‘അനുകരിക്കരുത്, അജിത് പക്ഷാഘാതത്തിന്റെ വക്കിലെത്തിയിരുന്നു’; ബൈക്ക് സ്റ്റണ്ടുകളില്‍ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിരുന്നെന്ന് ഡോക്ടര്‍

മോട്ടോര്‍ ബൈക്ക് യാത്രകളോട് വലിയ പ്രണയമാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്തിന്. ബോക്‌സ് ഓഫീസ് ഹിറ്റായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന അജിത്തിന്റെ വലിമൈയിലാകട്ടെ, ബൈക്ക് സ്റ്റണ്ടുകള്‍ക്ക് വലിയ പ്രാധാന്യവുമുണ്ട്. പ്രഗത്ഭരായ പരിശീലകരുടെ സഹായത്തോടെ നിയന്ത്രണ വിധേയമായ പശ്ചാത്തലത്തിലാണ് സിനിമയിലെ ഓരോ രംഗങ്ങളും ചിത്രീകരിച്ചത്. ഇത്രയേറെ സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയിട്ടും ചിത്രീകരണത്തിനിടെയുണ്ടായ അപകടങ്ങളിലായി നട്ടെല്ലിനേറ്റ ഗുരുതര പരിക്കടക്കം നടന് ഒട്ടേറെ പരിക്കേറ്റിരുന്നെന്ന് തുറന്നുപറയുകയാണ് വര്‍ഷങ്ങളായി അജിത്തിനെ ചികിത്സിക്കുന്ന ഡോക്ടര്‍ നരേഷ് പത്മനാഭന്‍.

സിനിമയില്‍ താന്‍ ചെയ്യുന്ന സാഹസികമായ സ്റ്റണ്ട് രംഗങ്ങളില്‍നിന്ന് തന്റെ പ്രേക്ഷകരിലേക്ക് തെറ്റായ സന്ദേരങ്ങളെത്തുമോ എന്ന ആശങ്ക അജിത്തിന് എക്കാലത്തുമുണ്ടായിരുന്നെന്ന് ഡോക്ടര്‍ പറയുന്നു. ‘വലിമൈയില്‍ അജിത്ത് ബൈക്കില്‍നിന്നും താഴേക്ക് വീഴുന്ന രംഗങ്ങളുണ്ട്. സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ അദ്ദേഹത്തിന് നാലോ അഞ്ചോ തവണ പരിക്കേറ്റിരുന്നു. ജീവിതത്തില്‍ വീണു പോയാലും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കണം എന്ന സന്ദേശമാണ് അദ്ദേഹം സിനിമയിലൂടെ പ്രേക്ഷകരിലേക്ക് നല്‍കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്’, ഓര്‍ത്തോപീഡിക് സര്‍ജന്‍ കൂടിയായ ഡോ. നരേഷ് പത്മനാഭന്‍ പറയുന്നു.

യഥാര്‍ത്ഥ ജീവിതത്തില്‍ പൊതുവഴിയില്‍ ബൈക്ക് സ്റ്റണ്ട് നടത്തുന്നതിനുള്ള അനുവാദമായി ചിത്രത്തെ കാണരുതെന്നും അദ്ദേഹം വിശദീകരിക്കുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടെ വിവിധ ചിത്രങ്ങള്‍ക്കായി സ്റ്റണ്ട് രംഗങ്ങളില്‍ അഭിനയിച്ചതിന്റെ ഭാഗമായി അജിത്തിന്റെ നട്ടെല്ലിനും തോളിനും കാലുകള്‍ക്കും ഗുരുതര പരിക്കുകളുണ്ടാവുകയും അദ്ദേഹം പല ശസ്ത്രക്രിയക്കും വിധേയനായിട്ടുണ്ടെന്നും ഡോക്ടര്‍ തുറന്നുപറഞ്ഞു.

‘ഇത്രയൊക്കെ അപകടങ്ങളുണ്ടായിട്ടും അജിത്ത് ഇന്നും ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍, അത് ഡോക്ടര്‍മാരുടെ ഇടപെടലുകള്‍കൊണ്ടും ദൈവകൃപകൊണ്ടും അദ്ദേഹത്തിന്റെ ഇച്ഛാശക്തികൊണ്ടും മാത്രമാണ്. ഇത്രയേറെ പരിക്കുകളിലൂടെയും ശസ്ത്രക്രിയകളിലൂടെയും കടന്നുപോയവര്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നവര്‍ വിരളമാണ്’, ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

അപടകങ്ങളില്‍ പലതും അജിത്തിനെ പക്ഷാഘാതത്തിന്റെ വക്കില്‍വരെ എത്തിച്ചിരുന്നു. ‘നട്ടെല്ലിനോട് ചേര്‍ന്ന കഴുത്തിന്റെ പിന്‍ഭാഗത്ത് (സെര്‍വിക്കല്‍ സ്‌പൈന്‍) രണ്ട് തവണ ശസ്ത്രക്രിയ നടത്തിയിരുന്നു. നട്ടെല്ലില്‍നിന്നും നാഡീവ്യവസ്ഥയ്ക്ക് സമ്മര്‍ദ്ദം ചെലുത്തിയിരുന്ന ഒരു അസ്ഥി നീക്കം ചെയ്തിരുന്നു. നട്ടെല്ലിന്റെ താഴേഭാഗത്ത് ഒരു ഒടിവുണ്ടായത് അദ്ദേഹത്തെ പക്ഷാഘാതത്തിന്റെ വക്കിലെത്തിച്ചിരുന്നു. നട്ടെല്ലില്‍ ഒരു തുറന്ന ശസ്ത്രക്രിയയും നടത്തി. കാല്‍മുട്ടുകളിലും തോളുകളിലും ലിഗമെന്റ് പരിക്കിന് ശസ്ത്രക്രിയകള്‍ നടത്തി. കൈകളിലെ മസിലുകള്‍ക്ക് ടെന്‍ഡോണ്‍ ടിയര്‍ സംഭവിക്കുകയും അവ ശസ്ത്രക്രിയകളിലൂടെ തുന്നിച്ചേര്‍ക്കുകയുമുണ്ടായി’, ഡോക്ടര്‍ വിശദീകരിച്ചു.

ഡമ്മിയില്ലാതെയാണ് വലിമൈയിലെ ഭൂരിഭാഗം സ്റ്റണ്ട് രംഗങ്ങളും അജിത്ത് ചിത്രീകരിച്ചത്. ‘അജിത്ത് അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമുള്ള നടനാണ്. അദ്ദേഹം തന്റെ തൊഴിലിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അതുകൊണ്ടാണ് അദ്ദേഹം അതില്‍ അത്ര സമര്‍പ്പിച്ചിരിക്കുന്നതും. ഒരുതവണ ബൈക്ക് സ്റ്റണ്ട് ചിത്രീകരണത്തിനിടെ അദ്ദേഹം തെറിച്ച് താഴെ വീണു. പിറ്റേന്ന് രാവിലെ ഏഴുമണിക്ക് അദ്ദേഹം സെറ്റിലെത്തി. വലിമൈ കണ്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആ രംഗം ഏതെന്ന് മനസിലാവും’, അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ രംഗങ്ങള്‍ കണ്ട് ആരും ബൈക്ക് സ്റ്റണ്ട് പോലുള്ള സാഹസികതകള്‍ക്ക് മുതിരരുതെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ അജിത്തിന്റെ ആദ്യ ചിത്രം കൂടിയാണിത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

UPDATES
STORIES