ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ ‘അമ്മ’ക്ക് എതിർപ്പില്ല: സിദ്ദീഖ്

സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടുന്നതിൽ താരസംഘടനയായ അമ്മയ്ക്ക് എതിർപ്പില്ലെന്ന് നടൻ സിദ്ദീഖ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സിനിമ സംഘടനകളുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നടത്തിയ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമ്മ പ്രതിനിധി സിദ്ദീഖ്.

സർക്കാരുമായി നടത്തിയ ചർച്ച തീർത്തും തൃപ്തികരമാണെന്നും ഹേമ കമ്മിറ്റി മുന്നോട്ടുവച്ച നിർദേശങ്ങൾ സ്വാഗതാർഹമാണെന്നും സിദ്ദീഖ് അറിയിച്ചു. ചില കാര്യങ്ങളിൽ തങ്ങൾക്ക് അവ്യക്തതയുണ്ടെന്നും അത് സർക്കാരിനെ ബോധിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ സിദ്ദീഖ്, റിപ്പോർട്ട് പുറത്തുവിടുന്നതിൽ ‘അമ്മ’യ്ക്ക് എതിർപ്പില്ലെന്നും വ്യക്തമാക്കി. സിദ്ദീഖ്, ഇടവേള ബാബു എന്നിവരാണ് താരസംഘടയെ പ്രതിനിധീകരിച്ചുകൊണ്ട് ചർച്ചയിൽ പങ്കെടുത്തത്.

അതേസമയം സർക്കാരും മറ്റ് സിനിമ സംഘടനകളുമായി നടത്തിയ ചർച്ച നിരാശാജനകമായിരുന്നു എന്നാണ് വിമെൻ ഇൻ സിനിമ കളക്ടീവ് അംഗമായ നടി പത്മ പ്രിയയുടെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടില്ല എന്ന സർക്കാരിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പത്മപ്രിയ പറഞ്ഞു. ബീനാ പോൾ, പത്മപ്രിയ, ആശാ ആച്ചി ജോസഫ് എന്നിവരാണ് ഡബ്ല്യുസിസിയെ പ്രതിനിധീകരിച്ചുകൊണ്ട് യോഗത്തിൽ പങ്കെടുത്തത്.

ഹേമ കമ്മിറ്റിക്കു മുൻപാകെ മൊഴി നൽകിയവരുടെ സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് റിപ്പോർട്ട് പുറത്തുവിടാവുന്നതാണെന്നും നിലവിൽ സർക്കാർ മുന്നോട്ടുവച്ചിട്ടുള്ള നിർദേശങ്ങളിൽ ധാരാളം അവ്യക്തതകൾ ഉണ്ടെന്നും ഡബ്ല്യുസിസ പറഞ്ഞു. ജസ്റ്റിസ് ഹേമയുടെ സാന്നിദ്ധ്യത്തിൽ മറ്റൊരു കൂടിക്കാഴ്ച കൂടി വേണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടെങ്കിലും അതിന്റെ ആവശ്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

UPDATES
STORIES