ഹിന്ദി ദേശീയ ഭാഷയല്ലെന്ന് കിച്ചാ സുദീപ്; മറുപടിയുമായി അജയ് ദേവ്ഗണ്‍, ട്വിറ്ററില്‍ പോര്

ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷ അല്ലെന്ന നടന്‍ കിച്ച സുധീപിന്റെ പ്രസ്താവനയ്ക്കെതിരെ ട്വീറ്റുമായി നടൻ അജയ് ദേവ്ഗൺ. ഹിന്ദി ദേശീയ ഭാഷയല്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങളുടെ സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നത് എന്ന ചോദ്യമുന്നയിച്ചായിരുന്നു ട്വീറ്റ്.

ഹിന്ദി എല്ലാക്കാലത്തും മാതൃഭാഷയും ദേശീയ ഭാഷയുമായിരിക്കുമെന്നും അജയ് ദേവ്ഗണ്‍ കുറിച്ചു. ഹിന്ദിയിലായിരുന്നു ട്വീറ്റ്.

അടുത്തിടെ നടന്ന ഒരു പ്രൊമോഷന്‍ പരിപാടിക്കിടെയാണ് കിച്ച സുദീപ് പ്രതികരണത്തിന് അടിസ്ഥാനമായ പ്രസ്താവന നടത്തിയത്. ആർആർആർ, കെജിഎഫ് ചാപ്റ്റർ 2 തുടങ്ങിയ സിനിമകളുടെ പശ്ചാത്തലത്തിൽ പാന്‍ ഇന്ത്യന്‍ സിനിമ ചർച്ചയായപ്പോഴായിരുന്നു നടന് ഹിന്ദി ദേശീയ ഭാഷയല്ലെന്ന് പറഞ്ഞത്.

“കന്നഡയിൽ നിന്ന് ഒരു പാൻ ഇന്ത്യ സിനിമ ഉണ്ടാകുന്നു എന്ന് നിങ്ങള്‍ പറയുന്നു, എന്നാലതില്‍ ഒരു ചെറിയ തിരുത്ത് ഉണ്ട്. ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല. ബോളിവുഡാണ് ഇന്ന് അവരുടെ പാൻ-ഇന്ത്യ സിനിമകൾ തെലുങ്കിലും തമിഴിലും ഡബ്ബ് ചെയ്ത് വിജയം കണ്ടെത്താൻ പാടുപെടുന്നത്. എന്നലത് നടക്കുന്നുമില്ല. അതേസമയം, ഞങ്ങൾ എല്ലാവർക്കും സ്വീകാര്യമായ സിനിമകൾ നിർമ്മിക്കുന്നു”, എന്നായിരുന്നു കിച്ച സുദീപിന്റെ വാക്കുകള്‍.

അതേസമയം, അജയ് ദേവ്ഗണിന്റെ ട്വീറ്റിനോട് കിച്ച സുദീപ് മറുപടി നല്‍കി. താന്‍ രാജ്യത്തെ എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നുണ്ടെന്നും തീർത്തും വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലായിരുന്നു തന്റെ പരാമർശമെന്നും കിച്ച സുദീപ് ട്വീറ്റ് ചെയ്തു.

പിന്നാലെ മറ്റൊരു ട്വീറ്റ് പങ്കുവെച്ച കിച്ച സുദീപ് എന്നാല്‍ ചർച്ച വീണ്ടും സജീവമാക്കി. എല്ലാക്കാലത്തും നമ്മള്‍ ബഹുമാനിച്ചിട്ടും സ്നേഹിച്ചിട്ടും പഠിച്ചിട്ടുമുള്ള ഭാഷയാണ് ഹിന്ദി എന്നതുകൊണ്ട് താങ്കള്‍ ഹിന്ദിയില്‍ പങ്കുവെച്ച ട്വീറ്റ് എനിക്ക് പൂർണ്ണമായി മനസിലാക്കാനായി. എന്നാലതുപോലെ ഞാന്‍ കന്നടയില്‍ ഒരു മറുപടി നല്‍കിയാല്‍ താങ്കള്‍ക്ക് അത് മനസിലാകുമോ? ഞങ്ങളും ഇന്ത്യയുടെ ഭാഗമല്ലേ സർ”, എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

തെറ്റിദ്ധാരണ ഒഴിവാക്കിയതിന് നന്ദി എന്നു പറഞ്ഞുകൊണ്ട് ട്വീറ്റിന് അജയ് ദേവ്ഗണും മറുപടി നല്‍കി. ”നിങ്ങള്‍ എന്റെ സുഹൃത്താണ്. തെറ്റിദ്ധാരണ നീക്കിയതിന് നന്ദി. ഞാന്‍ എപ്പോഴും സിനിമാ വ്യവസായത്തെ ഒന്നായിട്ടാണ് കരുതുന്നത്. ഞങ്ങള്‍ എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നു, അതുപോലെ എല്ലാവരും നമ്മുടെ ഭാഷയെ ബഹുമാനിക്കണമെന്നും ആഗ്രഹിക്കുന്നു”, അജയ് ദേവ്ഗണ്‍ ട്വീറ്റുചെയ്തു.

ഹിന്ദി ദേശീയ ഭാഷയാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയില്‍ നിന്ന് ആരംഭിച്ച ദേശീയഭാഷാ വിവാദത്തിന് പിന്നാലെ താരങ്ങളുടെ ട്വിറ്റർ പോരും ശ്രദ്ധ നേടുകയാണ്.

UPDATES
STORIES