ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഡതാരം ജൂലന്‍ ഗോസ്വാമിയുടെ ജീവിതം പറയുന്ന ഛക്ദേ എക്സ്പ്രസുമായി അനുഷ്കാ ശര്‍മ്മ. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്ന് താരം അറിയിച്ചു. പ്രോസിത് റോയിയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ അഭിഷേക് ബാനര്‍ജിയുടേതാണ്.
‘ഇത് തീര്‍ച്ചയായും സവിശേഷതകളേറെയുള്ള ചിത്രമാണിത്. അസാമാന്യമായ ത്യാഗത്തിന്റെ കഥ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജൂലന്‍ ഗോസ്വാമിയുടെ ജീവിതവും ആ കാലഘട്ടവും ആസ്പദമാക്കിയാണ് ‘ഛക്ദേ എക്സ്പ്രസ്’ ഒരുങ്ങുന്നത്. വനിതാ ക്രിക്കറ്റിനെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ നല്‍കിയാണ് ചിത്രമെത്തുക. ഒരു ക്രിക്കറ്റ് താരമാകണമെന്നും ലോകത്തിന്റെ നെറുകയില്‍ തന്റെ രാജ്യത്തിന്റെ അഭിമാനമുയരണമെന്നും ജൂലന്‍ തീരുമാനിച്ച കാലം സ്ത്രീകള്‍ക്ക് ക്രിക്കറ്റ് എന്നല്ല, കായിക രംഗത്തെക്കുറിച്ചുപോലും ചിന്തിക്കാന്‍ കഴിയുന്നതായിരുന്നില്ല. ജൂലന്റെ ജീവിതത്തെയും വനിതാ ക്രിക്കറ്റിനെയും പരുവപ്പെടുത്തിയ നിരവധി സംഭവങ്ങളുടെ നാടകീയ പുനരാഖ്യാനമാണ് ഈ സിനിമ’, ചിത്രം പ്രഖ്യാപിച്ചുകൊണ്ട് അനുഷ്ക പറഞ്ഞു.
ഒരു സപ്പോര്‍ട്ട് സിസ്റ്റം ഇല്ലാത്തതു മുതല്‍, സൗകര്യങ്ങള്‍, സ്ഥിരവരുമാനം, ക്രിക്കറ്റിലെ ഭാവി വരെയുള്ള കാര്യങ്ങളാല്‍ ക്രിക്കറ്റിനെ ഒരു തൊഴിലായി സ്വീകരിക്കാന്‍ ചുരുക്കം സ്ത്രീകള്‍ മാത്രമാണ് തയ്യാറായത്. ജൂലന്റെ മുമ്പിലും പ്രതിസന്ധികള്‍ ഏറെയായിരുന്നു. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ക്രിക്കറ്റ് വഴങ്ങില്ലെന്ന സ്ഥിരസങ്കല്പത്തെ മറികടന്ന് അടുത്ത തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് വേദിയൊരുക്കാന്‍ ജൂലന്‍ കഠിനാധ്വാനം ചെയ്തു. അഭിനിവേശവും കഠിനാധ്വാനവും ഇന്നല്ലെങ്കില്‍ നാളെ വിജയം കാണും എന്നതിന്റെ നേര് സാക്ഷ്യമായി ജൂലന്റെ ജീവിതമെന്നും അനുഷ്ക പറയുന്നു.
‘ഒരു സ്ത്രീ എന്ന നിലയില്‍, ജൂലന്റെ ജീവിതം കേള്‍ക്കുമ്പോള്‍ എനിക്ക് അഭിമാനമാണുണ്ടാവുന്നത്. ആ ജീവിതം പ്രേക്ഷകരിലേക്കും ക്രിക്കറ്റ് പ്രേമികളിലേക്കും എത്തിക്കാന്‍ ശ്രമിക്കുന്നതും സന്തോഷകരംതന്നെ. ഒരു ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന രാജ്യമെന്ന നിലയില്‍, നമ്മുടെ വനിതാ താരങ്ങള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കേണ്ടതുണ്ട്. ജൂലന്റെ കഥ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ക്രിക്കറ്റ് ചരിത്രത്തിലെ അധഃകൃതരുടെ ഏടാണ്’, അനുഷ്ക സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ചിത്രം നെറ്റ്ഫ്ളിക്സിലൂടെയാണ് പ്രദര്‍ശനത്തിനെത്തുക.