‘ശേഖര വര്‍മ്മ രാജാവു’മായി നിവിന്‍ പോളി; ഒരുമിക്കുന്നത് ‘ഇഷ്‌ക്’ സംവിധായകന്‍ അനുരാജ് മനോഹറിനൊപ്പം

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്ററെത്തി. ‘ശേഖര വര്‍മ്മ രാജാവ്’ എന്നാണ് സിനിമയുടെ പേര്. എസ് രഞ്ജിത് തിരക്കഥയെഴുതിയിരിക്കുന്നു. നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്‌ചേഴ്‌സാണ് ശേഖരവര്‍മ്മ രാജാവിന് വേണ്ടി മുതല്‍ മുടക്കുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.

കാലപ്പഴക്കം കൊണ്ട് വിണ്ടുകീറിയ ഒരു മതിലില്‍ ചെസ് ബോര്‍ഡിലെ രാജാവിന്റെ കരു വരച്ചുവെച്ചിരിക്കുന്നതാണ് പോസ്റ്ററില്‍. മമ്മൂട്ടി, നിവിന്‍ പോളി, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചു.

അനുരാജ് മനോഹര്‍

‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രമാണ് ശേഖര വര്‍മ്മ രാജാവ്. ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി ഹോട്‌സ്റ്റാറില്‍ നേരിട്ട് റിലീസ് ചെയ്ത ‘കകക’ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ പവിത്രന്‍ എന്ന നിവിന്‍ പോളി കഥാപാത്രവും പ്രശംസ നേടി. അനുരാജ് മനോഹറിന്റെ രണ്ടാമത്തെ ചിത്രമാണ് ‘എസ്‌വിആര്‍’. ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, ആന്‍ ശീതള്‍, ജാഫര്‍ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയ ‘ഇഷ്‌ക്’ (2019) ശ്രദ്ധിക്കപ്പെടുകയുണ്ടായി. കമിതാക്കള്‍ സദാചാര പൊലീസിങ്ങ് നേരിടേണ്ടി വരുന്നതും കാമുകന്‍ പകരം വീട്ടാനായി ഇറങ്ങിത്തിരിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഇഷ്‌കിന്റെ രാഷ്ട്രീയ വായനകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

ശേഖര വര്‍മ്മ രാജാവ് പോസ്റ്റര്‍
UPDATES
STORIES