‘പുള്ളി അവിടെ ക്യാഷ് എണ്ണുകയാവും’; ‘മരക്കാര്‍’ പോസ്റ്റ് ആന്റണി ടൈപ്പ് ചെയ്തതോ എന്ന ചോദ്യത്തിന് സിജുവിന്റെ മറുപടി

സമ്മിശ്ര പ്രതികരണങ്ങളുമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’. ഡിസംബര്‍ രണ്ടിന് തിയേറ്ററുകളിലെത്തിയ മരക്കാര്‍ ഒരാഴ്ച്ച പിന്നിടുന്നു. പുറത്തിറങ്ങിയ ആദ്യ ദിവസം മുതല്‍ ആരംഭിച്ച മരക്കാര്‍ വിലയിരുത്തലുകള്‍ സമൂഹമാധ്യമങ്ങളില്‍ തുടരുകയാണ്. ചിത്രം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് ഒരു വിഭാഗവും ചിത്രത്തെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ഡീഗ്രേഡിങ്ങ് നടത്തുകയാണെന്ന് മറുവിഭാഗവും അഭിപ്രായപ്പെടുന്നുണ്ട്. ഇതിനിടെ മരക്കാര്‍ കണ്ട് തന്റെ അഭിപ്രായവുമായി നടന്‍ സിജു വില്‍സന്‍ രംഗത്തെത്തി. മരക്കാര്‍ തന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയെന്ന് സിജു ഫേസ്ബുക്കില്‍ കുറിച്ചു. തിയേറ്റര്‍ അനുഭവം നഷ്ടപ്പെടുത്തരുത്. നല്ല സിനിമകള്‍ക്കൊപ്പം നില്‍ക്കൂയെന്നും നടന്‍ പ്രതികരിച്ചു.

സിജു വില്‍സന്റെ പോസ്റ്റിന് കീഴെ വ്യത്യസ്ത പ്രതികരണങ്ങളുമായി ആളുകളെത്തിയതോടെ കമന്റ് ബോക്‌സ് ചൂടുപിടിച്ചു. പരിഹസിച്ചും പിന്തുണച്ചും എത്തിയ കമന്റുകള്‍ക്ക് നടന്‍ മറുപടിയും നല്‍കുന്നുണ്ട്. ‘ആന്റണി സാര്‍ ടൈപ്പ് ചെയ്ത് തന്നതാണോ ബ്രോ?’ എന്ന ചോദ്യത്തിന് സിജുവിന്റെ മറുപടി ഇങ്ങനെ. ”പുള്ളിക്കൊന്നും അതിനുള്ള നേരമില്ല ബ്രോ, പുള്ളി അവിടെ ക്യാഷ് എണ്ണിക്കൊണ്ടിരിക്കുകയായിരിക്കും. പിന്നെ എനിക്ക് ടൈപ്പിങ്ങ് അറിയാവുന്നതുകൊണ്ടും, എന്നിലെ പ്രേക്ഷകന്റെ അഭിപ്രായം രേഖപ്പെടുത്താനുള്ള അറിവും ബോധവും എനിക്കുള്ളതുകൊണ്ടും, തല്‍ക്കാലം ആരുടേയും സഹായം എനിക്കാവശ്യമില്ല.’

സിജു വില്‍സന്റെ കമന്റ്

സിനിമ ശരാശരിയാണെന്ന തരത്തില്‍ അഭിപ്രായപ്പെട്ട ഒരു യൂസറെ മാനിക്കുന്നുവെന്ന് നടന്‍ പറഞ്ഞു. ‘എന്നിലെ ആസ്വാദകനെ തൃപ്തിപ്പെടുത്തിയില്ല. പക്ഷെ, നിരാശപ്പെടുത്തിയില്ല’ എന്ന കമന്റിനോട് സിജു വില്‍സന്‍ ഇങ്ങനെ പ്രതികരിച്ചു. ‘തീര്‍ച്ചയായും താങ്കളിലെ ആസ്വാദകനെ ഞാന്‍ മാനിക്കുന്നു. താങ്കളിലെ ആസ്വാദകനെ തൃപ്തിപ്പെടുത്താന്‍ പറ്റുന്ന പടങ്ങള്‍ വരട്ടെ, അതു എല്ലാവരെയും തൃപ്തിപ്പെടുത്തട്ടെ.’

‘വെറുതെ തള്ളി കളിക്കാതെ’ എന്ന കമന്റ് ചെയ്തയാള്‍ക്കും നടന്‍ മറുപടി നല്‍കി. ‘എന്റെ അഭിപ്രായം രേഖപെടുത്തുന്നത് തള്ളല്‍ ആണെങ്കില്‍, എന്നിലെ ആസ്വാദകനും കലാകാരനും എന്നേ മരിച്ചു എന്ന് കരുതണം. അങ്ങനെ ഞാന്‍ മരിക്കാന്‍ അനുവദിക്കുമോ ബ്രോ?.’

വിനയന്‍ സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ടാണ്’ സിജുവിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. വലിയ കാന്‍വാസില്‍ വന്‍ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം സിജുവിന്റെ കരിയറില്‍ വലിയ ബ്രേക്ക് ആയേക്കും. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര പുരുഷനെയാണ് സിജു വില്‍സണ്‍ അവതരിപ്പിക്കുന്നത്. കേന്ദ്ര കഥാപാത്രത്തിന് വേണ്ടി സിജു നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ പത്തൊമ്പതാം നൂറ്റാണ്ട് അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.

UPDATES
STORIES