പാന്‍ ഇന്ത്യന്‍ റിലീസിന് തയ്യാറെടുത്തിരിക്കുകയാണ് രണ്ടര വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അജിത് നായകനായെത്തുന്ന ‘വലിമൈ’. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രമെത്തുക എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ആദ്യമറിയിച്ചതെങ്കിലും മലയാളം, കന്നഡ ഭാഷകളിലും റിലീസുണ്ടാവും. ഇതോടെ ചിത്രം അഞ്ച് ഭാഷകളിലുമെത്തുമെന്ന് ഉറപ്പായി. ആദ്യമായാണ് അജിത്തിന്റെ ഒരു ചിത്രം പാന്‍ ഇന്ത്യാ റിലീസിന് എത്തുന്നത്.
അജിത് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഈ പ്രതീക്ഷയെ ഉയര്‍ത്തിയാണ് ടീസറും ട്രെയ്ലറുമെല്ലാം എത്തിയതും. നിഗൂഢമായ ഒരു കേസ് അന്വേഷിക്കാനെത്തുന്ന പൊലീസുദ്യോഗസ്ഥന്റെ വേഷമാണ് അജിത്തിന്റേത്. കാര്‍ത്തികേയയുടെ വില്ലന്‍ വേഷമടക്കം നിരവധി താരങ്ങളാല്‍ സമ്പന്നമാണ് ചിത്രം. ജനുവരി 13ന് വലിമൈ തിയേറ്ററുകളിലെത്തും.
അജിത്തിനെ കേന്ദ്രകഥാപാത്രമാക്കി ‘നേര്‍ക്കൊണ്ട പാര്‍വൈ’ ഒരുക്കിയ ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വലിമൈ. വിനോദിന്റെ തന്നെയാണ് തിരക്കഥയും. ആക്ഷന്‍ ത്രില്ലറായാണ് ചിത്രമെത്തുന്നത്.
ബേവ്യൂ പ്രൊജക്ട്സിന്റെ ബാനറില്‍ ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. യുവന് ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.