അർജുൻ അശോകൻ അഭിമുഖം: അഹ്‌മദ് കബീര്‍ എന്ന സംവിധായകനോടുള്ള വിശ്വാസമാണ് ‘മധുരം’

പ്ലാന്‍ ബി ആയ കാര്‍ വാഷ് സെന്റര്‍ സെറ്റാക്കി വച്ച് പ്ലാന്‍ എ ആയ സിനിമയിലേക്ക് എത്തിയ നടനാണ് അര്‍ജുന്‍ അശോകന്‍. മലയാളികളുടെ പ്രിയനടന്‍ ഹരിശ്രീ അശോകന്റെ മകന്‍. എന്തായാലും പ്ലാന്‍ എ ക്ലിക്കായി. ഇപ്പോള്‍ കൈ നിറയെ സിനിമകളാണ് അര്‍ജുന്. സോണിലിവില്‍ റിലീസിനൊരുങ്ങുന്ന തന്റെ പുതിയ ചിത്രം ‘മധുര’ത്തിന്റെ വിശേഷങ്ങളുമായി സൗത്ത്‌റാപ്പിനൊപ്പം ചേരുകയാണ് മലയാളികളുടെ പ്രിയ താരം അര്‍ജുന്‍ അശോകന്‍.

ജാനേ മന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോഴാണ് മധുരം സോണിലിവില്‍ റിലീസ് ചെയ്യുന്നത്. ജാനേ മനിലെ സമ്പത്തില്‍ നിന്ന് മധുരത്തിലെ കെവിനിലേക്കെത്തുമ്പോള്‍?

വളരെ ഹൈപ്പര്‍ ആക്ടീവ് ആയി തെറിച്ചു നില്‍ക്കുന്ന ഒരു കഥാപാത്രമാണ് സമ്പത്ത്. ദേഷ്യമാണെങ്കിലും സന്തോഷമാണെങ്കിലും അതിന്റെ അങ്ങേ അറ്റത്താണ് സമ്പത്ത്. പുള്ളിക്കൊരു പൈങ്കിളി പ്രേമം ഒക്കെയുണ്ട്. പക്ഷെ കെവിന്‍ അങ്ങനെയല്ല. വളരെ സട്ടില്‍ ആയാണ് പുള്ളി വികാരങ്ങള്‍ ഒക്കെ പ്രകടിപ്പിക്കുന്നത്. സാമ്പത്തികമായി ഉയര്‍ന്ന കുടുംബമാണ് കെവിന്റേത്. കുടുംബ ബിസിനസ് നോക്കി നടത്തുകയാണ്. ചെറിയ കാര്യങ്ങള്‍ക്ക് ടെന്‍ഷനാകുന്ന കെവിന്‍ അമ്മ പറയുന്നത് കേട്ട് ജീവിക്കുന്ന ഒരു മകനാണ്. രസമായിട്ടുണ്ട് എന്നാണ് എല്ലാവരും പറഞ്ഞത്. യഥാര്‍ഥ ജീവിതത്തില്‍ ഞാനുമായി ഒരു സാമ്യവുമില്ലാത്ത ആളാണ് കെവിന്‍. നിഖില വിമലാണ് എന്റെ നായിക. ആദ്യമായാണ് നിഖിലയ്‌ക്കൊപ്പം അഭിനയിക്കുന്നത്. നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നു. സിനിമയില്‍ ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണ്. ചെറി എന്നാണ് നിഖിലയുടെ കഥാപാത്രത്തിന്റെ പേര്. അത്ര നല്ല ബന്ധമല്ല തുടക്കത്തില്‍. നിഖിലയെ എനിക്ക് ഒരു പരിചയവുമില്ലായിരുന്നു. സിനിമയിലെ കഥാപാത്രങ്ങളെ പോലെ പതിയെ ഞങ്ങള്‍ സുഹൃത്തുക്കളാകുകയായിരുന്നു.

മധുരത്തിൽ നിഖില വിമലിനൊപ്പം

ജൂണ്‍ എന്ന ചിത്രത്തിന് ശേഷം വീണ്ടും അഹ്‌മദ് കബീറിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍…?

അഹ്‌മദ് കബീര്‍ എന്ന സംവിധായകനോടുള്ള വിശ്വാസം തന്നെയാണ് മധുരം. എന്താണ് വേണ്ടത് എന്നത് അഹ്‌മദിന് നന്നായി അറിയാം. ഏത് സിനിമയോട് ഓക്കെ പറയുമ്പോഴും അത് സംവിധായകനോടുള്ള വിശ്വാസം തന്നെയാണ്. മധുരം കഥ പറയുമ്പോള്‍ തന്നെ ഉറപ്പായിരുന്നു ഒന്നും കാണാതെ അഹ്‌മദ് ഇതിനിറങ്ങില്ല എന്ന്. വളരെ മനോഹരമായൊരു സിനിമയാണിത്. ആശുത്രിയില്‍ കിടക്കുന്ന രോഗികള്‍ക്കൊപ്പമുള്ള അവരുടെ ബൈസ്റ്റാന്‍ഡേഴ്‌സിന്റെ കഥ. പല തലമുറകളുടെ പ്രണയം പറയുന്ന ഒരു സിനിമ. അഹ്‌മദിന്റെ ഫാദര്‍ ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് ബൈസ്റ്റാന്‍ഡര്‍ ആയി പുള്ളി നിന്നിരുന്നു. അവിടുന്നാണ് മധുരം എന്ന സിനിമയുടെ തോട്ട് ഉണ്ടാകുന്നത്.

ജോജു ചേട്ടനും ഇന്ദ്രന്‍സേട്ടനുമൊക്കെയുണ്ട് മധുരത്തില്‍. ഇവര്‍ക്കൊപ്പം ഞാന്‍ മുന്‍പും അഭിനയിച്ചിട്ടുണ്ട്. ജൂണിലും ജോജു ചേട്ടന്‍ ഉണ്ടായിരുന്നല്ലോ. ജോജു ചേട്ടന്‍ തന്നെയാണ് സിനിമ നിര്‍മിക്കുന്നതും. ജൂണിലുള്ള ഒരുപാട് പേര്‍ മധുരത്തിലുണ്ട്. ശ്രുതിയും നിഖിലയുമല്ലാതെ എല്ലാവരേയും എനിക്കറിയാം.

അച്ഛന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന ഒരുപാട് സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം ഇതിനോടകം അര്‍ജുന്‍ അഭിനയിച്ചു. എത്രത്തോളം എക്‌സൈറ്റിങ് ആയിരുന്നു ആ അനുഭവം?

ഇന്ദ്രന്‍സേട്ടന്‍, മമ്മൂക്ക, ലാല്‍ സര്‍ ഇവരെയൊക്കെ ഞാനും സ്‌ക്രീനിലേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. പരിചയം ഉണ്ടായിരുന്നെങ്കിലും ഒപ്പം അഭിനയിക്കുമ്പോള്‍ ഉള്ള അനുഭവം വേറെ തന്നെയാണ്. ഇന്ദ്രന്‍സ് അങ്കിള്‍ ഒക്കെ അടിപൊളിയാണ്. ഒരു സാധാരണ മനുഷ്യന്‍.

പറവ മുതല്‍ അര്‍ജുന്റെ സിനിമകള്‍ നോക്കിയാല്‍ സൗഹൃദം വളരെ ശക്തമാണെന്ന് തോന്നിയിട്ടുണ്ട്. സൗഹൃദങ്ങള്‍ സിനിമയെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

സൗബിക്ക വിളിച്ചിട്ടാണ് ഞാന്‍ പറവയില്‍ അഭിനയിക്കുന്നത്. അത് കഴിഞ്ഞ മന്ദാരത്തിലും ബിടെക്കിലും ആസിഫ് ഇക്ക വിളിച്ചിട്ടും. ഈ കഥാപാത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയും കിട്ടിയിട്ടുണ്ട്. അവര്‍ക്ക് എന്നോട് സ്‌നേഹമുള്ളതുകൊണ്ടാണല്ലോ ഗൈഡ് ചെയ്യുന്നത്. അവരുടെ സ്‌നേഹവും സൗഹൃദവും വലിയ പിന്തുണയാണ്. പിന്നെ സൗഹൃദം കാരണം ഇഷ്ടമല്ലാത്ത ഒരു സിനിമയോടും എനിക്ക് യെസ് പറയേണ്ടി വന്നിട്ടില്ല.

മുഴുനീള ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ ആളാണ് അച്ഛന്‍ ഹരിശ്രീ അശോകന്‍. ബോധപൂര്‍വം ആ വഴിയില്‍ നിന്നൊന്ന് മാറ്റിപ്പിടിക്കുന്നതാണോ അര്‍ജുന്‍?

എന്ന് പറയാന്‍ പറ്റില്ല. എന്റെയടുത്തെത്തുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നു എന്നു മാത്രം. മുഴുനീള ഹാസ്യ കഥാപാത്രം കിട്ടിയാല്‍ എന്നെക്കൊണ്ട് പറ്റുന്നതാണെങ്കില്‍ ചെയ്യും. വേണ്ടെന്ന് വച്ചിട്ടൊന്നുമില്ല. സൂപ്പര്‍ ശരണ്യ കുറച്ചുകൂടി ഹ്യൂമറിന് പ്രാധാന്യമുള്ള സിനിമയാണ്.

May be a close-up of 3 people, beard, people standing and fire
അജഗജാന്തരത്തിലെ വില്ലനായി

പുതിയ സിനിമകള്‍?

തട്ടാശ്ശേരിക്കൂട്ടം, അജഗജാന്തരം, തുറമുഖം, മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡ്, സൂപ്പര്‍ ശരണ്യ എന്നിങ്ങനെ കുറേ വരുന്നുണ്ട്. അജഗജാന്തരത്തില്‍ കട്ട വില്ലനാണ്. ത്രിശങ്കു എന്ന പുതിയ സിനിമ തുടങ്ങുകയാണ്.

UPDATES
STORIES