മിന്നല്‍ മുരളിയില്‍ ഐശ്വര്യ ലക്ഷ്മിയുമുണ്ടായിരുന്നു; വീഡിയോയുമായി ബേസില്‍ ജോസഫ്

ടൊവിനോ തോമസിനെ നായകനാക്കി തയ്യാറാക്കിയ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിയുടെ മേക്കിങ് വീഡിയോകളും മറ്റും പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് സംവിധായകന്‍ ബേസില്‍ ജോസഫ്. ഇപ്പോഴിതാ, ചിത്രത്തില്‍ നടി ഐശ്വര്യ ലക്ഷ്മിയും ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് ബേസില്‍. പക്ഷേ, ചിത്രത്തില്‍ അഭിനേത്രിയായിട്ടല്ല, ഡബ്ബിങ് ആര്‍ട്ടിസ്റ്റായിട്ടാണ് താരമെത്തിയത്.

ചിത്രത്തില്‍ മിന്നലിനെക്കുറിച്ച് ക്ലാസ് എടുക്കുന്ന രംഗത്തില്‍ ‘മിന്നലടിച്ചിട്ട് മരിച്ചില്ലെങ്കിലോ ടീച്ചറേ’ എന്ന് ചോദിക്കുന്ന പെണ്‍കുട്ടിക്കുവേണ്ടി ഐശ്വര്യ ലക്ഷ്മി ഡബ് ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ബേസില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

ഡിസംബര്‍ 24ന് ക്രിസ്മസ് റിലീസായെത്തിയ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇടിമിന്നലേറ്റ് അമാനുഷിക ശക്തി ലഭിക്കുന്ന ജയ്‌സണ്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂന്നിയാണ് ബേസില്‍ ജോസഫ് മിന്നല്‍ മുരളി ഒരുക്കിയിരിക്കുന്നത്. ടൊവിനോ തോമസിനൊപ്പം ഗുരു സോമസുന്ദരം, ജൂഡ് ആന്തണി, മാമുക്കോയ, ഷെല്ലി കിഷോര്‍, മാസ്റ്റര്‍ വസിഷ്ട്, പി ബാലചന്ദ്രന്‍, ബൈജു സന്തോഷ്, ഫെമിന തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

UPDATES
STORIES