‘പുഷ്പ: ദി റൂളി’ല്‍ ഇരട്ടി പ്രതിഫലമോ?; അല്ലു അർജുന്‍ ആവശ്യപ്പെട്ടത് 100 കോടിയെന്ന് സൂചന

പാന്‍ ഇന്ത്യന്‍ ഹിറ്റായ ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിനുശേഷം രണ്ടാം ഭാഗമായ ‘പുഷ്പ: ദ റൂളി’ന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. ഒന്നാം ഭാഗത്തില്‍ ആവേശം കൊള്ളിച്ച പുഷ്പരാജ് എന്ന മാസ് ഹീറോയുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇതിനിടെ ‘പുഷ്പ ദ റൂളി’നെ വീണ്ടും വാർത്തകളില്‍ സജീവമാക്കുകയാണ് ഒരു പുതിയ അഭ്യൂഹം. ചിത്രത്തിലെ അല്ലു അർജുന്റെ പ്രതിഫലമാണ് അഭ്യൂഹങ്ങളുടെ വിഷയം.

രണ്ടാം ഭാഗത്തിനായി തയ്യാറാകുന്ന താരം ആദ്യഭാഗത്തിന്റെ ഇരട്ടി പ്രതിഫലമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് അഭ്യൂഹം. ‘പുഷ്പ ദ റെെസി’ല്‍ 50 കോടിയായിരുന്നു താരത്തിന്റെ പ്രതിഫലമെന്നായിരുന്നു റിപ്പോർട്ടുകള്‍. ഈ സാഹചര്യത്തില്‍ ‘പുഷ്പ: ദ റൂളി’ല്‍ 100 കോടിയാണ് നടന്‍ പ്രതിഫലമായി മുന്നോട്ടുവയ്ക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍. റിപ്പോർട്ടില്‍ താരമോ നിർമ്മാതാക്കളോ ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ലെങ്കിലും ചിത്രത്തോട് അടുത്ത് നില്‍ക്കുന്ന ചില വൃത്തങ്ങള്‍ സൂചന ശരിവെച്ചതായാണ് വിവരം.

സൂചന ശരിയാണെങ്കില്‍, ‘പുഷ്പ: ദി റൂൾ’ റിലീസാകുന്നതോടെ തെലുങ്ക് സിനിമ മേഖലയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി അല്ലു അർജുൻ മാറും. ഇന്‍ഡസ്ട്രിയിലെ ആദ്യ പാന്‍ ഇന്ത്യന്‍ നടന്‍ എന്ന നിലയ്ക്ക് ഈ കൂറ്റന്‍ പ്രതിഫലം താരം അർഹിക്കുന്നുണ്ടെന്നാണ് ഒരു വിഭാഗം ആരാധകരുടെ പ്രതികരണം.

ഈ വർഷം തന്നെ ചിത്രീകരണം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം അടുത്തവർഷം ആദ്യത്തോടെ തിയറ്ററുകളിലെത്തുമെന്നാണ് സൂചന. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കന്നഡ, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്.

കെജിഎഫ് രണ്ടാം ഭാഗത്തിന്റെ വലിയ വമ്പന്‍ വിജയം കണക്കിലെടുത്ത് കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ക്കായി ചിത്രീകരണം താത്കാലികമായി നീട്ടിവെച്ചു എന്നതായിരുന്നു പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തെക്കുറിച്ച് ഏറ്റവും അവസാനമായി ലഭിച്ച റിപ്പോർട്ട്.

UPDATES
STORIES