താരമായും നടിയായും ആലിയ എന്ന ‘ഹോണ്ടഡ് മെലഡി’

‘ഗംഗുഭായ് കത്തിയാവാടി’ ബോക്സ്‌ ഓഫീസ് റെക്കോർഡുകളെ മറി കടന്നു കൊണ്ട് വൻ തരംഗമായിരിക്കുന്ന സമയത്താണ് ആലിയ ഭട്ട് തന്റെ പിറന്നാൾ ആഘോഷിക്കുന്നത്. കോവിഡിന്റെ എല്ലാ ഭീകരതകളെയും അതിജീവിച്ച തീയറ്ററുകൾ ഇന്ത്യയിൽ സജീവമാകുന്നതേ ഉള്ളൂ. അപ്പോൾ തന്നെ സോളോ ഇൻഡസ്ട്രിയൽ ഹിറ്റ്‌ ഉണ്ടാവുക എന്നത് ഒരു സ്ത്രീ താരത്തെ സംബന്ധിച്ച് ഇന്ത്യൻ സിനിമാ ഇൻടസ്ട്രിയിൽ വലിയ നേട്ടമാണ്. അറിഞ്ഞും അറിയാതെയും ‘ഫോർ മോസ്റ്റ് ഓഫ് ദി ഹിസ്റ്ററി, അൺനോൺ വാസ് എ വുമൺ’ എന്ന സത്യത്തെ പോപ്പുലർ സിനിമക്ക് മാറ്റി എഴുതേണ്ടി വന്ന അപൂർവം അവസരമായി അത് മാറും, ആലിയ ഭട്ട് ടൈറ്റിൽ റോളിൽ വരുന്നത് കൊണ്ട് മാത്രമല്ല ഈ മാറ്റം, ആ സിനിമ തുടക്കം മുതൽ ഒടുക്കം വരെ ആലിയയുടേത് മാത്രമാണ് എന്നത് കൊണ്ട് കൂടിയാണത്. അതിനപ്പുറം ഇവിടെ അര നൂറ്റാണ്ട് മുൻപ് ജീവിച്ചു മരിച്ച ഒരു സ്ത്രീയുടെ സമര ജീവിതത്തെ അടയാളപ്പെടുത്തിയ സിനിമ കൂടിയാണിത്.

ഗംഗുഭായ് കാത്തിയാവാടിയിൽ ആലിയ

ഇവിടെ നല്ല നടൻ / നടി ഒക്കെ ഉണ്ടോ എന്നത് വലിയ ചർച്ചയാവുന്ന ഒരു കാലത്താണ് നമ്മളുള്ളത്. സ്വാഭാവികമായും അഭിനയം കാല ദേശാന്തരങ്ങൾക്കനുസരിച്ച് മാറുന്ന ഒന്നാണ്. സിനിമ എന്നത് പോലെ അഭിനയവും മാറി കൊണ്ടിരിക്കുന്ന ഒന്നായത് കൊണ്ട് തന്നെ അഭിനയത്തെ എങ്ങനെ ഏത് അളവ് കോൽ ഉപയോഗിച്ചു വിലയിരുത്തും എന്നത് വളരെ പ്രശ്നാത്മകമായ ഒന്നാണ്. ബോളിവുഡിൽ നിന്നിറങ്ങുന്ന പോപ്പുലർ സിനിമകളിൽ ഉള്ള താരങ്ങളെ വിലയിരുത്തുമ്പോൾ അത് ഒന്നുകൂടി കഠിനമാകും. സാമൂഹികമായും സാസ്‌കാരികമായും മാറുമ്പോഴും ബോക്സ്‌ ഓഫീസിന് അനുസരിച്ച് കുറെ സ്ഥിരം താരങ്ങളും പ്രൊഡക്ഷൻ ഹൗസുകളും സംവിധായകരും അതിജീവിക്കുന്ന, ലോകത്തെ ഏറ്റവും വലിയ വ്യവസായ മേഖലയാണത്. അവിടെ ഏത് അർത്ഥത്തിൽ നോക്കിയാലും കാലത്തിനനുസരിച്ച് മാറുന്നവർ / അതിജീവിക്കുന്നവർ തന്നെയാണ് താരങ്ങൾ. ആ ഇടത്തിൽ പല നിലക്ക് തന്നെ അടയാളപ്പെടുത്തി കൊണ്ട് തന്നെയാണ് ആലിയ സജീവമാകുന്നതും ചർച്ചയാവുന്നതും നിലനിൽക്കുന്നതും.

ആലിയ ഇന്നാഘോഷിക്കുന്നത് അവരുടെ 29-ാം പിറന്നാൾ ആണ്. അവരുടെ ആദ്യ സിനിമ റിലീസ് ആവുന്നത് 2012 ലാണ്. കഷ്ടിച്ച് 20 വയസ് പ്രായമുള്ള അവർ ആദ്യ സിനിമ ‘സ്റ്റുഡന്റ് ഓഫ് ദി ഇയർ’ റിലീസിന് ശേഷം നേരിട്ടത് അഭിനന്ദനങ്ങളെക്കാളേറെ വിമർശനങ്ങളായിരുന്നു. ഇന്നും അവർ നേരിടുന്ന നെപ്പോട്ടിസം വിമർശനങ്ങൾ അന്ന് തുടങ്ങിയതാണ്. ‘സ്റ്റുഡന്റ് ഓഫ് ദി ഇയർ’ ഒരു ടിപ്പിക്കൽ കരൺ ജോഹർ സിനിമ ആയിരുന്നു. ത്രികോണ പ്രണയവും ബന്ധങ്ങളിലെ ആശയക്കുഴപ്പവും ഒക്കെ പ്രധാന പ്രമേയമായി വരുന്ന ബോളിവുഡിലെ എല്ലാ പോപ്പുലർ ഫോർമുലകളും ഒത്തുചേർന്ന ഒരു സിനിമ. തന്റെ ശരീര ഭാരം 13 കിലോയിൽ അധികം കുറച്ച് ആ സിനിമയിൽ ഒരു ടിപ്പിക്കൽ ബോളിവുഡ് നടിയുടെ ശരീര ഭാഷ കൈ വരിക്കാൻ നടത്തിയ ശ്രമങ്ങളെ കുറിച്ച് ആലിയ തന്നെ പല വട്ടം പറഞ്ഞിട്ടുണ്ട്. സിനിമ വലിയ വാണിജ്യ വിജയം നേടി. ആദ്യ സിനിമ കൊണ്ട് തന്നെ ആരാധകരേയും വിമർശകരേയും ഒരു പോലെ നേടി ആലിയ സിനിമാ ലോകത്തെ ചർച്ചയായി മാറി. താര പുത്രി എന്ന അമിത ഭാരം കൊണ്ട് കൂടിയാവണം അന്ന് മുതൽ ഗോസിപ് കോളങ്ങളും അവരുടെ പുറകെ കൂടി.

സ്റ്റുഡന്റ് ഓഫ് ദി ഇയറിൽ ആലിയ

തുടർന്നും അവർക്ക് നിരന്തരം സിനിമകൾ കിട്ടി. പോപ്പുലർ സിനിമകൾ ചിലത് വിജയിക്കുകയും ചിലത് ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ഒരുപക്ഷെ ആലിയയുടെ കരിയറിലെ ടേണിങ് പോയിന്റ് 2014 ൽ ഇറങ്ങിയ ‘ഹൈവേ’ ആയിരിക്കും. അവരിലെ നടിയുടെ, രൂപത്തിന്റെ ഒക്കെ സാധ്യതകൾ പൂർണമായും ആദ്യമായി വെളിച്ചത്ത് കൊണ്ട് വന്ന സിനിമ ‘ഹൈവേ’ ആയിരുന്നു. ഒരുപാട് അടരുകൾ ഉള്ള സിനിമയായിരുന്നു ‘ഹൈവേ’. വീര എന്ന ആലിയയുടെ കഥാപാത്രമാണ് ഒരർത്ഥത്തിൽ സിനിമയുടെ ആത്മാവ്. അവർ കടന്നു പോകുന്ന ശാരീരികമായ ആക്രമണങ്ങളും മാനസികവും വൈകാരികവുമായ അരക്ഷിതത്വങ്ങളും ഒക്കെ ആലിയയുടെ കയ്യിൽ ഭദ്രമായിരുന്നു. അവരിലെ നടി ആദ്യമായി അംഗീകരിക്കപ്പെട്ടതും ഒരുപക്ഷെ ‘ഹൈവേ’യിലൂടെ ആവാം. അതെ വർഷം തന്നെ പുറത്ത് വന്ന ‘ടു സ്റ്റേറ്റ്സ്’ ആവട്ടെ ‘ഹൈവേ’യിൽ നിന്ന് തീർത്തും വ്യത്യസ്തമായി ആലിയയെ അടയാളപ്പെടുത്തി. തമിഴ് ഒറിജിൻ ഉള്ള അനന്യ പ്രണയ ബന്ധത്തിനും സ്വത്വത്തിനുമിടയിൽ കഷ്ടപ്പെടുന്ന ഒരാളായിരുന്നു. ഒരേ സമയം പോപ്പുലർ സിനിമയുടെ കളക്ഷൻ റെക്കോർഡുകൾക്കും സിനിമയെന്ന ആർട്ട്‌ ഫോമിനെ സ്നേഹിക്കുന്നവർക്കും ആലിയ പ്രിയപ്പെട്ടവളായി.

ഹൈവേയിൽ ആലിയ

‘ഉഡ്താ പഞ്ചാബി’ലെ ബീഹാറി അഭയാർത്ഥി, ‘റാസി’യിലെ അണ്ടർകവർ സ്‌പൈ, ‘ഗള്ളി ബോയി’ലെ കാമുകി ഒക്കെ ഒരുപാട് വ്യതിരിക്തതകൾ ഉള്ള, സ്വയം അടയാളപ്പെടുത്തപ്പെടുന്ന കഥാപാത്രങ്ങളാണ്. ഇതിനിടയിൽ ‘ഹംറ്റി ശർമ്മ കി ദുൽഹനിയ’യിലും ‘സടക് 2’ വിലും അവർ പ്രത്യക്ഷപ്പെട്ടു. ‘ഡിയർ സിന്ദഗി’യിലാവട്ടെ കമിങ് ഓഫ് ദി ഏജ് എന്ന പെൺകുട്ടികൾക്ക് അധികം നല്കാത്ത സാധ്യതയെ ആലിയക്ക് നൽകി സംവിധായിക വിജയിപ്പിച്ചു. പ്രണയത്തിന്റെ ഒരു സാധ്യതയും ഇല്ലാത്ത ഒരു ബന്ധത്തെ ഓൺ സ്ക്രീൻ കെമിസ്ട്രി കൊണ്ട് ആലിയയും ഷാരൂഖ് ഖാനും വിജയിപ്പിച്ച കഥ ‘ഡിയർ സിന്ദഗി’യുടെ അപൂർവതയാണ്.

ബോളിവുഡ് പോലൊരു സിനിമാ മേഖലയിൽ കരിയറിന്റെ തുടക്ക കാലത്തെങ്കിലും താരമാവുകയും അഭിനയ സാധ്യതയുള്ള റോളുകൾ പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകൾക്ക് വെല്ലുവിളി തന്നെയാണ്. താരമൂല്യമുള്ള ഒരു നടിക്ക് അഭിനയ സാധ്യതകളെ എത്രമാത്രം ഉപയോഗിക്കാൻ പറ്റും എന്നത് സംശയമാണ്. പക്ഷെ കരിയറിന്റെ തുടക്കകാലം മുതൽ ആലിയ ഈ രണ്ട് വൈരുദ്ധ്യങ്ങളെ ഒന്നിച്ചു പേറി കയ്യടി വാങ്ങുന്നു. തന്റെ സഹതാരങ്ങളിൽ പലരും ഈ ആരോപിക്കപ്പെട്ട നെപ്പോട്ടിസത്തിന്റെ അടക്കം സാധ്യതകളുമായി തനിക്ക് ചുറ്റും നിൽകുമ്പോൾ തന്നെയാണ് അവർ ഈ നേട്ടം കൈവരിക്കുന്നത്.

ഉഡ്ത പഞ്ചാബ്

‘ഹോണ്ടഡ് മെലഡി’ എന്ന വാക്ക് ഓർമ വരും ആലിയയുടെ ചില സിനിമകളിലെ അഭിനയം കണ്ടാൽ. ഭീകരമായ ചൈൽഡ്ഹുഡ് ട്രോമ അതിജീവിച്ചു വന്ന ഒരു കൗമാരക്കാരിയെ അവരുടെ മുഖം, ചലനങ്ങൾ ഒക്കെ ഓർമിപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്. അത് അവരുടെ ആഴമുള്ള പല കഥാപാത്രങ്ങൾക്കും ഗുണം ചെയ്തിട്ടും ഉണ്ട്. ‘ഹൈവേ’ മുതൽ ‘ഗംഗുഭായ്’ വരെയുള്ള പല കഥാപാത്രങ്ങളും പല കാണികളിലും എമ്പതി ഉണ്ടാക്കുന്നത് അത് കൊണ്ട് കൂടിയായിരിക്കും. പ്രണയം, വിരഹം, ഭയം, അതിജീവനം, മാനസിക അരക്ഷിതത്വം തുടങ്ങി പല വികാരങ്ങളും പലപ്പോഴും സ്വഭാവികമായി അവർ പ്രേക്ഷകരിൽ എത്തിച്ചു.

റാസി

റിയലിസ്റ്റിക് സിനിമകൾ ചർച്ചയാവുന്ന കാലത്താണ് ഇന്ത്യൻ പോപ്പുലർ സിനിമ നിൽക്കുന്നത്. ബോളിവുഡിലും റിയലിസ്റ്റിക് സിനിമ വേവ് വലിയ ചർച്ചയായി വരുകയും അത്തരം സിനിമകളും സീരിസുകളും ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ബിഹേവിയറൽ സ്വഭാവമുള്ള വളരെ സട്ടിൽ ആയ അഭിനയം ആണ് ഇപ്പോൾ അധികം ചർച്ചയാറുള്ളതും. പക്ഷെ ആലിയയുടെ അഭിനയം ലൗഡ് ആണ്. ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന അവരുടെ പല കഥാപാത്രങ്ങളും ലൗഡ് ആയ പ്രകടനം കൊണ്ട് ശ്രദ്ധ നേടിയവയാണ്. അത്തരം കഥാപാത്രങ്ങൾ ആലിയയിൽ എത്തുമ്പോൾ അവർക്ക് പ്രത്യേക ഭംഗി തോന്നാറുണ്ട്. ‘ഗംഗുഭായ്’ അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ്. അതേസമയം ‘ഡിയർ സിന്ദഗി’ പോലുള്ള സിനിമകൾ അവരുടെ സട്ടിലിറ്റിയെ നന്നായി തന്നെ ഉപയോഗിച്ച സിനിമയാണ്.

ഡിയർ സിന്ദഗി

ഇനി ഇറങ്ങാൻ ഉള്ള ആലിയ സിനിമകളും അവരുടെ താര പരിവേഷത്തെയും അവരിലെ നടിയെയും ഉപയോഗിക്കുന്നവയാണ്. ഒരു നടി ഇങ്ങനെ താരമായും നടിയായും ഒരുപോലെ നിലനിൽക്കുന്നത് ചെയ്യുന്നത് സന്തോഷമുള്ള കാഴ്ചയാണ്. ബോക്സ്‌ ഓഫീസ് റെക്കോർഡുകൾക്കിടയിൽ ഒരു സ്ത്രീ പിറന്നാൾ ആഘോഷിക്കുന്നത് അപൂർവമായ ഒരു നേട്ടവും.

UPDATES
STORIES