ഈ ആണുങ്ങൾ എന്തിന്റെ പേരിലാണ് അഹങ്കരിക്കുന്നത്?

/ March 10, 2022

സ്ത്രീകൾക്ക് ലൈംഗിക തൊഴിൽ ചെയ്യാൻ അവസരം നൽകുകയാണോ  അവരെ ഈ  തൊഴിലിൽ നിന്നും “രക്ഷിക്കുകയാണോ” വേണ്ടത് എന്ന ചർച്ച കുറെയധികം കാലമായി നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഒരു തൊഴിൽ എന്ന നിലയിൽ ലൈംഗിക വൃത്തിയെ ഉൾപ്പെടുത്തുന്നു എന്നതിൽ തന്നെ ഏറെ എതിർപ്പുകൾ ഉള്ള ഒരു നാടാണ് നമ്മുടേത്. കാമാത്തിപുരകളും ചുവന്ന തെരുവുകളും പൂട്ടിയാൽ  നാട്ടിലെ സദാചാരം സംരക്ഷിക്കപ്പെടും എന്ന് വിചാരിക്കുന്ന ഭരണകർത്താക്കളുടെ കൂടെ സമൂഹമാണിത്. അവിടേക്കാണ് അറുപതുകളിൽ കാമാത്തിപുര അടക്കി ഭരിച്ച ഒരു മാഫിയ ക്വീൻ ആയ ഗംഗുഭായിയുടെ കഥ നമുക്ക് മുന്നിലേക്ക് വരുന്നത്.

2022 ഫെബ്രുവരിയിൽ ആണ് ഗംഗുഭായ് കാത്തിയവാടി എന്ന ഹിന്ദി ചലച്ചിത്രം  പുറത്തിറങ്ങിയത്.  പതിനാറാം വയസിൽ കാമാത്തിപുരയിൽ കാമുകൻ 1000 രൂപയ്ക്ക് വില്പ്പന നടത്തിയ പെൺകുട്ടിയാണ് ഗംഗ. എത്ര പ്രതിരോധിച്ചാലും എത്ര സമരം ചെയ്താലും തന്റെ മുന്നിൽ മരണം അല്ലെങ്കിൽ കാമാത്തിപുരയിലെ ലൈംഗിക തൊഴിൽ ഇവയിലേതെങ്കിലും മാത്രമേ വഴിയുള്ളൂ എന്ന് തിരിച്ചറിയുന്ന ആ പതിനാറുകാരിയുടെ ജീവിതമാണ് ഈ ചലച്ചിത്രം. ഇത് യഥാർത്ഥത്തിൽ കാമാത്തിപുരയിൽ 1960കളിൽ ജീവിച്ചിരുന്ന ഗംഗുഭായ്  ഹർജിവൻദാസ് എന്ന സ്ത്രീയുടെ കഥയാണ്. ഹുസ്സൈൻ സൈദിയുടെ   മാഫിയ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്തകത്തിൽ നിന്നും ആണ് ഈ കഥ ചലച്ചിത്രമാക്കിയിരിക്കുന്നത്. വിഖ്യാത സംവിധായകൻ സഞ്ജയ് ലീല ബൻസാലി ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ആലിയ ഭട്ടാണ് തിരശീലയിൽ ഗംഗുഭായ്ക്ക് ജീവൻ നൽകിയത്.

‘നിന്റെ മുന്നിലെ ഈ മിട്ടായികളിൽ ഒന്നിൽ മരണം ആണ് ഒന്നിൽ കാമാത്തിപുരയിലെ ജീവിതം ആണ് ഏത് വേണം?  മരണം വേണോ? ജീവിതം വേണോ?’ എന്ന് സിനിമയുടെ തുടക്കത്തിൽ ലൈംഗിക വൃത്തിക്കായി വിൽക്കപ്പെട്ട ഒരു പെൺകുട്ടിയോട് ഗംഗുഭായ്  ചോദിക്കുന്നുണ്ട്. പെൺകുട്ടി മടി കൂടാതെ തിരഞ്ഞെടുക്കുന്നത് മരണം ആണ്. ആ പെൺകുട്ടിയോട് ഈ ചോദ്യത്തിന് മുന്നേ തന്റെ കഥ ഗംഗുഭായ്  പറയുന്നുണ്ട്. താൻ തിരഞ്ഞെടുത്തത് ജീവിതം ആണെന്നും പറയുന്നു. എന്നാൽ മരണം തിരഞ്ഞെടുക്കാൻ ഉറപ്പിച്ച ആ പെൺകുട്ടിയെ കാമാത്തിപുരയിൽ നിന്നും രക്ഷിക്കാൻ വഴി ഒരുക്കുകയാണ്  ഗംഗുഭായ്  ചെയ്യുന്നത്. ആരെയും നിർബന്ധിച്ച് ഈ തൊഴിലിലേക്ക് കൊണ്ടുവരരുത്. ആരെയും ചതിയിൽപെടുത്തി കൊണ്ടുവരരുത്. പക്ഷെ ഇതും ഒരു തൊഴിലാണ് എന്നതാണ് ഗംഗുഭായ്  തന്റെ ജീവിതത്തതിൽ അനുവർത്തിച്ചു പോരുന്ന പാഠം.

കാമാത്തിപുരയിലെ ഇത്തരം ചതിയും പോലീസിന്റെ അതിക്രമങ്ങളും സർക്കാർ നടത്തുന്ന അധിനിവേശവും സദാചാര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന വിവേചനങ്ങളും അവസാനിപ്പിക്കാൻ ആണ് ഗംഗുഭായ് തന്റെ ജീവിതം കൊണ്ട്  ശ്രമിക്കുന്നത്. അതിൽ ചിലപ്പോൾ മറ്റുള്ളവർക്ക് തെറ്റാണ് എന്ന് തോന്നുന്ന പലതും അവൾക്ക് ചെയ്യേണ്ടി വരുന്നുണ്ട്. കരീം ലാല പോലുള്ള ഗുണ്ടാനേതാവിന്റെ സഹായത്തോടെയാണ് പലപ്പോഴും തന്റെ സ്ഥാനം അവൾ നേടിയെടുക്കുന്നതും. പക്ഷെ ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെന്നും, കാമാത്തിപുരയെ സംരക്ഷിക്കുകയാണ്  തന്റെ ലക്ഷ്യമെന്നും അവിടെയുള്ള സ്ത്രീകൾക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവുകയാണ് വേണ്ടത് എന്നും ഗംഗുഭായ് ആവർത്തിച്ച് പറയുന്നുണ്ട്. ഗംഗുഭായ് പറയുന്ന പലകാര്യങ്ങളിൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ കേൾക്കുമ്പോൾ അത്ര പുതുമ തോന്നിയില്ലെങ്കിലും ആ കാലത്ത് ഒരു സ്ത്രീ ഇങ്ങനെ ജീവിച്ചിരുന്നു എന്നത് അത്ഭുതമാണ്.

“ഏറ്റവും കൂടുതൽ അഭിമാനം ഉള്ളത് ഞങ്ങൾക്കാണ്- നിങ്ങളുടെ ഒക്കെ മാനം ഒരുതവണ നഷ്ടപ്പെട്ടാൽ തീരും പക്ഷെ ഞങ്ങൾ എന്നും രാത്രി മാനം വിറ്റാണ് ജീവിക്കുന്നത് എന്നിട്ടും മാനം തീരുന്നില്ല”  എന്ന് പറഞ്ഞുകൊണ്ടാണ് ഗംഗുഭായ് ആസാദ് മൈതാനത്ത് നടക്കുന്ന  പൊതുപരിപാടിയെ അഭിസംബോധന ചെയ്യുന്നത്.   ലൈംഗിക തൊഴിൽ ചെയ്യാൻ അവസരം നൽകണോ എന്ന ചോദ്യത്തിന് ഞങ്ങൾ ഉള്ളത് കൊണ്ടാണ് നിങ്ങളുടെ ഭാര്യമാർ തെരുവുകളിൽ അപമാനിക്കപെടാതെ പോകുന്നത് നാട്ടിൽ ബലാത്സംഗങ്ങൾ കുറയുന്നത്, എന്നാണ് ഗംഗുഭായ് മറുപടി പറയുന്നത്.

ഗംഗുഭായ് ആയി ആലിയ ഭട്ട്

കേരളത്തിലും ഇതേ ആശയങ്ങൾ പറയുന്ന പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന ലൈംഗിക തൊഴിൽ ചെയ്യാൻ ശ്രമിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മകൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന നളിനി ജമീലയുടെ വാക്കുകളോട് ഏറെ സാദൃശ്യം ഉള്ള വാക്കുകളാണ് ഗംഗുഭായുടേതും. ‘ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ’ വായിച്ച ഒരാൾക്ക് ഗംഗുഭായിയും നളിനി ജമീലയും തമ്മിൽ ഏറെ സാമ്യം തോന്നും.  എന്തുകൊണ്ട് ലൈംഗിക തൊഴിൽ എന്നതിന് എന്തുകൊണ്ട് അത് പാടില്ല? ബുദ്ധി വിറ്റ് ജീവിക്കുന്നത് പോലെ തന്നെ ആണ് ശരീരം എന്ന ടൂൾ ഉപയോഗിച്ചുള്ള ജീവിതം. ആ തൊഴിലിനെ വിലകുറച്ചു കാണുന്നത് സമൂഹമാണ്. അതിലെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് സമൂഹത്തിന്റെ നിയമങ്ങൾ ആണ്. അത് കൊണ്ട് മാറേണ്ടത് സമൂഹമാണ് എന്ന് ഉറക്കെ പറഞ്ഞ സ്ത്രീകളാണ് രണ്ടുപേരും. ജീവിതപരിസരങ്ങളും കാലഘട്ടവും വ്യത്യാസമുണ്ടെങ്കിലും രണ്ടുപേരുടെയും ആശയങ്ങൾ ഒരേ പാതയിലേക്കുള്ള വെളിച്ചങ്ങളാണ്.

കാമാത്തിപുരയിലെ സ്ത്രീകൾക്ക് ആത്മവിശ്വാസം ഉണ്ടാകാൻ, പുറത്ത് ഒരു ജീവിതം സാധ്യമാണ് എന്നുറപ്പ് വരുത്താൻ സ്വന്തം പ്രണയം വേണ്ട എന്ന് വയ്ക്കാൻ പോലും തയ്യാറായ ഒരു സ്ത്രീ കൂടിയാണ് ഗംഗുഭായ്. കാമാത്തിപുരയിലെ സ്ത്രീകളുടെ ആകെ വിശ്വാസം നേടിയെടുക്കാനും പ്രതീക്ഷകൾ ഊട്ടിയുറപ്പിക്കാനുമായി, കാമുകന്റെ വഞ്ചനയ്ക്കും പിന്നീട് കടന്നുപോകേണ്ടി വന്ന അസുഖകരമായ ജീവിതത്തിനും ഒടുവിൽ തന്നെ തേടി വന്ന പ്രണയം പോലും ഒരു ഘട്ടത്തിൽ ത്യജിക്കാൻ ഗംഗുഭായ് തയാറാകുന്നുണ്ട്.

സിനിമയിൽ കാണിക്കുന്നത്ര സുഖം നിറഞ്ഞതാകണം എന്നില്ല കാമാത്തിപുരയിലെ സ്ത്രീകളുടെ ജീവിതങ്ങൾ. ഇത്രയേറെ നിറങ്ങൾ ഉണ്ടാകണം എന്നുമില്ല. എങ്കിലും അതിൽ സ്ത്രീകൾക്ക് തമ്മിൽ മാത്രം സാധ്യമാകുന്ന ഒരു കൂട്ടായ്മയുണ്ട്. പരസ്പരം താങ്ങാവലുണ്ട്. സ്നേഹമുണ്ട്. അവർക്ക് മാത്രം മനസിലാകുന്ന പങ്കുവയ്ക്കലുകളും വേദനകളുമുണ്ട്. ഛായാഗ്രഹണം, രംഗവിതാനം, അഭിനയം, തിരക്കഥ, സംവിധാനം എന്നെ മേഖലകൾ എല്ലാം തികഞ്ഞ കയ്യടക്കത്തോടെയാണ് ഗംഗുഭായ് എന്ന സ്ത്രീയെയും അവരുടെ ജീവിത യാത്രകളെയും  നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.  സിനിമ ഒരു പരിപൂർണ സഞ്ജയ്  ലീല ബൻസാലി സിനിമയാണ്. വലിയ ഫ്രയിമുകളും നിറങ്ങളും  നിറമില്ലായ്‌മയും ഒക്കെ കൊണ്ട് കഥയെ നമ്മളിലേക്ക് തുന്നി വയ്ക്കുന്ന അസ്സൽ ഒരു സഞ്ജയ് ലീല ബൻസാലി മാജിക്കാണ്. ആലിയ ഭട്ടിന്റെ കരിയർ ബെസ്റ്റ് പെർഫോമെൻസ് എന്നൊക്കെ പറഞ്ഞാലും അധികമാകാത്ത വിധത്തിലാണ് ഗംഗുഭായ് എന്ന സ്ത്രീയെ അവർ അവതരിപ്പിച്ചിരിക്കുന്നത്.

ബുദ്ധിയും ശക്തിയും സമ്പത്തും മൂന്നും  സ്ത്രീകൾ (ദേവതകൾ) ആയിരിക്കെ ഈ പുരുഷന്മാർ എന്തിന്റെ പേരിലാണ് ഉയർന്നവരായി അഹങ്കരിക്കുന്നത് എന്ന് കൂടിയാണ് സിനിമ ചോദിക്കുന്നത്!! ഗംഗുഭായ് തലകുനിച്ചുകൊണ്ടല്ല തലയുയർത്തിയാണ് തങ്ങളുടെ അവകാശങ്ങളെ കുറിച്ച് സംസാരിച്ചത് എന്ന അഭിമാനം കൂടിയാണ് ഈ സിനിമ പങ്കുവയ്ക്കുന്നത്.  

UPDATES
STORIES