അമ്മ ഇലക്ഷന്‍: ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ മണിയന്‍ പിള്ള രാജു; എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വോട്ട് തേടി ലാലും വിജയ് ബാബുവും

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് കടുത്ത മത്സരം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആശാ ശരത്ത്, ശ്വേതാ മേനോന്‍, മണിയന്‍ പിള്ള രാജു എന്നിവരാണ് രംഗത്തുള്ളത്. മുകേഷും ജഗദീഷും നാമനിര്‍ദ്ദേശ പത്രിക നല്‍കിയെങ്കിലും പിന്മാറി. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനമുള്ളതിനാല്‍ ഒരു വനിതാ വൈസ് പ്രസിഡന്റ് ഉണ്ടാകുമെന്ന് ഉറപ്പായി. അമ്മ അംഗങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വോട്ടുകളാണുള്ളത്. ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്ന രണ്ട് പേര്‍ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തും.

11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 14 പേരാണ് മത്സരിക്കുന്നത്. ലാല്‍, വിജയ് ബാബു, നാസര്‍ ലത്തീഫ് എന്നിവരാണ് ഔദ്യോഗിക പാനലിന് പുറത്തുനിന്ന് മത്സരിക്കുന്നവര്‍. സുരേഷ് കൃഷ്ണ പത്രിക പിന്‍വലിച്ചിരുന്നു. വിജയ് ബാബു നോമിനേഷന്‍ പിന്‍വലിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും പേര് എഴുതാതെ ഒപ്പിട്ടതിനാല്‍ വീണ്ടും മത്സരരംഗത്തേക്ക് വന്നു. ബാബുരാജ് ജേക്കബ്, ഹണി റോസ്, ലെന, മഞ്ജു പിള്ള, നിവിന്‍ പോളി, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവീനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ഔദ്യോഗിക പാനലില്‍ നിന്ന് വോട്ട് തേടുന്നത്.

എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവര്‍

പ്രസിഡന്റ് :മോഹന്‍ലാല്‍
ജനറല്‍ സെക്രട്ടറി: ഇടവേള ബാബു
ജോയിന്റ് സെക്രട്ടറി: ജയസൂര്യ
ട്രഷറര്‍: സിദ്ദിഖ്

\

പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ സന്നദ്ധത മോഹന്‍ലാല്‍ പ്രകടിപ്പിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് ചുമതല ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മോഹന്‍ലാല്‍ മമ്മൂട്ടിയെ സമീപിച്ചെന്നും മമ്മൂട്ടി ‘ലാല്‍ തന്നെ തുടരൂ’ എന്ന് അഭിപ്രായപ്പെട്ടതായും വിവരമുണ്ട്. ഷമ്മി തിലകന്‍ ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിങ്ങനെ മൂന്ന് സ്ഥാനങ്ങളിലേക്ക് പത്രിക നല്‍കിയെങ്കിലും തള്ളി. ഒപ്പ് രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഇതോടെ ഇടവേള ബാബു, സിദ്ദിഖ് എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാല്‍ നല്‍കിയ പത്രികയും സ്വീകരിച്ചില്ല. മോഹന്‍ലാലിന്റെ രണ്ടാം ഭരണസമിതിയില്‍ വനിതകള്‍ക്ക് മുന്‍പത്തേക്കാള്‍ പ്രാതിനിധ്യം ലഭിക്കും.

ഡിസംബര്‍ 19ന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. അമ്മയുടെ രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഭാരവാഹിത്വത്തിന് വേണ്ടി തെരഞ്ഞെടുപ്പ് നടത്തുന്നത്. വോട്ടെടുപ്പിന് ശേഷം അമ്മ ജനറല്‍ ബോഡി യോഗം ചേരും. സംഘടനയുടെ ബൈലോ ഭേദഗതി ചെയ്യലാകും യോഗത്തിന്റെ മുഖ്യ അജണ്ട. മോഹന്‍ലാല്‍, കുഞ്ചന്‍, പൂജപ്പുര രാധാകൃഷ്ണന്‍ എന്നിങ്ങനെ മൂന്ന് ഇലക്ഷന്‍ ഓഫീസര്‍മാരാണുള്ളത്. അഭിഭാഷകനായ കെ മനോജ് ചന്ദ്രനാണ് റിട്ടേണിങ്ങ് ഓഫീസര്‍.

UPDATES
STORIES