‘പത്രികയെ പിന്തുണയ്ക്കാന്‍ മിക്കവര്‍ക്കും പേടി’; ഒപ്പിട്ടു തന്നത് ബൈജുവും പ്രേം കുമാറുമെന്ന് ഷമ്മി തിലകന്‍

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കാന്‍ ശ്രമിച്ച തന്നെ പിന്തുണയ്ക്കാന്‍ അംഗങ്ങളില്‍ മിക്കവര്‍ക്കും ഭയമായിരുന്നെന്ന് ഷമ്മി തിലകന്‍. സിനിമയില്‍ അവസരം നിഷേധിക്കപ്പെടുമോയെന്ന പേടിയാണ് അവര്‍ക്കുള്ളതെന്ന് നടന്‍ പറഞ്ഞു. ഞാന്‍ തെരഞ്ഞെടുപ്പിന് നില്‍ക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ചിലര്‍ എന്നെ പിന്തുണച്ച് ഒപ്പിടരുതെന്ന് അംഗങ്ങളോട് ആവശ്യപ്പെട്ടു. എല്ലാറ്റിനും എന്റെ കൈയില്‍ തെളിവുകളുണ്ട്. അവരെല്ലാം എന്നോട് വളരെ ഖേദം പ്രകടിപ്പിച്ചുകൊണ്ട് തന്നെയാണ് ഒപ്പിടാന്‍ പറ്റില്ലെന്ന് പറഞ്ഞത്. ‘ഷമ്മീ..സോറി’ എന്ന് കണ്ണു നിറഞ്ഞുകൊണ്ട് പറഞ്ഞവരുണ്ട്. അവരെ കുറ്റം പറയാന്‍ കഴിയില്ല. ‘നിനക്ക് ഞാന്‍ വോട്ട് ചെയ്യാം. ഒപ്പിടാന്‍ പറയരുത്. കാരണം, അത് പരസ്യമാകും.’ എന്ന് അവര്‍ പറഞ്ഞു. ആരാണ് ഒപ്പിട്ടതെന്ന് എല്ലാവര്‍ക്കും വ്യക്തമാകും എന്നതാണ് അവരുടെ പ്രശ്‌നം. സ്വന്തം സഹോദരനായ ഷോബി തിലകന്‍ പോലും ഒപ്പിട്ടില്ല. എല്ലാവര്‍ക്കും സ്വന്തം നിലനില്‍പ് പ്രധാനമാണ്. എനിക്കാരോടും പരാതിയില്ല. ഈ സാഹചര്യത്തില്‍ പോലും രണ്ട് പേര്‍ ഒപ്പിടാന്‍ തയ്യാറായെന്നും നടന്‍ ചൂണ്ടിക്കാട്ടി. സൗത്ത് റാപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഷമ്മി തിലകന്റെ പ്രതികരണം.

ബൈജു സന്തോഷും പ്രേം കുമാറുമാണ് എന്റെ പത്രികയില്‍ ഒപ്പുവെച്ചത്. രണ്ടുപേരും വളരെ താല്‍പര്യത്തോടെ ഒപ്പിട്ടു തന്നു. അത് ആരേയും വെല്ലുവിളിച്ചുകൊണ്ടല്ല. അവര്‍ക്ക് എന്നെ പിന്തുണച്ച് ഒപ്പിടണമെന്ന് തോന്നി.

ഷമ്മി തിലകന്‍

നിങ്ങള്‍ക്ക് ദോഷമുണ്ടാകുമെന്നുണ്ടെങ്കില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കില്ലെന്ന് താന്‍ ഇരുവരോടും പറഞ്ഞു. വിലക്കിനേപ്പറ്റി ഓര്‍മ്മിപ്പിച്ചു. നിലനില്‍പിനെ ബാധിക്കുമെങ്കില്‍ വേണ്ട, പക്ഷെ, ബുദ്ധിമുട്ടില്ലെങ്കില്‍ ഒപ്പിട്ടുതരൂയെന്ന് അഭ്യര്‍ത്ഥിച്ചു. ആലോചിച്ചിട്ട് വിളിക്കാമെന്ന് പറഞ്ഞു. ഒരാള്‍ പറഞ്ഞ സമയത്ത് കൃത്യമായി വിളിച്ച് ‘ഞാന്‍ ഒപ്പിട്ടു തരാടാ’ എന്ന് പറഞ്ഞു. അവര്‍ ഒപ്പിട്ടുതന്നിട്ടും തള്ളിപ്പോയല്ലോ എന്നൊരു ചെറിയ നിരാശാബോധം മാത്രമാണുള്ളത്. ‘നീ കമ്മിറ്റിയില്‍ വരുന്നത് നല്ലതായിരിക്കും. നിഷ്പക്ഷമായ തീരുമാനങ്ങളും നടപടികളും കാണാന്‍ സാധിക്കും’ എന്നാണ് ബൈജുവും പ്രേംകുമാറും പ്രതികരിച്ചത്. വിജയാശംസ നേര്‍ന്ന് കൈ തന്നു. അവരുടെ കൂടെ ആഗ്രഹം, ഐക്യദാര്‍ഢ്യം അത് മുന്നോട്ടുപോയില്ലെന്ന വിഷമം ഉണ്ട്.

പ്രേംകുമാര്‍

വിലക്കുമെന്ന പേടിയാണ് ആഗ്രഹിച്ചിട്ടും എന്നെ പിന്തുണയ്ക്കാന്‍ കഴിയാത്ത അമ്മ അംഗങ്ങളുടെ പ്രശ്‌നം. ‘നീ ഇത്രയും വഴക്കും പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടും നിനക്ക് അത്യാവശ്യം പടങ്ങളുണ്ട്. ഇവരാരും നിന്നെ വിളിക്കുന്നില്ലെങ്കിലും നിനക്ക് വര്‍ക്ക് കിട്ടുന്നുണ്ട്. പക്ഷെ, ഞങ്ങളുടെ അവസ്ഥ അങ്ങനെയല്ല. നിനക്ക് തന്നെ അറിയാമല്ലോ, ഞാന്‍ ഈ അമ്മയില്‍ നിന്ന് കിട്ടുന്ന അയ്യായിരം രൂപ കൊണ്ടും കൂടിയാണ് കാര്യങ്ങള്‍ നോക്കുന്നത്.’ എന്ന് പറഞ്ഞവരുണ്ട്. അത് അവരുടെ സാഹചര്യമാണെന്നും അവരെ തള്ളിപ്പറയാന്‍ കഴിയില്ലെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ഷമ്മി തിലകൻ അഭിമുഖം: ‘അമ്മ’യിൽ ജനാധിപത്യമുണ്ടാകില്ല, സംഭവിക്കാന്‍ പോകുന്നത് അട്ടിമറി

UPDATES
STORIES