണ് നടക്കുന്നത്. മണി സറിനോട് സംശയങ്ങള്‍ ചോദിച്ച് അതെല്ലാം എഴുതിയെടുത്ത് പഠിച്ചാണ് പുള്ളിക്കാരി അഭിനയിക്കുന്നത്.

UPDATES
STORIES