സിനിമാപ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന അല്ലു അര്ജുന് ചിത്രം പുഷ്പ റിലീസിന് മുമ്പേ 250 കോടി ക്ലബ്ബില്‍ ഇടം നേടിയെന്ന് റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്സ്, സാറ്റലൈറ്റ് റൈറ്റ്സ്, ഓഡിയോ-വീഡിയോ റൈറ്റ് തുടങ്ങിയവയിലൂടെയാണ് ചിത്രം 250 കോടി രൂപ നേടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രഖ്യാപിച്ചതുമുതല്‍ ചിത്രവുമായി ബന്ധപ്പെട്ട ഓരോ വാര്‍ത്തകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറും ലിറിക്കല്‍ ഗാനവുമെല്ലാം തെന്നിന്ത്യന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചിരുന്നു.
പുഷ്പയില്‍ അഭിനയിക്കുന്നതിന് 70 കോടി രൂപയാണ് അല്ലു അര്ജുന് പ്രതിഫലമായി നല്‍കിയതെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ‘അല വൈകുണ്ഠപുരമുലൂ’ എന്ന കഴിഞ്ഞ ചിത്രത്തിന് 35 കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം. അതേ തുക തന്നെയാണ് പുഷ്പയുടെ കരാറിലും ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പുഷ്പ രണ്ടു ഭാഗങ്ങളിലായി പുറത്തിറക്കാന്‍ സംവിധായകന് തീരുമാനിച്ചതോടെ പ്രതിഫലവും ഇരട്ടിയാക്കാന്‍ താരം തീരുമാനിക്കുകയായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫഹദ് ഫാസിലിന്റെ വില്ലന്‍ വേഷമുള്ളതിനാല് സാധാരണ തെലുങ്ക് പടങ്ങള്ക്കുള്ളതിനേക്കാള് ആരാധകര്‍ പുഷ്പക്ക് മലയാളത്തില്നിന്നുമുണ്ട്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ഫഹദ് ഫാസില്‍ രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണെന്ന് അല്ലു അര്ജുന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഫഹദ് അസാമാന്യ നടനാണ്. ഫഹദിനോടൊപ്പം അഭിനയിക്കുകയെന്നത് തനിക്ക് മികച്ച അനുഭവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘അദ്ദേഹത്തിന്റെ രീതികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. പ്രോംപ്ട് ചെയ്ത് അഭിനയിക്കുന്ന രീതി അദ്ദേഹം സ്വീകരിക്കാറില്ല. അതെന്നെ അത്ഭുതപ്പെടുത്തി. ഡയലോഗുകള്‍ സ്വയം എഴുതിപ്പഠിച്ചാണ് അദ്ദേഹം പറയുന്നത്. ഭാഷ അറിയാത്ത ഒരു നടന് അങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. തെലുങ്ക് നന്നായി സംസാരിക്കുന്ന ആളെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണം’, അല്ലു അര്ജുന് പറഞ്ഞു.
തെന്നിന്ത്യന്‍ നടി സാമന്ത ചുവടുകള്‍ വെച്ച ചിത്രത്തിലെ ഗാനരംഗവും ഹിറ്റായിക്കഴിഞ്ഞു. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ദക്ഷിണേന്ത്യന്‍ പാട്ടെന്ന നേട്ടമാണ് സാമന്തയിലൂടെ പുഷ്പ സ്വന്തമാക്കിയത്. ഈ തെലുങ്ക് ഗാനം ഇരുപത്തിനാല് മണിക്കൂറില്‍ 14 മില്യണിന് മുകളില്‍ ആളുകള്‍ കണ്ടു. ചന്ദ്രബോസ് എഴുതി ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം ഇന്ദ്രാവതി ചൗഹാനാണ് തെലുങ്കില്‍ ആലപിച്ചിരിക്കുന്നത്. മലയാളം പതിപ്പ് പാടിയത് രമ്യാ നമ്പീശനാണ്. തമിഴില്‍ ആന്‍ഡ്രിയ ജെര്‍മിയയും കന്നടയില്‍ മംഗ്ലീയുമാണ് ഗായകര്‍.
അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ ആര്യയുടെ സംവിധായകന് സുകുമറാണ് പുഷ്പയും ഒരുക്കുന്നത്. അല്ലു അര്ജുന്-രശ്മിക മന്ദാന കോമ്പിനേഷനിലെത്തുന്ന ചിത്രം രണ്ടുഭാഗമായിട്ടാണ് എത്തുക. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. ദേവി ശ്രീ പ്രസാദിന്റേതാണ് സംഗീതവും സൗണ്ട് ട്രാക്കും. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിറോസ്ലോ കുബ ബറോസ്കിന്റേതാണ് ക്യാമറ. സൗണ്ട് എഞ്ചിനീയറായി റസൂല്‍ പൂക്കുട്ടി എത്തുന്നു. കാര്‍ത്തിക് ശ്രീനിവാസാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ഡിസംബര്‍ 17ന് ചിത്രം തിയേറ്ററുകളിലെത്തും.