നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ആമസോണ്‍ പ്രൈം; പ്ലാനുകള്‍ക്ക് ഇന്നുമുതല്‍ 50 ശതമാനം വര്‍ധന

ഡിസംബര്‍ 13 അര്‍ധരാത്രി മുതല്‍ പാക്കേജ് നിരക്കുകള്‍ വര്‍ധിപ്പിച്ച് ആമസോണ്‍ പ്രൈം. വിവിധ പ്ലാനുകള്‍ക്ക് ഇന്ത്യയില്‍ 50 ശതമാനം മുതലാണ് നിരക്ക് വര്‍ധന. ഇതുപ്രകാരം വാര്‍ഷിക മെമ്പര്‍ഷിപ്പ് തുക 999ല്‍ നിന്ന് 1499 രൂപയാക്കി ഉയര്‍ത്തി. ഡിസംബര്‍ 14 മുതല്‍ ഈ നിരക്കാണ് പ്രാബല്യത്തിലുണ്ടാവുക

129 രൂപയ്ക്ക് ലഭിച്ചിരുന്ന പ്രതിമാസ പ്ലാനിന് പുതുക്കിയ നിരക്കനുസരിച്ച് 179 രൂപയാണ് വില. 50 രൂപയാണ് ഈ പ്ലാനില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. 329 രൂപയുണ്ടായിരുന്ന മൂന്നുമാസത്തെ പ്ലാന്‍ 459 രൂപയായും ഉയര്‍ത്തി. തങ്ങളുടെ പ്ലാറ്റ്‌ഫോമിനെ മികവുറ്റതാക്കാനാണ് നിരക്ക് വര്‍ധനയെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. മെമ്പര്‍ഷിപ്പ് നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ ഇ-കൊമേഴ്‌സ് ഭീമന്‍ ഒക്ടോബറില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പുതുക്കിയ നിരക്കുകള്‍ എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അന്ന് അറിയിച്ചിരുന്നില്ല.

മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നവര്‍ക്ക് നിരക്ക് വര്‍ധന തല്‍ക്കാലത്തേക്ക് ബാധകമാവില്ല. മെമ്പര്‍ഷിപ്പ് പുതുക്കുന്ന മുറയ്ക്ക് പുതിയ തുകയാവും നല്‍കേണ്ടി വരിക. ‘നിലവില്‍ പ്രൈം മെമ്പര്‍ഷിപ്പുള്ളവര്‍ക്ക് ഇപ്പോഴത്തെ പ്ലാനുകളില്‍ത്തന്നെ തുടരാം. നിരക്ക് പരിഷ്‌കാരത്തിന് ശേഷം പ്ലാന്‍ പുതുക്കുമ്പോള്‍ പുതിയ തുക ഈടാക്കുന്നതായിരിക്കും’, ആമസോണ്‍ പ്രൈം വെബ്‌സൈറ്റില്‍ പറയുന്നതിങ്ങനെ.

ലിമിറ്റഡ് പിരീഡ് ഓഫറിന്റെ ഭാഗമായി നിങ്ങള്‍ക്ക് പ്രൈമില്‍ മെമ്പര്‍ഷിപ്പെടുക്കുകയും പഴയ നിരക്കില്‍ അത് ക്രമപ്പെടുത്തുകയും ചെയ്യാമെന്ന് ആമസോണ്‍ അറിയിച്ചിരുന്നു. ‘ഡിസംബര്‍ 13 അവസാനിക്കുന്നതിന് മുമ്പ് രാത്രി 11:59ന് മുമ്പായി നിങ്ങളുടെ പ്ലാനുകള്‍ പുതുക്കുകയോ മെമ്പര്‍ഷിപ്പ് ആരംഭിക്കുകയോ ചെയ്യണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു’, എന്നായിരുന്നു കമ്പനി അവരുടെ ഔദ്യോഗിക പേജിലൂടെ അറിയിച്ചത്. ആമസോണ്‍ പ്രൈം സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് ഇ-കൊമേഴ്‌സ് ആപ്പിന് പുറമേ പ്രൈം വീഡിയോ, ഓഡിബിള്‍, പ്രൈം മ്യൂസിക് തുടങ്ങിയവും ലഭ്യമാണ്.

അതേസമയം, ഉപഭോക്താക്കള്‍ക്കായുള്ള സേവന നിരക്കുകള്‍ വലിയ അളവില്‍ വെട്ടിക്കുറച്ചിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ. ബേസിക് പ്ലാനില്‍ 60 ശതമാനം കിഴിവ് ഉള്‍പ്പടെ കമ്പനി വലിയ നിരക്കുവ്യത്യാസമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. 499 രൂപയായിരുന്ന ബേസിക് പ്ലാന്‍ ഇനിമുതല്‍ 199 രൂപക്ക് ലഭ്യമാകും. മൊബൈല്‍ ഒണ്‍ലി സര്‍വീസ് നിരക്ക് 149 രൂപയായി താഴ്ത്തി. നേരത്തെ ഇത് 199 രൂപയായിരുന്നു. 649 രൂപയായിരുന്ന സ്റ്റാന്‍ഡേര്‍ഡ് നെറ്റ്ഫ്‌ളിക്‌സ് സേവനം ഇനിമുതല്‍ 499 രൂപ പ്രതിമാസ നിരക്കില്‍ ആസ്വദിക്കാം. ഏറ്റവും ഉയര്‍ന്ന പ്ലാനായ പ്രീമിയം സര്‍വീസും 799 രൂപയില്‍ നിന്നും 649 രൂപയിലേക്ക് താഴ്ത്തിയിട്ടുണ്ട്. രാജ്യത്തെ സബ്‌സ്‌ക്രൈബര്‍ ബേസ് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

2019 ജൂലൈയില്‍ ആരംഭിച്ച മൊബൈല്‍ ഒണ്‍ലി സ്ട്രീമിങ് പദ്ധതി പ്രകാരം മൊബൈലിലോ ടാബ്ലെറ്റിലോ 480p റെസൊല്യൂഷനിലാണ് വീഡിയോകള്‍ ലഭ്യമാകുന്നത്. ഒരു ഡിവൈസില്‍ മാത്രമാണ് ഒരു സമയം സ്ട്രീമിങ് സാധ്യമാകുക. ബേസിക് പ്ലാനില്‍ മൊബൈലിന് പുറമെ കംപ്യൂട്ടറിലും ടെലിവിഷനിലും സിനിമകള്‍ കാണാന്‍ സാധിക്കും. സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ പ്രകാരം ഒരേ സമയം രണ്ട് ഡിവൈസുകളില്‍ 1080p ക്ലാരിറ്റിയിലാണ് വിഡിയോകള്‍ ലഭിക്കുക. ഏറ്റവും ഉയര്‍ന്ന താരിഫുള്ള പ്രീമിയം പാക്കേജില്‍ 4K റെസൊല്യൂഷനില്‍ നാല് ഡിവൈസുകളില്‍ വരെ സേവനം ലഭ്യമാണ്.

നിലവിലെ യൂസര്‍മാര്‍ക്ക് ഇഷ്ടാനുസരണം പുതിയ നിരക്കുകളിലേക്ക് മാറാനും സൗകര്യമുണ്ടാകുമെന്ന് കമ്പനി വക്താക്കള്‍ വ്യക്തമാക്കി. ചൊവ്വാഴ്ച്ച മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

ഇന്ത്യയില്‍ സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് വിവിധ പദ്ദതികള്‍ ആവിഷ്‌കരിച്ചുവരികയായിരുന്നു. കൂടുതല്‍ കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ നിരക്കുകള്‍ കുറക്കുന്നതിന് പുറമെ മികച്ച സിനിമകളും, സീരീസുകളും ടിവി ഷോകളും വരുംദിവസങ്ങളില്‍ ലഭ്യമാക്കുമെന്ന് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ വൈസ് പ്രസിഡണ്ട് മോണിക്ക ഷെര്‍ജില്‍ അഭിപ്രായപ്പെട്ടു. ആമസോണ്‍, ഡിസ്നി+ഹോട്ട്സ്റ്റാര്‍ സര്‍വീസുകളെക്കാള്‍ വളരെ താഴെയാണ് പുതുക്കിയ നെറ്റ്ഫ്‌ളിക്‌സ് നിരക്കുകള്‍.

UPDATES
STORIES