ഭീഷ്മവര്‍ധന്റെ പടയൊരുക്കം; ഭീഷ്മപര്‍വ്വം ഫാന്‍മേഡ് പോസ്റ്ററുകള്‍

മലയാള ആക്ഷന്‍ ചിത്രങ്ങളുടെ ദൃശ്യഭാഷയില്‍ മാറ്റം കൊണ്ടുവന്ന ചിത്രമാണ് ബിഗ് ബി. സ്‌റ്റൈലന്‍ കഥപറച്ചിലിനൊപ്പം ഛായാഗ്രഹണത്തിലും പശ്ചാത്തല സംഗീതത്തിലും പുതിയൊരു ശൈലി അമല്‍ നീരദ് അവതരിപ്പിച്ചു. ബിഗ് ബിയുടെ പോസ്റ്ററുകളിലും ക്യാരക്ടര്‍ സ്റ്റില്ലുകളിലുമെല്ലാം ശ്രദ്ധേയമായ ഈ പുതുമയുണ്ടായിരുന്നു. ബിലാല്‍ ജോണ്‍ കുരിശിങ്കലാകട്ടെ ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ ഒരു ‘കള്‍ട്ട് ലൈക്ക്’ കഥാപാത്രമായി.

ഒന്നര പതിറ്റാണ്ടിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഭീഷ്മപര്‍വ്വത്തിലൂടെ വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. 1980കളുടെ പശ്ചാത്തലത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ ഭീഷ്മവര്‍ധന്‍ എന്ന മുന്‍ അധോലോക നായകനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കയറ്റുമതി ബിസിനസുകാരനായ ഭീഷ്മവര്‍ധനേയും കുടുംബത്തേയും ഭൂതകാലം വേട്ടയാടുന്നതും അയാള്‍ വീണ്ടും ആയുധമെടുക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയമായി പറയുന്നത്. കഥാപശ്ചാത്തലത്തേക്കുറിച്ചും മറ്റ് കഥാപാത്രങ്ങളേക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. കോണ്ടെസ കാറുകളും ടൈറ്റ് ഷര്‍ട്ടുകളുമൊക്കെ വീണ്ടും കാണാവുന്ന, കാലഘട്ടത്തിന് അനുസരിച്ച് ഡീറ്റെയ്‌ലായും സൂക്ഷ്മമായും കലാസംവിധാനമൊരുക്കിയ ഒരു ചിത്രമാണെന്നാണ് ഭീഷ്മപര്‍വ്വത്തില്‍ പ്രധാനവേഷം ചെയ്യുന്ന ഷൈന്‍ ടോം ചാക്കോ പറയുന്നത്. അമല്‍ നീരദ്, മമ്മൂട്ടി, 80കളിലെ അധോലോകം, ഗാങ്‌സ്റ്റര്‍ ഡ്രാമ എന്നിങ്ങനെ കിട്ടിയ വിവരവും ഫസ്റ്റ് ലുക്കും വെച്ച് ആരാധകര്‍ ഫാന്‍ മേഡ് പോസ്റ്ററുകള്‍ തയ്യാറാക്കി ഇറക്കുന്നുണ്ട്. ഇവയില്‍ ചിലത് മമ്മൂട്ടിയും അമല്‍ നീരദും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

UPDATES
STORIES