‘അരികേ വരാതെ അകലും മരീചിക’; കുറ്റവും ശിക്ഷയും പ്രൊമോ ഗാനം

ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കുറ്റവും ശിക്ഷയും’ ട്രെയ്‌ലര്‍ ഇറങ്ങിയതിന് പിന്നാലെത്തന്നെ വലിയ പ്രതീക്ഷകളുയര്‍ത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോ സോങ് പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘അരികേ വരാതെ’ എന്നുതുടങ്ങുന്ന ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. നേഹ നായരും ഡോണ്‍ വിന്‍സെന്റും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സിബി തോമസും മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ് കുറ്റവും ശിക്ഷയും കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വിആറാണ് നിര്‍മ്മാണം. സുരേഷ് രാജന്‍ ഛായാഹണവും അജിത്ത് കുമാര്‍ ബി എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. ഡോണ്‍ വിന്‍സെന്റിന്റേതാണ് സംഗീതം.

ആസിഫ് അലിക്കൊപ്പം സൃന്ദ, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, അലന്‍സിയര്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം മെയ് 27ന് പ്രേക്ഷകരിലേക്കെത്തും.

UPDATES
STORIES