‘രജനികാന്ത് ചിത്രത്തില്‍നിന്നും ഞാന്‍ പിന്മാറിയെന്ന് എഴുതിയവന്‍ ഒരുദിവസം എന്റെ മുന്നില്‍ വരും, ആ ദിവസത്തിനുവേണ്ടി കാത്തിരിക്കുക’; അല്‍ഫോണ്‍സ് പുത്രന്‍

രജിനീകാന്തിനെ കേന്ദ്രകഥാപാത്രമാക്കി തയ്യാറാക്കാനിരുന്ന ചിത്രത്തില്‍നിന്നും താന്‍ പിന്മാറിയെന്നത് വ്യാജവാര്‍ത്തയായിരുന്നെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. പ്രേമം റിലീസായതിന് ശേഷം രജനീകാന്തുമായി ചേര്‍ന്ന് ഒരു ചിത്രം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഒരു ഓണ്‍ലൈന്‍ പേജില്‍ താന്‍ അതില്‍നിന്നും പിന്മാറിയെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. ഇതറിഞ്ഞ് സൗന്ദര്യ രജനീകാന്ത് തന്നെ ബന്ധപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

‘2015ല്‍ പ്രേമം റിലീസായതിന് ശേഷം ഒരു സംവിധായകന്‍ എന്ന നിലയില്‍ രജനീകാന്തുമായി ചേര്‍ന്ന് സിനിമ ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. 99 ശതമാനം സംവിധായകരും ആഗ്രഹിക്കുന്ന കാര്യമാണത്. പൊടുന്നനെ ഒരു ദിവസം അല്‍ഫോണ്‍സ് പുത്രന് രജനീകാന്ത് സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് വാര്‍ത്ത ഒരു ഓണ്‍ലൈന്‍ പേജില്‍ എഴുതിവന്നു. അത് പെട്ടന്ന് പരന്നു. സൗന്ദര്യ രജനീകാന്ത് ഇക്കാര്യം ചോദിച്ച് എനിക്ക് മെസേജ് അയച്ചു. പ്രേമത്തിന് ശേഷം ഞാന്‍ ഒരു ഇന്‍ര്‍വ്യൂപോലും നല്‍കിയിട്ടില്ലെന്ന് ഞാന്‍ മറുപടി നല്‍കി. ആ പ്രശ്‌നം അവിടെ അവസാനിച്ചു’, അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘2021 ഓഗസ്റ്റില്‍ ഞാന്‍ ഒരു നടനോട് ഗോള്‍ഡിന്റെ കഥ പറഞ്ഞപ്പോള്‍ അദ്ദേഹം മറ്റൊരു സംവിധായകനോട് ഇക്കാര്യം സംസാരിച്ചിരുന്നെന്നും ഞാന്‍ രജനി പടം ചെയ്യുന്നില്ലെന്നാണ് ആ സംവിധായകന്‍ പറഞ്ഞതെന്നും എന്നോട് പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. ആ ഞെട്ടല്‍ ഞാന്‍ പുറത്തുകാണിച്ചില്ല. 2015 മുതല്‍ ഇന്നുവരെ ആ വ്യാജവാര്‍ത്ത എന്നെ അലട്ടുകയാണ്’.

എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്, ഞാന്‍ ആഗ്രഹിച്ചതുപോലെ രജനികാന്ത് സാറുമായി ചേര്‍ന്ന് സിനിമ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത് പ്രേക്ഷകരെ പിടിച്ചിരുത്തി 1000 കോടിയിലധികം നേടുമായിരുന്നു. സര്‍ക്കാരിന് അതിന്റെ നികുതിയും ലഭിച്ചേനേ. നഷ്ടം എനിക്കും സൂപ്പര്‍ സ്റ്റാറിനും പ്രേക്ഷകര്‍ക്കും സര്‍ക്കാരിനുമാണ്’, അദ്ദേഹം കുറിച്ചു.

‘ആ ലേഖനം എഴുതിയ ആളും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച തലച്ചോറും എന്നെങ്കിലും ഒരുദിവസം എന്റെ മുമ്പില്‍ വരും. നിങ്ങള്‍ ആ ദിവസത്തിനായി കാത്തിരുന്നോളൂ. രജനികാന്ത് സാറിനൊപ്പമുള്ള എന്റെ സിനിമയ്ക്കായി ആഗ്രഹിക്കുന്നവര്‍ എപ്പോഴത്തെയുംപോലെ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം’, അല്‍ഫോണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റുകളുമായെത്തിവര്‍ക്കും അല്‍ഫോണ്‍സ് മറുപടികള്‍ നല്‍കിയിട്ടുണ്ട്. ആദ്യം കമ്മിറ്റ് ചെയ്ത സിനിമകള്‍ തീര്‍ക്കൂ. എന്നിട്ട് ഇതിനെക്കുറിച്ച് ആലോചിക്കാം എന്ന് പറഞ്ഞ വ്യക്തിക്ക് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ, ‘ഗോള്‍ഡ് മാത്രമേ ഷൂട്ടിങ് നടന്നിട്ടുള്ളൂ. അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. ബാക്കി ഒന്നും നടന്നിട്ടില്ല. എന്റെ കയ്യിലല്ലല്ലോ ലോകത്തിന്റെ സ്റ്റിയറിങ്. അപ്പോള്‍ ചിലപ്പോള്‍ വിചാരിക്കുന്നത് എല്ലാം നടക്കണമെന്നില്ലല്ലോ ബ്രോ’.

പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രേമം റിലീസായതിന് ശേഷമുള്ള നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ഫഹദ്-നയന്‍താര കോമ്പോയില്‍ പാട്ട് എന്ന ചിത്രമായിരുന്നു പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഗോള്‍ഡിന്റെ ചിത്രീകരണമാണ് ആദ്യമാരംഭിച്ചത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറുകളിലാണ് ഗോള്‍ഡിന്റെ നിര്‍മ്മാണം. നേരവും പ്രേമവും പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞിരുന്നതുപോലെ പുതുമയില്ലാത്ത മൂന്നാമത്തെ ചിത്രമെന്നാണ് അല്‍ഫോണ്‍സ് ഗോള്‍ഡിനെയും വിശേഷിപ്പിക്കുന്നത്. നേരത്തിന്റെയൊക്കെ ഗണത്തില്‍ വരുന്ന ഒരു ഫണ്‍ ത്രില്ലര്‍ ചിത്രമാണ് ഗോള്‍ഡ് എന്ന് പൃഥ്വിരാജും പറഞ്ഞിരുന്നു.

UPDATES
STORIES