‘കെവിനും നീനുവിനും സമര്‍പ്പിക്കുകയെന്നാല്‍ അതില്‍ക്കൂടി പോയിട്ടുള്ള ഓരോരുത്തര്‍ക്കുമാണ് സമര്‍പ്പിക്കുന്നത്’: അമല്‍ നീരദ്

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമല്‍നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വം തിയേറ്ററുകളിലെത്തിയതുമുതല്‍ ചിത്രത്തില്‍ സംവിധായകന്‍ ചേര്‍ത്തുവെച്ചിരിക്കുന്ന പല കാര്യങ്ങളും ചര്‍ച്ചയായിരുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് ദുരഭിമാനക്കൊലയുടെ ഇരകളായ കെവിനും നീനുവിനുമുള്ള സമര്‍പ്പണം. ചിത്രം ആരംഭിക്കുന്നതുതന്നെ സംഭവത്തിലേക്ക് വിരല്‍ചൂണ്ടുന്ന അവതരണത്തോടെയാണ്.

ചിത്രം കെവിനും നീനുവിനും സമര്‍പ്പിച്ചതിന്റെ പിന്നിലെ രാഷ്ട്രീയം വ്യക്തമാക്കുകയാണ് അമല്‍ നീരദ്. കെവിനും നീനുവിനും സമര്‍പ്പിക്കുകയെന്നാല്‍ അതില്‍ക്കൂടി പോയിട്ടുള്ള ഓരോരുത്തര്‍ക്കുമാണ് സമര്‍പ്പിക്കുന്നതെന്നാണ് അമല്‍ നീരദ് വ്യക്തമാക്കുന്നത്. തന്റെ വ്യക്തിപരമായ വിഷമമാണ് ആ വിഷയമെന്നും അദ്ദേഹം പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

‘വിദ്യാഭ്യാസവും വിവേകവും ഉള്ളവരാണ് നാം എന്ന് കരുതുന്നവരാണ് മലയാളികള്‍. ഈ സംഭവം ബീഹാറിലോ യു.പിയിലോ ഒക്കെയാണ് നടന്നിരുന്നതെങ്കില്‍ അവിടുത്തെ സാമൂഹിക പിന്നാക്കാവാസ്ഥ കാരണമാണെന്ന് വിചാരിക്കാം. എന്നാല്‍, അതുപോലെയല്ല. കേരളമെന്ന് അഭിമാനത്തോടെ പറഞ്ഞവരാണ് നാം. കെവിന്റേയും നീനുവിന്റേയും കഥ പുറത്തുവന്നപ്പോഴാണ് അവിടുത്തേതിനേക്കാള്‍ ഭയാനകമാണ് ഇവിടുത്തെ സാഹചര്യം എന്ന് മനസിലാക്കുന്നത്. ആ സംഭവം സിനിമയില്‍ ഉള്‍പ്പെടുത്തിയത് പുതിയ തലമുറയ്ക്ക് ഒരു കണക്ട് ഉണ്ടാവാനാണ്’, അമല്‍ നീരദ് വ്യക്തമാക്കി.

2018 മെയ് 28നായിരുന്നു കെവിനെ തെന്മലയ്ക്ക് സമീപത്തെ ജലാശയത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മെയ് 27ന് കോട്ടയെ മാന്നാനത്തുള്ള വീട്ടില്‍നിന്നും കെവിനെയും ബന്ധു അനീഷിനെയും നീനുവിന്റെ അച്ഛനും സഹോദരനും ഏര്‍പ്പെടുത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഘം അനീഷിനെ പാതിവഴിയില്‍ ഇറക്കിവിടുകയും കെവിനെ തെന്മലയിലെത്തിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ദളിത് ക്രിസ്ത്യനായ കെവിനെ തന്റെ വീട്ടുകാര്‍ കൊന്നത് ദുരഭിമാനം മൂലമാണെന്ന് നീനു കോടതിയില്‍ മൊഴി നല്‍കി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ ദുരഭിമാനകൊലയാണ് കെവിന്റേത്.

UPDATES
STORIES