കാത്തിരിപ്പുകള്‍ക്ക് വിട; അജിത്തിന്റെ വലിമൈയ്ക്ക് റിലീസ് തിയതിയായി

സിനിമാ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന തെന്നിന്ത്യന്‍ താരം അജിത് കുമാറിന്റെ ബിഗ് ബജറ്റ് ചിത്രം വലിമൈയുടെ റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തുമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നിര്‍മ്മാതാവ് ബോണി കപൂറാണ് ഇക്കാര്യം അറിയിച്ചത്.

ജനുവരി 14ന് എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം കൊവിഡ് രൂക്ഷമായതിനെത്തുടര്‍ന്ന് റിലീസ് നീട്ടിവെക്കുകയായിരുന്നു. കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതോടെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.

അജിത്തിന് പുറമേ, ഹുമ ഖുറേഷിയും കാര്‍ത്തികേയ ഗുമ്മകൊണ്ടയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എച്ച് വിനോദിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ രാജ് അയ്യപ്പ, യോഗി ബാബു, ഗുര്‍ബാനി, പുഗഴ്, അച്യുത് തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളായെത്തുന്നു. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം.

പാന്‍ ഇന്ത്യന്‍ റിലീസായാണ് വലിമൈ എത്തുന്നത്. ആദ്യമായാണ് അജിത്തിന്റെ ഒരു ചിത്രം പാന്‍ ഇന്ത്യാ റിലീസിന് എത്തുന്നത്. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന അജിത് ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഈ പ്രതീക്ഷയെ ഉയര്‍ത്തിയാണ് ടീസറും ട്രെയ്ലറുമെല്ലാം എത്തിയതും. നിഗൂഢമായ ഒരു കേസ് അന്വേഷിക്കാനെത്തുന്ന പൊലീസുദ്യോഗസ്ഥന്റെ വേഷമാണ് അജിത്തിന്റേത്. കാര്‍ത്തികേയയുടെ വില്ലന്‍ വേഷമടക്കം നിരവധി താരങ്ങളാല്‍ സമ്പന്നമാണ് ചിത്രം.

അജിത്തിനെ കേന്ദ്രകഥാപാത്രമാക്കി ‘നേര്‍ക്കൊണ്ട പാര്‍വൈ’ ഒരുക്കിയ ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വലിമൈ. വിനോദിന്റെ തന്നെയാണ് തിരക്കഥയും. ആക്ഷന്‍ ത്രില്ലറായാണ് ചിത്രമെത്തുന്നത്. ബേവ്യൂ പ്രൊജക്ട്സിന്റെ ബാനറില്‍ ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം.

UPDATES
STORIES