എന്തുകൊണ്ടാണ് റേപ്പ് സംഭവിക്കുന്നത്? എങ്ങനെയാണ് ഒരാള്‍ റേപ്പിസ്റ്റായി മാറുന്നത്? വധ ശിക്ഷ റേപ്പിന് പരിഹാരമാണോ? ഇങ്ങനെ നിര്‍ബന്ധമായും ചോദിക്കേണ്ട ചോദ്യങ്ങളും പറയപ്പെടേണ്ട സത്യങ്ങളുമാണ് ‘ദി റേപ്പിസ്റ്റ്’ എന്ന അപര്‍ണ സെന്നിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രേരകശക്തികള്‍.
ഒരു ക്രിമിനല്‍ സൈക്കോളജി പ്രൊഫസറായ നൈനയും, പ്രൊഫസറും വധശിക്ഷയ്ക്കെതിരെ നിരന്തരം സംസാരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായ അഫ്താബും(അര്ജുന് രാംപാല്‍) ഭാര്യാഭര്ത്താക്കന്മാരാണ്. മധ്യവര്‍ഗ ജീവിതം നയിക്കുന്ന ഇരുവരുടേയും ഏക പ്രശ്നം കുഞ്ഞുങ്ങളില്ല എന്നതാണ്. ഗാര്‍ഹിക പീഡനത്തിന്റേയും ശിശുഹത്യയുടേയും പേരില്‍ സമൂഹവിചാരണ നേരിടുന്ന, തങ്ങളുടെ കോളജിലെ ജോലിക്കാരിയുടെ മകളെ സഹായിക്കാനായി അവര്‍ താമസിക്കുന്ന ചേരിയില്‍ എത്തുകയാണ് നൈനയും സഹപ്രവര്‍ത്തക മാലിനിയും. അവിടെ വച്ച് ഇരുവരും ലൈംഗികാതിക്രമണത്തിന് വിധേയരാകുകയും സഹപ്രവര്‍ത്തക മരിക്കുകയും നൈനയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുന്നു. സംഭവത്തില്‍ പരാതിപ്പെടുന്ന നൈനയോട് രാത്രിയില്‍ അത്തരമൊരു സ്ഥലത്ത് ഇരിക്കാന്‍ നിങ്ങള്‍ ഒരു ലൈംഗികതൊഴിലാളിയാണോ എന്നാണ് പൊലീസ് ചോദിക്കുന്നത്. എന്നാല്‍ അങ്ങേയറ്റം ധൈര്യത്തോടെയും ഭര്‍ത്താവിന്റെ പിന്തുണയോടെയും നൈന താന്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് കോടതിയില്‍ സാക്ഷ്യപ്പെടുത്തുന്നു. കുറ്റവാളിയെ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നു. അതേ സമയം, താന്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്ന നൈന കൂടുതല്‍ മാനസിക പിരിമുറുക്കം അനുഭവിക്കുകയും കുഞ്ഞിനെ നിലനിര്‍ത്താനും തന്നെ ബലാത്സംഗം ചെയ്തയാളെ ജയിലില്‍ സന്ദര്‍ശിച്ച് ഇന്റര്‍വ്യൂ ചെയ്യാനും എന്തുകൊണ്ടാണ് അയാള്‍ തന്നെ ബലാത്സംഗം ചെയ്തത് എന്നറിയാനും തീരുമാനിക്കുന്നു. അവിടെ നൈനയും അഫ്താബും തമ്മിലുള്ള പ്രശ്നങ്ങളും ആരംഭിക്കുന്നു.
‘ബാക്ക് ഡ്രോപ്പ്’ മുതല്‍ ‘ജസ്റ്റിസ്’ വരെയുള്ള എട്ട് അദ്ധ്യായങ്ങളിലായാണ് അപര്‍ണാ സെന്‍ ‘ദി റേപ്പിസ്റ്റ്’ എന്ന സോഷ്യല്‍ ഡ്രാമ ഒരുക്കിയിരിക്കുന്നത്. ബലാത്സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീ അനുഭവിക്കുന്ന വ്യക്തിപരമായ ട്രോമയുടേയും, ഇന്ത്യയില്‍ ഭയനാകമാം വിധം വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്ന സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങളുടേയും സൂക്ഷ്മമായ പരിശോധനയാണ് ദി റേപ്പിസ്റ്റ്. ഇന്ത്യയിലെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളായ അപര്‍ണ സെന്നിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നുകൂടിയാണ് ‘ദി റേപ്പിസ്റ്റ്’ എന്ന് നിസ്സംശയം പറയാം.

പതിനഞ്ച് വര്‍ഷം മുന്‍പാണ് ഈ ചിത്രത്തിന്റെ ആശയം മനസില്‍ രൂപപ്പെട്ടത് എന്ന് അപര്‍ണ സെന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. ആഖ്യാനത്തിലെ വിശാലതയും അതിന്റെ വ്യാപ്തിയും ആഴത്തിലുള്ള ചിന്തയും എക്സിക്യൂഷനില്‍ പുലര്‍ത്തിയിരിക്കുന്ന സൂക്ഷ്മതയും തികച്ചും അഭിനന്ദനീയമാണ്. കുറ്റവാളിയുടേയും അതിജീവിതയുടേയും ജീവിതത്തില്‍ വര്‍ഗം-ലിഗം-മതം എന്നീ സ്വാധീന ഘടകങ്ങളെ കൃത്യമായി പ്ലേസ് ചെയ്യാന്‍ അപര്‍ണ സെന്നിന് കഴിഞ്ഞിട്ടുണ്ട്.
കഥയിലെ റേപ്പിസ്റ്റായ പ്രസാദ് സിങ്ങിന്റെ (തന്മയ് ധനാനിയ), കുറ്റകൃത്യം സംഭവിക്കുന്നതിന് മുമ്പുള്ള ജീവിതം എങ്ങനെയായിരുന്നു എന്ന് അധികം കാണിക്കുന്നില്ല. എന്നാല്‍ ഇയാളും സംഘവും അയല്‍വാസിയായ ഒരു യുവതി രാത്രി തനിയെ പുറത്തു പോയതിന്റെ പേരില്‍ അവരെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നുണ്ട്. അവരുടെ വീക്ഷണത്തില്‍ അവള് ബഹുമാനം അര്ഹിക്കാത്തവളും ബലാത്സംഗം ചെയ്യപ്പെടേണ്ടവളുമാണ്. അവിടെ ജീവിക്കുന്ന ബഹുഭൂരിപക്ഷത്തിനും ഇതേ അഭിപ്രായമാണ്. പ്രസാദ് സിങ്ങിനെ്റ ജീവിതം അന്വേഷിച്ച് പോകുന്ന നൈന കണ്ടെത്തുന്നത് വേദനിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ കാര്യങ്ങളാണ്. അയാളുടെ പിതാവിനാല്‍ നിരന്തരം ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയാണ് അയാളുടെ അമ്മ. തന്റെ സംഘത്തലവനായ ലത്തീഫ് എന്ന ആളാലും പിന്നീട് ജയിലിലെ പൊലീസ് ഉദ്യോഗസ്ഥരാലും പ്രസാദ് സിങ്ങും ബലാത്സംഗം ചെയ്യപ്പെടുന്നുണ്ട്.

നൈന എന്ന കഥാപാത്രമായി സ്ക്രീനില്‍ എത്തിയ കൊങ്കണ സെന്‍ മികച്ച പ്രകടനം കാഴ്ചവച്ചു എന്നു പറഞ്ഞാല്‍ തീര്‍ത്തും ക്ലീഷേ ആയൊരു പരാമര്ശമായിപ്പോകും. ഇന്ത്യന്‍ സിനിമ മേഖലയിലെ ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളാണ് അവര്‍. ഭര്‍ത്താവിന്റെ സ്പര്‍ശം പോലും ഭയപ്പെടുത്തുന്ന അനുഭവമായി മാറുന്നതും ഇടിമിന്നലും മഴയുമുള്ളൊരു രാത്രിയില്‍ വീട്ടില്‍ തനിച്ചാകുന്ന നൈന ഉറക്കത്തില്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നതും ഉള്‍പ്പെടെ ബലാത്സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീയുടെ അതിജീവനം എത്ര പ്രയാസകരമാണെന്ന് വളരെ റിയലിസ്റ്റിക് ആയി ചിത്രീകരിച്ചിട്ടുണ്ട്. സുഹൃത്തും സഹപ്രവര്‍ത്തകയുമായ മാലിനി ക്രൂരമായി കൊല്ലപ്പെടുകയും താന്‍ അതിജീവിക്കുകയും ചെയ്തു എന്ന ചിന്ത നൈനയില്‍ കുറ്റബോധമുണര്ത്തുകയും ചെയ്യുന്നു.
അതിക്രമത്തിനിരയായതിന് ശേഷം നൈനയുടേയും ഭര്‍ത്താവിന്റേയും ജീവിതത്തില്‍ ഉണ്ടാകുന്ന, അവരുടെ ദാമ്പത്യത്തിന് പോലും ഭീഷണിയാകുന്ന സംഭവങ്ങളോട് ഇരുവരുടേയും പ്രതികരണങ്ങള്‍ ചിത്രീകരിച്ചതിലെ റിയലിസ്റ്റിക് സ്വഭാവമാണ് അപര്‍ണ സെന്നിന്റെ തിരക്കഥയുടെ വലിയ ശക്തി. വധശിക്ഷയ്ക്ക് എതിരായിരുന്ന അഫ്താബ് പിന്നീട് തന്റെ ഭാര്യയെ ബലാത്സംഗം ചെയ്തയാളെ തൂക്കിലേറ്റുന്നത് കാണാന്‍ ആഗ്രഹിക്കുന്നു. കുറ്റവാളികള്‍ ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമാകുമ്പോള് വധശിക്ഷ നടപ്പാക്കപ്പെടുന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ അഫ്താബിന്റെ അഭിഭാഷക സുഹൃത്തായ സുഭാഷ് ഓര്‍മപ്പെടുത്തുന്നു.

ഇവിടെ ഒരു വ്യക്തിയല്ല ഒരു വ്യവസ്ഥയാണ് റേപ്പിസ്റ്റാകുന്നത്. വധശിക്ഷയെ കുറിച്ചോ ലൈംഗികാതിക്രമത്തെ കുറിച്ചോ ഒരു കാഴ്ചപ്പാടോ പരിഹാരമോ നിര്‍ദേശിക്കാന്‍ അപര്‍ണ സെന്‍ മുതിരുന്നില്ല. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെ അഡ്രസ് ചെയ്യുകയും അത് ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുകയും കാഴ്ചക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ഉദ്യമത്തെ വിജയകരമായി അപര്‍ണ സെന്‍ തരണം ചെയ്തിരിക്കുന്നു എന്ന് വേണം പറയാന്‍.