‘മാറളിയാ…’; അജുവിനെ ടൊവിനോ കറക്കിയെറിഞ്ഞതിങ്ങനെ

മിന്നൽ മുരളി ഹിറ്റായപ്പോൾ കൂടെ ഹിറ്റായ ചില ഡയലോഗുകൾ കൂടിയുണ്ട്. അതിൽ ഏറെ ചിരിയുണർത്തിയ ഒന്നായിരുന്നു “മാറാലാഹ” അഥവാ “മാറളിയാ..” തന്റെ അളിയൻ ജെയ്സണാണ് മിന്നൽ മുരളി എന്ന് സംശയം തോന്നിയ അജു വർഗീസിന്റെ കഥാപാത്രം പോത്തൻ അതു കണ്ടു പിടിക്കാൻ ജെയ്സൺന്റെ വീട്ടിലെത്തുന്നതും തിരക്കിട്ട് പുറത്തു പോകുന്ന ജെയ്സൺ “മാറളിയാ” എന്ന് പറഞ്ഞ് അജുവിനെ എടുത്ത് കറക്കുന്നതുമായ വീഡിയോയുടെ മേക്കിങ് വിഷ്വൽസാണ് അജു വർഗീസ് ഇപ്പോൾ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

‘അപ്പോൾ അവൻ ആണ് ഇവൻ’ എന്ന ടൈറ്റിലും മാറളിയാ എന്ന ഹാഷ്ടാഗും ചേർത്താണ് അജു വീഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് അജുവിന്റെ പോസ്റ്റിന് താഴെ വരുന്നത്.

നെറ്റ്ഫ്‌ളിക്‌സ് വഴി റിലീസായ ടൊവിനോ തോമസ്-ബേസില്‍ ജോസഫ് ചിത്രം രണ്ടാഴ്ച പിന്നിടുമ്പോള്‍ ആഗോള റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ്. നിലവില്‍ മുപ്പത് രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റില്‍ മിന്നല്‍ മുരളിയുണ്ട്.

ക്രിസ്തുമസിന് ഒടിടി റിലീസായെത്തിയ ചിത്രം ആദ്യ ആഴ്ച തന്നെ ഏഷ്യന്‍ രാജ്യങ്ങളില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഫ്രിക്കന്‍, അമേരിക്കന്‍ രാജ്യങ്ങളിലും മിന്നലടിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം വാരമാണ് നെറ്റ്ഫ്‌ളിക്‌സിന്‌റെ ഗ്ലോബല്‍ ടോപ്പ് 10ല്‍ മിന്നല്‍ മുരളി ഇടംപിടിക്കുന്നത്. അതേസമയം ഏഷ്യയില്‍ ഇന്ത്യയില്‍ ടോപ്പ് 10ല്‍ ഒന്നാം സ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംവാരവും തുടരുകയാണ്.

ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ വിഭാഗത്തില്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി രണ്ട് വരെയുള്ള കാലയളവിലാണ് ‘മുരളി’ നേട്ടം കൊയ്തിരിക്കുന്നത്. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ചിത്രം. ലുല്ലി, വിക്കി ആന്‍ഡ് ഹെര്‍ മിസ്റ്ററി എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 1.14 കോടി മണിക്കൂറുകളുടെ കാഴ്ചയാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സിന് നേടിക്കൊടുത്തിരിക്കുന്നത്.

UPDATES
STORIES