‘ഫഹദ്, മറ്റൊരു മാതൃഭൂമിയില്‍നിന്നുള്ള എന്റെ സഹോദരന്‍’; അല്ലു അര്‍ജുന്‍

അല്ലു അര്‍ജുന്റെ ബിഗ് ബജറ്റ് ചിത്രം പുഷ്പ അനൗണ്‍സ് ചെയ്തതു മുതല്‍ മലയാളി സിനിമാ ആരാധകര്‍ ഒരുപോലെ കാത്തിരിക്കുന്നത് ചിത്രത്തിലെ ഫഹദിന്റെ വില്ലന്‍ വേഷത്തിനായാണ്. പുഷ്പാ ട്രെയിലറിലെ ഒറ്റ സീനിലെ താരത്തിന്റെ പ്രകടനത്തിനു വരെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഫഹദിന്റെ അഭിനയത്തെക്കുറിച്ചുള്ള അഭിപ്രായം പരസ്യമാക്കിയിരിക്കുകയാണ് അല്ലു അര്‍ജുന്‍.

‘ധന്‍വര്‍സിങ് ശെഖാവത്ത് ആയാണ് ഫഹദ് ഫാസില്‍ എത്തുന്നത്. മറ്റൊരു മാതൃഭൂമിയില്‍നിന്നുള്ള എന്റെ സഹോദരന്‍. നന്ദി ഫഹദ്… എന്റെ സഹോദരന്‍. പുഷ്പയില്‍ ധന്‍വര്‍സിങ് ശെഖാവത്തായി നിങ്ങള്‍ ഒപ്പമുണ്ടായതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഉടനെത്തന്നെ വീണ്ടും കാണാമെന്ന് പ്രതീക്ഷിക്കട്ടെ. ഒരു നടനെന്ന നിലയില്‍ നിങ്ങളെ ഞാന്‍ ഒരുപാട് ബഹുമാനിക്കുന്നു’, ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ പരിപാടിയില്‍ അല്ലു അര്‍ജുന്‍ പറഞ്ഞു.

അല്ലു അര്‍ജുന്‍-രശ്മിക മന്ദാന കോമ്പിനേഷനിലെത്തുന്ന ചിത്രത്തില്‍ വില്ലന്‍ വേഷമാണ് ഫഹദിന്റേത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. രണ്ടുഭാഗമായിട്ടാണ് പുഷ്പ എത്തുക. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്.

ഫഹദ് ഫാസില്‍ രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണെന്ന് അല്ലു അര്‍ജുന്‍ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘അദ്ദേഹത്തിന്റെ രീതികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. പ്രോംപ്ട് ചെയ്ത് അഭിനയിക്കുന്ന രീതി അദ്ദേഹം സ്വീകരിക്കാറില്ല. അതെന്നെ അത്ഭുതപ്പെടുത്തി. ഡയലോഗുകള്‍ സ്വയം എഴുതിപ്പഠിച്ചാണ് അദ്ദേഹം പറയുന്നത്. ഭാഷ അറിയാത്ത ഒരു നടന്‍ അങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. തെലുങ്ക് നന്നായി സംസാരിക്കുന്ന ആളെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണം’, അദ്ദേഹം പറഞ്ഞു.

അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ ആര്യയുടെ സംവിധായകന്‍ സുകുമറാണ് പുഷ്പയും ഒരുക്കുന്നത്. ദേവി ശ്രീ പ്രസാദിന്റേതാണ് സംഗീതവും സൗണ്ട് ട്രാക്കും. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌കിന്റേതാണ് ക്യാമറ. സൗണ്ട് എഞ്ചിനീയറായി റസൂല്‍ പൂക്കുട്ടി എത്തുന്നു. കാര്‍ത്തിക് ശ്രീനിവാസാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്ന ചിത്രം ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തും.

UPDATES
STORIES