‘ഇനിമേല്‍ എന്നെ തല എന്ന് വിളിക്കരുത്’; വീണ്ടും അത്ഭുതപ്പെടുത്തി അജിത്

തന്നെ ഇനിമേല്‍ ‘തല’ എന്ന് വിളിക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത് കുമാര്‍. പത്രക്കുറിപ്പിലൂടെയാണ് അജിത് ഇക്കാര്യം ആവശ്യപ്പെട്ടത്. മറ്റ് അധിക വിശേഷണങ്ങളൊന്നുമില്ലാതെ അജിത് എന്നോ അജിത് കുമാര്‍ എന്നോ എ.കെ എന്നോ വിളിച്ചോളൂ എന്നും കുറിപ്പില്‍ പറയുന്നു. അദ്ദേഹത്തിന്റെ പി.ആര്‍.ഒ സുരേഷ് ചന്ദ്രയാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്.

പൊതുജനങ്ങളെയും മാധ്യമങ്ങളെയും കലര്‍പ്പില്ലാത്ത ആരാധകരെയും അഭിസംബോധന ചെയ്താണ് കുറിപ്പ്. ‘ഇനിയങ്ങോട്ട് അജിത്, അജിത് കുമാര്‍, അല്ലെങ്കില്‍ എ.കെ എന്നിങ്ങനെയുള്ള വിളികള്‍ കേള്‍ക്കാനാണ് എനിക്ക് താല്‍പര്യം. തല എന്നോ മറ്റ് വിശേഷണങ്ങളോ എന്റെ പേരിന്റെ കൂടെ ചേര്‍ക്കേണ്ടതില്ല. എല്ലാവര്‍ക്കും ആയുരാരോഗ്യത്തോടെയും സന്തോഷത്തോടെയും വിജയത്തോടെയും സമാധാനപൂര്‍ണമായ മനസോടെയും സംതൃപ്തിയോടെയും എന്നും മനോഹരമായി ജീവിക്കാന്‍ സാധിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. സ്‌നേഹത്തോടെ, അജിത്’.

തമിഴ് സിനിമാലോകമൊന്നടങ്കം അജിത്തിനെ കാലങ്ങളായി തലയെന്നും വിജയിയെ ദളപതിയെന്നുമാണ് വിശേഷിപ്പിക്കുന്നത്. പലപ്പോളും തല-ദളപതി ഫാന്‍സ് തമ്മില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ചില ഉരസലുകളുമുണ്ടാകാറുണ്ട്. പലപ്പോഴുമത് സഭ്യമല്ലാത്ത ക്യാമ്പയിനിങുകളിലേക്കടക്കം നീണ്ടു.

2001ല്‍ ദീന പുറത്തിറങ്ങിയതിന് പിന്നാലെയാണ് അജിത് സിനിമാപ്രേമികള്‍ക്ക് തലയായത്. ആ വര്‍ഷം തന്നെ അജിത്തിന്റേതായി വാലിയും അമര്‍കാലവും ആക്ഷന്‍ ഹിറ്റായി. അതുവരെ മൃദു റൊമാന്റിക് ഭാവങ്ങളുടെ നായകനായിരുന്ന അജിത് ആക്ഷന്‍ ഹീറോ രംഗത്തേക്ക് ചുവടുറപ്പിച്ചു.

അജിതിന് സ്വന്തമായി സോഷ്യല്‍മീഡിയാ അക്കൗണ്ടുകളില്ല. പി.ആര്‍.ഒ വഴിയാണ് അദ്ദേഹം സാധാരണയായി സംവദിക്കാറുള്ളത്. ആരാധകര്‍ സോഷ്യല്‍മീഡിയയിലൂടെ പോരടിക്കുന്നതിനെതിരെ അജിത് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. തന്റെ ആരാധകര്‍ എന്ന പേരിലുള്ള ആളുകളില്‍നിന്നും അക്രമത്തിന് ഇരയാവരോട് അദ്ദേഹം 2017ല്‍ മാപ്പുപറയുകയും ചെയ്തിരുന്നു. ആരാധക വലയം വലിയതോതില്‍ വര്‍ധിച്ച 2011ല്‍ അദ്ദേഹം തന്റെ പേരിലുള്ള ഫാന്‍സ് ക്ലബ്ബുതന്നെ പിരിച്ചുവിട്ടു. തന്റെ പേര് ചില വ്യക്തികള്‍ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി ഉപയോഗിക്കുന്നതിലെ അസംതൃപ്തി വ്യക്തമാക്കിയായിരുന്നു ഈ നീക്കം. താരങ്ങള്‍ക്കുവേണ്ടി ആരാധകര്‍ സ്വന്തം ജീവന്‍ പോലും വെടിയാറുള്ള തമിഴ്‌നാട്ടില്‍ ഈ നീക്കം വലിയ അത്ഭുതമായിരുന്നു.

UPDATES
STORIES