ഫഹദ് ഫാസില്‍ രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണെന്ന് അല്ലു അര്ജുന്. ഫഹദിന്റെ മിക്ക സിനിമകളും കണ്ടിട്ടുണ്ട്. ഫഹദ് അഭിനയിക്കുന്നത് നേരിട്ട് കാണാന്‍ സാധിച്ചത് സന്തോഷകരമായിരുന്നെന്നും അദ്ദേഹം പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തുന്ന ബിഗ്ബജറ്റ് ചിത്രം ‘പുഷ്പ’യുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലായിരുന്നു അല്ലു അര്ജുന് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഫഹദ് അസാമാന്യ നടനാണ്. പുഷ്പയിലേത് ഒരു സാധാരണ വില്ലന്‍ വേഷമല്ല. അതുകൊണ്ടുതന്നെ ആ വേഷം ചെയ്യാന്‍ ഒരു മികച്ച നടനെ തന്നെ ആവശ്യമായിരുന്നു. ഫഹദിനെപ്പോലെ സ്റ്റാര്വാല്യുവും അഭിനയമികവുമുള്ള ഒരാളെയാണ് ഞങ്ങള്‍ തേടിയിരുന്നത്. കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായി’, അല്ലു അര്ജുന് പറയുന്നതിങ്ങനെ.
ഫഹദിനോടൊപ്പം അഭിനയിക്കുകയെന്നത് തനിക്ക് മികച്ച അനുഭവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘അദ്ദേഹത്തിന്റെ രീതികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. പ്രോംപ്ട് ചെയ്ത് അഭിനയിക്കുന്ന രീതി അദ്ദേഹം സ്വീകരിക്കാറില്ല. അതെന്നെ അത്ഭുതപ്പെടുത്തി. ഡയലോഗുകള്‍ സ്വയം എഴുതിപ്പഠിച്ചാണ് അദ്ദേഹം പറയുന്നത്. ഭാഷ അറിയാത്ത ഒരു നടന് അങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. തെലുങ്ക് നന്നായി സംസാരിക്കുന്ന ആളെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണം’.
അല്ലു അര്ജുന്-രശ്മിക മന്ദാന കോമ്പിനേഷനിലെത്തുന്ന ചിത്രത്തില്‍ വില്ലന്‍ വേഷമാണ് ഫഹദിന്റേത്. രണ്ടുഭാഗമായിട്ടാണ് പുഷ്പ എത്തുക. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണുള്ളത്.
കഴിഞ്ഞ ദിവസം നടി സാമന്ത ചുവടുകള്‍ വെക്കുന്ന ചിത്രത്തിലെ പാര്‍ട്ടി ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവന്നിരുന്നു. ചിത്രത്തിലെ ഹൈലൈറ്റായ ഈ ഗാനരംഗത്തിലെ അഭിനയം സാമന്തയുടെ കരിയറിലെ ആദ്യ ഡാന്‍സ് നമ്പര്‍ കൂടിയാണ്. ഈ ഗാനരംഗത്തിനായി താരം വാങ്ങിയ പ്രതിഫലമടക്കം നേരത്തെ ചര്‍ച്ചയായിരുന്നു. തെലുങ്കില്‍ ഇന്ദവതി ചൗഹാനും മലയാളം പതിപ്പില്‍ രമ്യ നമ്പീശനുമാണ് ഗാനമാലപിച്ചത്.
ദേവി ശ്രീ പ്രസാദിന്റേതാണ് സംഗീതവും സൗണ്ട് ട്രാക്കും. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിറോസ്ലോ കുബ ബറോസ്കിന്റേതാണ് ക്യാമറ. സൗണ്ട് എഞ്ചിനീയറായി റസൂല്‍ പൂക്കുട്ടി എത്തുന്നു. കാര്‍ത്തിക് ശ്രീനിവാസാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.