നിതിന്‍ ലൂക്കോസിന്റെ ‘പങ്കാളി’ നിര്‍മ്മിക്കാന്‍ അനുരാഗ് കശ്യപ്; പ്രൊഡക്ഷനില്‍ പ്രത്യേകതകളേറെ

‘പക’ എന്ന ആദ്യ ചിത്രത്തിലൂടെ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ക്ക് അര്‍ഹനായ സംവിധായകന്‍ നിതിന്‍ ലൂക്കോസ് രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ‘പങ്കാളി’ എന്ന രണ്ടാമത്തെ ചിത്രത്തിന്റെ നിര്‍മ്മാണം അനുരാഗ് കശ്യപും രാജ് രചകൊണ്ടയും ചേര്‍ന്നാണ്. ഈ ടീം തന്നെയായിരുന്നു പകയുടെയും നിര്‍മ്മാതാക്കള്‍.

കേരളത്തില്‍ നടക്കുന്ന പൊളിറ്റിക്കല്‍ സറ്റയറായിട്ടാണ് ചിത്രമൊരുങ്ങുന്നതെന്നാണ് നിതിന്‍ ലൂക്കോസ് പറയുന്നത്. ഒരു കലാപത്തിന്റെ അനന്തരഫലമായി മനുഷ്യബന്ധങ്ങള്‍ക്കിടയിലുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയമാണ് അനുരാഗ് കശ്യപിനെ സിനിമയിലേക്ക് ആകര്‍ഷിച്ചതെന്നും നിതിന്‍ പറഞ്ഞതായി സിനിമാ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സ്വതന്ത്ര സിനിമകളെ പിന്തുണയ്ക്കുന്ന സംരംഭമായ ഹോങ്കോങ് ഏഷ്യാ ഫിലിം ഫിനാന്‍സിങ് ഫോറം സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ച 28 സിനിമകളില്‍ ഒന്നാണ് ‘പങ്കാളി’. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 222 എന്‍ട്രികളില്‍നിന്നാണ് ഫോറം പങ്കാളിയടക്കമുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. ഇത് ആദ്യമായാണ് ഒരു മലയാളം ചിത്രം ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ‘ആമിസ്’ എന്ന ചിത്രത്തിലൂടെ പ്രശസ്തിയാര്‍ജിച്ച ഭാസ്‌കര്‍ ഹസാരികയുടെ ‘ഇന്‍സെക്ട’വും സോനല്‍ സെഗാള്‍ നിര്‍മ്മാണവും പിയറെ ഫില്‍മോണ്‍ സംവിധാനവും നിര്‍വഹിക്കുന്ന ഇന്റോ-ഫ്രഞ്ച് ഫീച്ചര്‍ ഫിലിം ‘ട്രാവലേഴ്‌സു’മാണ് ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.

ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍നിന്നും ലഭിക്കുന്ന സ്വീകാര്യത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വലിയ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നതാണെന്ന് നിതിന്‍. ‘ഇന്റര്‍നാഷണല്‍ കോ പ്രൊഡക്ഷന്‍ മാര്‍ക്കറ്റിലേക്ക് മലയാള സിനിമ വരുന്നതുതന്നെ വളരെ ചുരുക്കമാണ്. വിദേശത്തുനിന്നും ഒരു സിനിമയുടെ നിര്‍മ്മാണത്തിന് പിന്തുണയുണ്ടാകുന്നു എന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. അതിലൂടെ സിനിമയ്ക്ക് കിട്ടുന്ന അംഗീകാരവും ചെറുതല്ല’, നിതിന്റെ വാക്കുകള്‍ ഇങ്ങനെ.

‘പക’യുടെ ഡിജിറ്റല്‍ റിലീസും ആലോചിക്കുന്നുണ്ടെന്നാണ് നിതിന്‍ വ്യക്തമാക്കുന്നത്. ബേസില്‍ പൗലോസ്, നിതിന്‍ ജോര്‍ജ്, വിനിത കോശി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റിവെഞ്ച് ഡ്രാമയായിട്ടാണ് പക എത്തിയത്. വയനാടന്‍ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ പ്രദര്‍ശനത്തിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷം സൗണ്ട് ഡിസൈനറായിട്ടായിരുന്നു നിതിന്‍ ലൂക്കോസ് സിനിമാ രംഗത്തേക്കെത്തിയത്.

UPDATES
STORIES