ആവശ്യം അംഗീകരിച്ചു; എ.ആർ റഹ്മാന് വേണ്ടി ഇളയരാജ പാട്ടൊരുക്കും

എ.ആർ റഹ്മാൻ, ഇളയരാജ. സംഗീത രംഗത്ത് വിശേഷണങ്ങളുടെ ആവശ്യമില്ലാത്ത പ്രതിഭകൾ. ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സമ്മേളനമായ ദുബായ് എക്സ്പോയുടെ പുതിയ പതിപ്പിൽ ശനിയാഴ്ച ഇളയരാജ അവതരിപ്പിച്ച പ്രത്യേക സംഗീത വിരുന്നുണ്ടായിരുന്നു. നിറഞ്ഞ ആവേശത്തോടെ ആയിരക്കണക്കിന് സംഗീത പ്രേമികളാണ് ചടങ്ങിന് സാക്ഷികളായത്.

പരിപാടിക്ക് ശേഷം ഇളയരാജ എആര്‍ റഹ്‌മാനെ ദുബായിലെ ഫിര്‍ദൗസ് സ്റ്റുഡിയോയില്‍ സന്ദര്‍ശിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രം റഹ്മാൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

“മഹാ സംഗീതജ്ഞൻ ഇളയരാജയെ ഞങ്ങളുടെ ഫിര്‍ദൗസ് സ്റ്റുഡിയോയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷം. അദ്ദേഹം ഞങ്ങൾക്കായി മഹത്തായ സംഗീതം ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നു,” എന്നായിരുന്നു ചിത്രത്തോടൊപ്പം റഹ്മാൻ കുറിച്ചത്.

ഇതിന് പിന്നാലെ റഹ്മാന്റെ ട്വീറ്റ് ഇളയരാജ റീട്വീറ്റ് ചെയ്തു. റഹ്മാന്റെ ആവശ്യം അംഗീകരിച്ചുവെന്നും ഉടൻ തന്നെ കംപോസിങ് തുടങ്ങുമെന്നും രാജ അറിയിച്ചു.

സംഗീത രംഗത്തെ രണ്ട് അത്ഭുതങ്ങളുടെ ഈ കൂടിക്കാഴ്ച ആസ്വാദകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. നിരവധി പേരാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

UPDATES
STORIES