വിജയ് ബാബു വിഷയത്തിൽ ഇൻ്റേണൽ കമ്മിറ്റി നിര്‍ദേശങ്ങള്‍ നല്‍കി; ‘അമ്മ’യുടെ തീരുമാനം നാളെയെന്ന് ശ്വേത മേനോന്‍

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ലൈംഗികാതിക്രമ കേസില്‍ ഇടപെട്ട് താരംസംഘടയായ ‘അമ്മ’. വിജയ് ബാബുവിനെതിരായ പരാതിയിൽ 27ാം തിയതി തന്നെ ആഭ്യന്തര പ്രശ്‌ന പരിഹാര സമിതി യോഗം ചേര്‍ന്നിരുന്നുവെന്ന് ഐസി ചെയർ പേഴ്സണും എക്സിക്യൂട്ടീവ് അംഗവുമായ നടി ശ്വേതാമേനോൻ സൗത്ത്‌റാപ്പിനോട് പറഞ്ഞു.

‘വിജയ് ബാബുവിനെതിരെ പരാതി ഉര്‍ന്നു വന്ന സാഹചര്യത്തില്‍ 27ാം തിയതി രാവിലെ തന്നെ ഐസിസി അംഗങ്ങള്‍ ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്നിരുന്നു. ഒന്നിലധികം തവണ യോഗം ചേരുകയും ഞങ്ങളുടെ തീരുമാനങ്ങള്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നാളെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗത്തിന് ശേഷം തീരുമാനമുണ്ടാകും. ഐസിസി മുന്നോട്ടുവച്ച നിര്‍ദേശങ്ങളെ കുറിച്ച് ഇപ്പോള്‍ പുറത്തു പറയാന്‍ സാധിക്കില്ല,’ ശ്വേത മേനോന്‍ പറഞ്ഞു. വിജയ് ബാബുവും അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.

നടി ശ്വേതാ മേനോനാണ് സംഘടനിലെ ആഭ്യന്തര പ്രശ്‌ന പരിഹാര സമിതി (ഐസി)യുടെ ചെയര്‍ പേഴ്‌സണ്‍. മാലാ പാര്‍വ്വതി, കുക്കു പരമേശ്വരന്‍, രചന നാരായണന്‍കുട്ടി, ഇടവേളബാബു, അഡ്വ. അനഘ എന്നിവരാണ് അമ്മയുടെ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

യുവനടിയാണ് വിജയ് ബാബുവിനെതിരേ പൊലീസില്‍ പരാതി നല്‍കിയത്. ഒന്നരമാസത്തോളം താന്‍ നേരിട്ടത് വലിയ രീതിയിലുള്ള ശാരീരികവും മാനസികവുമായ പീഡനമാണെന്ന് ഇവര്‍ ആരോപിച്ചു. ഇതുകൂടാതെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരേ മീ ടൂ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. അനുവാദമില്ലാതെ വിജയ് ബാബു ചുംബിക്കാന്‍ ശ്രമിച്ചുവെന്നാണ് ഈ യുവതി ആരോപിക്കുന്നത്.

അതേസമയം, വിജയ് ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കീഴടങ്ങുകയല്ലാതെ ഇയാള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലെന്നും കൊച്ചി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു അറിയിച്ചു.

UPDATES
STORIES