‘സിനിമയില്‍ മാത്രമല്ല, വിവേചനം എല്ലായിടത്തുമുണ്ട്’; അനശ്വര രാജന്‍ അഭിമുഖം

ലിംഗപരമായ വിവേചനം സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലും ഉണ്ടെന്ന് നടി അനശ്വര രാജന്‍. ഒരേ വിഷയത്തില്‍ രണ്ടുപേർ പ്രതികരിക്കുന്നതിനെ പോലും രണ്ട് രീതിയിലാണ് വിലയിരുത്തുന്നത് എന്ന് തന്റെ അനുഭവം ചൂണ്ടിക്കാട്ടി അനശ്വര പറഞ്ഞു. തന്റെ പുതിയ ചിത്രമായ മൈക്കിന്റെ വിശേഷങ്ങള്‍ സൗത്ത് റാപ്പിനോട് പങ്കുവയ്ക്കുകയായിരുന്നു അനശ്വര.

അനശ്വര രാജനുമായി സൗത്ത്‌റാപ്പ് നടത്തിയ അഭിമുഖത്തിന്‌റെ പ്രസക്തഭാഗങ്ങള്‍:

അഞ്ചുവർഷക്കാലമായി ഇന്‍ഡസ്ട്രിയിലെത്തിയിട്ട്, വർഷങ്ങള്‍ക്ക് മുന്‍പ് ബാലതാരമായി വന്ന അനശ്വര ഇന്ന് ഒരു സിനിമയെ നയിക്കാന്‍ ശേഷിയുള്ള നായികയാണ് എങ്ങനെ കാണുന്നു ഈ കഴിഞ്ഞ കാലത്തെ?

പ്രതീക്ഷകളില്ലാതെ ജീവിതത്തെ കാണാന്‍ എന്നെ പഠിപ്പിച്ചത് സിനിമയാണ്. ഒട്ടും പ്രതീക്ഷിക്കാതെയാണ് സിനിമയിലേക്ക് എത്തിയത്. ആദ്യ ചിത്രം തന്നെ വളരെ സീനിയറായ മഞ്ചുവാര്യരോട് ഒപ്പം. ഇക്കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒട്ടേറെ ആളുകളുമായി ഇടപെട്ടു, ഒട്ടേറെ സ്ഥലങ്ങളില്‍ യാത്രചെയ്തു. പലകാര്യങ്ങളും അറിഞ്ഞതും തിരിച്ചറിഞ്ഞതും സിനിമയില്‍ നിന്നാണ്. നല്ല മാറ്റങ്ങള്‍ ഉണ്ടാക്കിയ കുറേ അനുഭവങ്ങളുണ്ടായി. ഒരു വ്യക്തിയെന്ന നിലയില്‍ വളരാന്‍ തന്നെ അതെല്ലാം സഹായിച്ചു.

അനശ്വര എങ്ങനെയാണ് ഒരു സിനിമ തെരഞ്ഞെടുക്കുന്നത്? ഏതെങ്കിലും തരം കഥാപാത്രങ്ങളോട് കൂടുതല്‍ താത്പര്യം ഉണ്ടോ?

എനിക്ക് എത്രത്തോളം പെര്‍ഫോമന്‍സിന് സാധ്യതയുണ്ടെന്ന് നോക്കിയാണ് സിനിമ തെരഞ്ഞെടുക്കുക. ആ സിനിമയില്‍ എന്റെ കഥാപാത്രത്തിന് എത്രത്തോളം പ്രധാന്യമുണ്ട് എന്നത് നോക്കും. സ്‌ക്രിപ്റ്റ്, ഡയറക്ടര്‍, ടീം ഇതെല്ലാം പരിഗണിക്കും. ഏതെങ്കിലും തരം കഥാപാത്രങ്ങോട് പ്രത്യേക താത്പര്യമില്ല. ശരണ്യയും തണ്ണീര്‍ മത്തനും ചെയ്തു. അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് മൈക്കിലെ സാറ എന്ന കഥാപാത്രം. എന്റെ കംഫേര്‍ട്ട് സോണിന് പുറത്തുള്ള. നല്ല സിനിമകളുടെ ഭാഗമാകണമെന്നാണ് ആഗ്രഹം. നല്ല സിനിമ എന്നുപറയുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമ എന്നല്ല ഉദ്ദേശിച്ചത്.ഇപ്പോള്‍ കൊറോണയ്ക്ക് ശേഷം പ്രേക്ഷകര്‍ സിനിമയെ വിലയിരുത്തുന്ന രീതികള്‍ മാറിയിട്ടുണ്ട്. സാധാരണ എന്റര്‍ടെയ്നര്‍ സിനിമകള്‍ പോലും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നല്ല സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടും അങ്ങനെയുള്ള സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹം.

മലയാള സിനിമ എന്ന് എല്ലാവര്‍ക്കും സ്‌പേസ് കൊടുക്കുന്ന ഒരിടമായി മാറുന്നുണ്ട്. അനശ്വരയെപ്പോലെയുള്ള നവാഗതര്‍ക്ക് ഇക്കാലയളവില്‍ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് ഒരു നേട്ടമായി തോന്നുന്നുണ്ടോ?

നല്ല രീതിയില്‍ സിനിമയ്ക്ക ഒരുപാട് മാറ്റം വന്നിട്ടുണ്ട്. പ്രത്യേകിച്ച് മലയാളം സിനിമയ്ക്ക്. ഇപ്പോള്‍ എല്ലാവര്‍ക്കുമുള്ള സിനിമകളുണ്ട്. പ്രായം ഒരു ബാരിര്‍ അല്ല ഇന്ന് സിനിമയില്‍. എല്ലാവര്‍ക്കും ലീഡ് റോളിലെത്താന്‍ സാധിക്കുന്നു. പ്രധാനപ്പെട്ട കഥാപാത്രങ്ങളാകാന്‍ സാധിക്കുന്നു. കഥയ്ക്ക് പ്രധാന്യം കൊടുക്കുന്ന, എല്ലാവരുടെയും പെര്‍സ്പെക്ടീവിലുള്ള, എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സിനിമകള്‍ ഇന്നുണ്ടാവുന്നു.

മാറ്റത്തിന്റെ കാലമാണല്ലോ, തുല്യ വേതനം സംബന്ധിച്ച് ദേശീയ പുരസ്‌കാര ജേതാവ് അപര്‍ണ്ണ ബാലമുരളി നടത്തിയ പ്രതികരണത്തോട് എന്താണ് അഭിപ്രായം?

തുല്യവേതനം അടക്കമുള്ള വിഷയങ്ങള്‍ സംസാരിക്കുന്ന പറ്റുന്ന നിലയിലേക്ക് ഞാന്‍ എത്തുന്നതേ ഉള്ളൂ. ഇന്നുവരെ ഞാനത് അനുഭവിച്ചിട്ടില്ല. അതുകൊണ്ട് അങ്ങനെയൊരു വേര്‍തിരിവ് ഇല്ല എന്നല്ല. അവര്‍ പറയുന്നത് ശരിയായിരിക്കാം. ഭാവിയില്‍ അത് അനുഭവിക്കേണ്ടി വരുമ്പോഴാകും എനിക്ക് അതിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയുക.

സിനിമയ്ക്കുള്ള വിവേചനം ആണല്ലോ കുറച്ചുകാലങ്ങളായി ചര്‍ച്ചാവിഷയം, അനശ്വരയ്ക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

ചെറിയ കാര്യങ്ങളില്‍ അത്തരം വിവേചനം ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് എന്തെങ്കിലും കാര്യത്തില്‍ പ്രതികരിക്കുമ്പോള്‍ പെണ്‍കുട്ടിയാണെങ്കില്‍ അത് ഓവര്‍ റിയാക്ടിംഗ് ആണെന്നാണ് പറയുക. അതേസമയം, ആണ്‍കുട്ടിയാകുമ്പോള്‍ അത് നല്ല രീതിയില്‍ പ്രതികരിച്ചതാണെന്നും പറയും. അങ്ങനെ രണ്ടുതരത്തിലാണ് ആള്‍ക്കാര്‍ വിലയിരുത്തുന്നത്. സിനിമയില്‍ മാത്രമല്ല, അത് എല്ലായിടത്തുമുണ്ട് ആ വിവേചനം.

സൈബര്‍ അറ്റാക്കിനെ ഭയമുണ്ടോ? അങ്ങനെ പേടിച്ച് എന്നെങ്കിലും പ്രതികരിക്കാതിരുന്നിട്ടുണ്ടോ?

എനിക്ക് അത്തരം അനുഭവമുണ്ടായപ്പോള്‍ ഞാന്‍ സംസാരിച്ചിട്ടുണ്ട്. സൈബര്‍ ആക്രമണത്തെ ഭയക്കണമോ എന്ന് ചോദിച്ചാല്‍ പേടിക്കുന്നവരുണ്ടാകാം. ചിലപ്പോള്‍ എന്തിനാണ് ഇതിനെല്ലാം ചെവികൊടുക്കുന്നത് എന്ന് കരുതി അവഗണിക്കുന്നവരും ഉണ്ടാകാം. ചിലര്‍ പ്രതികരിക്കുന്നു. അവരുടേതായ രീതിയില്‍ അത് രണ്ടും ശരിയാണ്. ഞാന്‍ ആരെയും പേടിച്ച് ഇതുവരെ പ്രതികരിക്കാതെ ഇരുന്നിട്ടില്ല. എനിക്ക് ചെറുപ്പം മുതല്‍ അത്തരം അനുഭവം ഉണ്ടായതുകൊണ്ടാണ് ഞാന്‍ ഒരിക്കല്‍ പ്രതികരിച്ചത്. ഇനിയുള്ള തലമുറയിലെങ്കിലും അങ്ങനെയുണ്ടാകരുതെന്ന് കരുതിയാണ് പ്രതികരിച്ചത്. ഇനിയും അങ്ങനെ സംസാരിക്കുമായിരിക്കും. ഒരു ഇന്‍ഫ്ളുവെന്‍സര്‍ എന്ന നിലയില്‍ നമ്മളെ കേള്‍ക്കാന്‍ ആളുണ്ട്. അത് വലിയ ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ എന്നെയോ മറ്റാരെയെങ്കിലുമോ മോശമായി ബാധിക്കുന്ന കാര്യങ്ങള്‍ ഉണ്ടായാല്‍ ഇനിയും പ്രതികരിച്ചെന്ന് വരാം.

വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മൈക്കിന് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം നിര്‍മ്മാതാവായ ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. സിനിമയില്‍ അഞ്ചുവര്‍ഷം പിന്നിടുന്ന അനശ്വരയുടെ പത്താമത്തെ ചിത്രം കൂടിയാണിത്.

UPDATES
STORIES