‘അമ്മ’ ഇലക്ഷന്‍: മോഹന്‍ലാലും ഇടവേള ബാബുവും തുടരും; ഇത്തവണ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തില്‍ മോഹന്‍ലാലും ഇടവേള ബാബുവും തുടരും. മോഹന്‍ലാല്‍ പ്രസിഡന്റായും ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ഡിസംബര്‍ 19ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെയാണ് ഇക്കാര്യം വ്യക്തമായത്. ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും സിദ്ദിഖ് സംഘടനയുടെ ട്രഷറര്‍ ആയും ചുമതലയേല്‍ക്കും.

രണ്ട് ഉപാദ്ധ്യക്ഷന്‍മാര്‍ക്കും 11 അംഗ കമ്മിറ്റിക്കും വേണ്ടിയാണ് തെരഞ്ഞെടുപ്പ് നടത്തുക. മോഹന്‍ലാലിന്റെ രണ്ടാം ഭരണസമിതിയില്‍ വനിതകള്‍ക്ക് മുന്‍പത്തേക്കാള്‍ പ്രാതിനിധ്യം ലഭിക്കും. ആശ ശരത്ത്, ശ്വേത മേനോന്‍ എന്നിവരെ ഔദ്യോഗിക പാനല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നുണ്ട്. ഹണി റോസ്, ലെന, മഞ്ജു പിള്ള, രചന നാരായണന്‍ കുട്ടി എന്നിവരും മോഹന്‍ലാല്‍ പാനലില്‍ നിന്ന് കമ്മിറ്റിയിലേക്ക് മത്സരിക്കും.

ഉപാദ്ധ്യക്ഷ സ്ഥാനത്തിന് വേണ്ടി മുകേഷ്, ജഗദീഷ്, മണിയന്‍പിള്ള രാജു എന്നിവര്‍ പത്രിക നല്‍കിയിട്ടുണ്ടെങ്കിലും പിന്മാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബാബു രാജ്, നിവിന്‍ പോളി, ടൊവീനോ തോമസ്, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടേക്കും. ലാല്‍, സുരേഷ് കൃഷ്ണ, വിജയ് ബാബു, നാസര്‍ ലത്തീഫ് എന്നിവര്‍ കമ്മിറ്റി അംഗത്വത്തിനായി പത്രിക നല്‍കിയിട്ടുണ്ട്. ഇവരില്‍ പലരും പത്രിക പിന്‍വലിക്കുമെന്ന് സൂചനയുണ്ട്.

ഷമ്മി തിലകന്‍ മൂന്ന് സ്ഥാനങ്ങളിലേക്ക് പത്രിക നല്‍കിയെങ്കിലും തള്ളി. ഒപ്പ് രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഉണ്ണി ശിവപാല്‍ നല്‍കിയ പത്രികയും സ്വീകരിച്ചില്ല. അപൂര്‍ണമായിരുന്നെന്നാണ് വിശദീകരണം. ബുധനാഴ്ച്ച വരെ പത്രിക പിന്‍വലിക്കാന്‍ സയമുണ്ട്.

UPDATES
STORIES