’50 ശതമാനം മോഹന്‍ലാല്‍, 20 ശതമാനം സുരേഷ് ഗോപി’; വിമർശനത്തിന് മറുപടിയുമായി അനൂപ് മേനോൻ

തന്റെ അഭിനയത്തെ കുറിച്ചും സിനിമകളെ കുറിച്ചും സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയായി അനൂപ് മേനോൻ. 21 ഗ്രാംസ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പോപ്പര്‍ സ്റ്റോപ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

തന്റെ അഭിനയം 50 ശതമാനം മോഹന്‍ലാലിനെ അനുകരിക്കുന്നത് പോലെയാണ് എന്ന തരത്തില്‍ വന്ന കമന്റിനാണ് അനൂപ് മേനോന്‍ മറുപടി പറയുന്നത്.

”അഭിനയത്തില്‍ അനൂപ് മേനോന്‍ അനുകരിക്കുന്നത്; 50 ശതമാനം മോഹന്‍ലാല്‍, 10 ശതമാനം മമ്മൂട്ടി, 20 ശതമാനം സുരേഷ് ഗോപി, 10 ശതമാനം ദിലീപ്, 10 ശതമാനം അനൂപ് മേനോന്‍ എന്ന നടന്‍. ഷര്‍ട്ട് ചുളിയാത്ത വേഷങ്ങളാണ് പുള്ളിക്ക് താല്‍പര്യം” എന്നായിരുന്നു കമന്റ്.

ഈ കമന്റിനെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് “അത് അയാളുടെ അഭിപ്രായമല്ലേ, എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല,” എന്നാണ് അനൂപ് മേനോന്‍ മറുപടി പറയുന്നത്.

മാർച്ച് 18ന് റിലീസ് ചെയ്യുന്ന ചിത്രം സസ്‌പെന്‍സ് ക്രൈം ത്രില്ലറാണ്. ഒരു കൊലപാതകത്തെ തുടര്‍ന്ന് അതന്വേഷിക്കാന്‍ എത്തുന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും അനൂപ് മേനോന്‍ പ്രത്യക്ഷപ്പെടുന്നത്.

അനൂപ് മേനോന്റെ സംവിധാനത്തില്‍ അനൂപും നടി സുരഭി ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പത്മ എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

UPDATES
STORIES