അജയന്‍ ചാലിശ്ശേരി: സിനിമകള്‍ക്ക് ചുമരുണ്ടാക്കുന്ന കലാസംവിധായകന്‍

/ January 27, 2022

കലാസംവിധാനം അജയന്‍ ചാലിശ്ശേരി… ഈ പേര് മലയാള സിനിമയിലേക്ക് ഇണങ്ങിയൊരുങ്ങിയ ഒരു കലാസൃഷ്ടിപോലെയാണ്. തുളസി ഡിസൈന്‍സ് എന്ന ചാലിശ്ശേരിയിലെ ചെറിയ സ്ഥാപനത്തില്‍നിന്നും തുടങ്ങി വമ്പന്‍ ചിത്രങ്ങളുടെ പശ്ചാത്തലമൊരുക്കുന്ന തിരക്കേറിയ ആര്‍ട്ട് ഡയറക്ടര്‍. മാരാ, ട്രാന്‍സ്, മഹേഷിന്റെ പ്രതികാരം, വരത്തന്‍, പറവ, ഗ്യാങ്സ്റ്റര്‍, ഇടുക്കി ഗോള്‍ഡ് തുടങ്ങി അജയന്‍ കലാസംവിധാനം ചെയ്ത സിനിമകള്‍ നിരവധിയാണ്. സൂക്ഷ്മതയും നിരീക്ഷണവും പഠനവും കൊണ്ട് സമാനതകളില്ലാതെ പശ്ചാത്തലങ്ങളൊരുക്കുന്ന കലാകാരനാണദ്ദേഹം.

മാരയില്‍ എത്തിയത്‌

വരയിലും കലയിലും മികവുതെളിയിച്ച അജയന്റെ തമിഴിലെ ആദ്യ വര്‍ക്കാണ് മാര. ചിത്രത്തിലെ ആര്‍ട്ട് ഡയറക്ഷന് ഇതിനോടകം തന്നെ പല പുരസ്‌കാരങ്ങളും തേടിയെത്തി. മലയാള സിനിമയിലെ അജയന്റെ ആര്‍ട്ടുവര്‍ക്കുകള്‍ കണ്ടിട്ടാണ് തമിഴ് സംവിധായകന്‍ ദിപീപ് കുമാര്‍ ‘മാര’യിലേക്ക് വിളിച്ചത്. മലയാളം സിനിമകള്‍ നിരന്തരമായി കാണുകയും ഇഷ്ടപ്പെടുകയുമൊക്കെ ചെയ്യുന്ന സംവിധായകന്‍ കൂടിയാണ് ദിലീപ്. അജയന്റെ മാരാ എന്‍ട്രിക്ക് കാരണമായതാവട്ടെ നടി ഐശ്വര്യ ലക്ഷ്മിയും. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ദുല്‍ഖര്‍ സല്‍മാന്‍-പാര്‍വതി ചിത്രം ‘ചാര്‍ളി’യെ മുന്‍ നിര്‍ത്തിയാണ് തമിഴില്‍ മാധവനെയും ശ്രദ്ധ ശ്രീനാഥിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ‘മാര’യൊരുങ്ങിയത്. ചാര്‍ളിയിലെ ആര്‍ട്ട് ഡയറക്ഷന് ജയശ്രീ ലക്ഷ്മി നാരായണന് സംസ്ഥാന പുരസ്‌കാരം കിട്ടിയിരുന്നു. ആ പശ്ചാത്തലത്തില്‍ ഒരു വെല്ലുവിളി കൂടിയായിരുന്നു അജയന് മാര. ചാര്‍ളിയുമായി യാതൊരു ബന്ധമില്ലാത്ത മറ്റൊരു സിനിമയാണ് ഉണ്ടാക്കേണ്ടത്. ആളുകള്‍ വല്ലാതെ ഇഷ്ടപ്പെട്ട ആര്‍ട്ട് വര്‍ക്കായിരുന്നു ചാര്‍ളിയിലേത്. സമാനതകളില്ലാതെ, ഒന്നും പകര്‍ത്താതെ തീര്‍ത്തും വ്യത്യസ്തമായ സ്റ്റൈലിലാണ് അജയന്‍ ചാലിശ്ശേരി മാര ചെയ്തതും.

കേന്ദ്രകഥാപാത്രം എന്നോ വരച്ചിട്ട ഒരു ചിത്രത്തിലൂടെയാണ് ‘മാര’യുടെ കഥ തുടങ്ങുന്നതും മുന്നോട്ടുപോകുന്നതും. ആര്‍ട്ട് വര്‍ക്കിനൊപ്പം ചിത്രം വരയക്കുന്നതുകൂടിയായിരുന്നു തന്നെ മാരയിലേക്കെത്തിച്ചതെന്ന് അജയന്‍ പറയുന്നു. ആര്‍ട്ട് ഡയറക്ടര്‍മാരെല്ലാം ചിത്രം വരയ്ക്കുന്നവരാകണമെന്നില്ല. ആര്‍ട്ട് വര്‍ക്ക് മാത്രമായിരിക്കും ചിലരുടെ ഫോക്കസ്. ചുരുക്കം ചിലര്‍ മാത്രമേ വരയ്ക്കാറുള്ളൂ. അത്തരത്തിലൊരാളാണ് അജയന്‍ ചാലിശ്ശേരി. മാരയുടെ തുടക്കത്തില്‍ കാണിക്കുന്ന പെയിന്റിങ് അജയനും സംഘവും ചേര്‍ന്ന് വരച്ചുണ്ടാക്കിയതാണ്. ഒപ്പം അതിന്റെ ഗ്രാഫിക്‌സും ചെയ്തു. ‘നായികാ കഥാപാത്രം ആ പെയ്ന്റിങില്‍ തൊടുന്ന ഒരു സീനൊക്കെ ഉണ്ടല്ലോ. അതൊക്കെ ശരിക്കും വരച്ച ചിത്രമാണ്. ആ ആശയമൊക്കെ നമ്മുടെ നിര്‍ദ്ദേശപ്രകാരം ചെയ്തതാണ്. അത്രയും വലിയൊരു ചിത്രം യഥാര്‍ത്ഥത്തില്‍ വരച്ച് കഴിഞ്ഞാല്‍ ബാക്കി നമ്മള്‍ ചെയ്യുന്നതെല്ലാം കണ്‍വിന്‍സിങ് ആയിരിക്കും. സംവിധായകനുമായി നിരന്തരം സംസാരിച്ചും ചര്‍ച്ചകള്‍ ചെയ്തും ഒരുപാട് മോഡലുകള്‍ ഉണ്ടാക്കിയും വരച്ച് കൊടുത്തുമൊക്കെയാണ് അങ്ങനെയൊരു വര്‍ക്കിലേക്കെത്തുന്നത്. ഗ്രാഫിക്‌സില്‍നിന്നും നല്ല പിന്തുണയുണ്ടായിരുന്നു’, അജയന്റെ വാക്കുകളിങ്ങനെ.

മാരയിലെ ഒരു രംഗം

മാരാ എന്ന കഥാപാത്രം തന്നെ കലാകാരനാണ്. അയാള്‍ വരച്ചിടുന്ന ചിത്രങ്ങളാണ് വേണ്ടത്. അപ്പോള്‍ അതിന് സമാനതകളില്ലാത്ത ഒരു സ്‌റ്റൈല്‍ വേണം. കുറച്ച് വിന്റേജ് സ്‌റ്റൈലിലാണ് ആ കഥാപാത്രത്തിന്റെ കലയെ അജയന്‍ അവതരിപ്പിച്ചത്. ‘കുറച്ച് പ്രായമുള്ള ആളുടേതാവുമ്പോള്‍ പഴകിയതും നിറം മങ്ങിയതുമായ സാധനങ്ങളൊക്കെയാണ് ഉപയോഗിച്ചത്. മൊത്തം കളര്‍ഫുള്ളാക്കാന്‍ നോക്കിയില്ല. പ്രായമുള്ള വ്യക്തിക്ക് കളറിനെക്കുറിച്ചൊക്കെ നല്ല ധാരണയുണ്ടാവുമല്ലോ. ആ ഒരു ടോണിലാണ് അതിനെ സമീപിച്ചത്. ക്യാമറാമാനടക്കം മൊത്തം നല്ല ക്രൂ ആയിരുന്നു. വളരെ സന്തോഷത്തോടെയാണ് ആ സിനിമയില്‍ വര്‍ക്ക് ചെയ്തത്’.

മിഴ്- മലയാളം ഇന്‍ഡസ്ട്രി

തമിഴ് ഇന്‍ഡസ്ട്രി ടെക്‌നീഷ്യന്‍സിന് വളരെയധികം ബഹുമാനം നല്‍കുന്നതായി തോന്നിയിട്ടുണ്ടെന്നാണ് അജയന്റെ പക്ഷം. ‘മലയാളത്തില്‍ ഇല്ലെന്നല്ല. പക്ഷേ, അവിടെ അതിന്റെ തോത് വളരെ വലുതാണ്. എന്താണോ നമ്മുടെ കയ്യില്‍നിന്നും വേണ്ടത് അത് അതിന്റെ പൂര്‍ണതയില്‍ എടുക്കാന്‍ അവര്‍ തയ്യാറാണ്. അവരുടെ ഉന്നംതന്നെ അതാണ്. ഒരു സീനിയര്‍ വ്യക്തി എന്ന നിലയില്‍തന്നെയാണ് നമ്മളെ കാണുന്നത്. കലയില്‍ നമുക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതിന്റെ പരമാവധി അവര്‍ നമ്മളില്‍ നിന്നും എടുക്കും. അവര്‍ക്കൊപ്പം സിനിമ ചെയ്യാനും വളരെ രസമാണ്. മാരയുടെ സെറ്റില്‍ ഭൂരിഭാഗവും യുവാക്കളായിരുന്നു. ഞാന്‍ മാത്രമായിരുന്നു മുതിര്‍ന്ന ആള്‍. ഒരു ടീം വര്‍ക്ക് തന്നെയായിരുന്നു ആ സിനിമ. ഒരോ സീനിലേക്കും എന്ത് ചെയ്യാന്‍ പറ്റും എന്നല്ല, എന്താണ് ചെയ്ത് തരാന്‍ പറ്റുക എന്നാണ് എന്നോട് ചോദിച്ചത്. നമ്മള്‍ ചെയ്യുന്ന വര്‍ക്കിനെ അവര്‍ അതിമനോഹരമായി ഷൂട്ട് ചെയ്തു’, അജയന്‍ പറഞ്ഞു.

കലാസംവിധാനമെന്നാല്‍ ചിത്രം വരയ്ക്കാന്‍ ചുമരൊരുക്കലാണ്

ഒരു സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം തന്നെയാണ് കലാസംവിധാനം. സിനിമയുടെ പശ്ചാത്തലം ഒരുക്കുക്കൊടുക്കുകയാണ് കലാ സംവിധായകന്‍ ചെയ്യുന്നത്. ആ പശ്ചാത്തലമില്ലെങ്കില്‍ സിനിമ അപൂര്‍ണമാണല്ലോ. ക്യാമറാമാന്‍ പകര്‍ത്തിയെടുക്കുന്ന ഫ്രെയിമിന്റെ പശ്ചാത്തലത്തിന് അത്രയധികം പ്രാധാന്യമുണ്ട്. സിനിമയ്ക്കുവേണ്ട കാര്യങ്ങള്‍ ഏച്ചുകെട്ടുകളില്ലാതെ ഭംഗിയാക്കുകയാണ് കലാസംവിധായകന്റെ ജോലിയെന്ന് അജയന്‍ വിശദീകരിക്കുന്നു. പല കലാസംവിധായകരും പല തരത്തിലാണത് ആ ജോലി ചെയ്യുക. ചിലര്‍ അറിയാവുന്നതുപോലെ ചെയ്യും, ചിലര്‍ തീരെ ശ്രദ്ധിക്കപ്പെടാത്തതുപോലെ ചെയ്യും, ചിലര്‍ ആവശ്യത്തിലും കൂടുതല്‍ ചെയ്യും. അതിനനുസരിച്ചാണ് കലാസംവിധായകന്റെ കഴിവും നിരീക്ഷണവുമൊക്കെ വിലയിരുത്തപ്പെടുന്നത്. സിനിമ എന്താണോ ആവശ്യപ്പെടുന്നത് അത് ആ വിഷ്വലിനായി ചെയ്തുകൊടുക്കുക എന്നതാണ് കലാസംവിധായകന്റെ ഉത്തരവാദിത്വമെന്നും അജയന്‍ അടിവരയിട്ടു.

ആര്‍ട്ട് വരുന്ന വഴി

സംവിധായകനോ തിരക്കഥാകൃത്തോ സിനിമയുടെ കഥ പറയുന്നതുമുതല്‍ താന്‍ ആ സിനിമയിലേക്ക് കടക്കുമെന്ന് അജയന്‍. പിന്നീട് കഥ വായിക്കും. വിശദമായി തിരക്കഥ വായിച്ച് സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായി ഒരുമിച്ചിരുന്ന് ആലോചനകള്‍ നടത്തും. എന്തൊക്കെ വേണം, എവിടെയൊക്കെ വേണം, എന്തൊക്കെ ചെയ്യേണ്ട എന്നൊക്കെയുള്ള കാര്യങ്ങളുടെ ഒരു പൂര്‍ണ രൂപമുണ്ടാക്കും. അതിന് ശേഷം ലൊക്കേഷന്‍ കാണും. പിന്നീടും ഒരുപാട് ചര്‍ച്ചകളും കൂടിയാലോചനകളും നടത്തും. സെറ്റിന്റെ ആവശ്യമുണ്ടോ എന്നും എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണം. എന്തെങ്കിലും കുറയ്‌ക്കേണ്ടതോ കൂട്ടേണ്ടതോ ഉണ്ടോ എന്നതടക്കമുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കും. ഒന്നും പെട്ടെന്ന് ചെയ്യുന്ന കാര്യങ്ങളല്ല. സെറ്റ് വര്‍ക്കിന് അനുമതി വാങ്ങേണ്ടതുണ്ടാവും. ആളുകളെ എത്തിക്കണം. പെയിന്റിങ്, കാര്‍പെന്ററി വര്‍ക്ക് തുടങ്ങിയവയെല്ലാം ചെയ്തുവെക്കണം. ഇതെല്ലാം കഴിഞ്ഞിട്ടാണ് സീനുകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. അതിന്റെ മുഴുവന്‍ കാര്യങ്ങളും ആദ്യം തന്നെ പ്ലാന്‍ ചെയ്തിട്ടുണ്ടാവണമെന്നും അജയന്‍ പറയുന്നു.

അജയന്‍ ചാലിശ്ശേരി
കലാസംവിധായകനും പ്രൊപ്പര്‍ട്ടീസും തമ്മില്‍

ആദ്യത്തെ സിനിമയൊക്കെ ചെയ്യുമ്പോള്‍ പല പല സാധനങ്ങള്‍ വെറുതെ കൊണ്ടുവെക്കുമായിരുന്നെന്ന് അജയന്‍ ഒരു ചിരിയോടെ പറയുന്നു. ‘ആ സീനില്‍ ഒരു ഉപയോഗവുമില്ലാത്ത സാധനങ്ങളാണ് അവയെന്ന് കണ്ടാലറിയാം. അതില്‍നിന്നൊക്കെ പ്രേക്ഷകര്‍ ഒരുപാട് മുന്നോട്ടുപോയിട്ടുണ്ട്. ഒരു വീടാണ് ഷൂട്ട് ചെയ്യേണ്ടതെങ്കില്‍ ആ വീട്ടില്‍ ഒരിക്കല്‍പ്പോലും ഉപയോഗമില്ലാത്ത സാധനങ്ങളായിരിക്കും നമ്മള്‍ കൊണ്ടുവെച്ചിട്ടുണ്ടാവുക. സാധാരണ അത്തരമൊരു വീട് നമ്മള്‍ കാണുമ്പോള്‍ അത്തരം സാധനങ്ങളൊന്നും ആ വീടുകളില്‍ ഇല്ലാത്തതാണെങ്കില്‍ അതാ സീനിനോട് ചേരാതെ മുഴച്ചുനില്‍ക്കുന്നതുപോലെയുണ്ടാവും. ആ വിഷ്വലില്‍ അതിങ്ങനെ കൂടുതലായി നില്‍ക്കും. ഒരു സാധാരണ വീടാണ് കാണിക്കുന്നതെങ്കില്‍ ആ വീട്ടില്‍ ആവശ്യമുള്ള സാധനങ്ങള്‍ മാത്രം മതി. അവിടെ ഫ്‌ളവര്‍ വേസ് പോലെയുള്ള സാധനങ്ങളൊന്നും ഉണ്ടായിരിക്കില്ല. ആ വീട്ടിലുണ്ടാവേണ്ട സാധനങ്ങളെന്താണ്, എന്തൊക്കെ വേണം എന്നൊക്കെയുള്ള കാര്യങ്ങള്‍ കലാസംവിധായകന്റെ നിരീക്ഷണ പാടവത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കും’.

‘ഇത്തരം സാധാരണ വീടുകള്‍ നമ്മള്‍ നിരന്തരം കാണുന്നതാണല്ലോ. എറിഞ്ഞുപൊട്ടിക്കാനുള്ളതോ മറ്റോ ആയി ആ സിനിമയില്‍ എന്തെങ്കിലും പ്രത്യേക സാധനം വേണമെങ്കില്‍ അതുമാത്രം കൊണ്ടുവന്നാല്‍ മതി. ചിലപ്പോള്‍ അതൊരു തടിക്കസേരയാവാം, പഴക്കം തോന്നിക്കുന്ന മേശയാവാം, വായിക്കുന്ന ആളാണ് കഥാപാത്രമെങ്കില്‍ അതിന് മുകളില്‍ സ്ഥിരമായി വെക്കാന്‍ സാധ്യതയുള്ള കുറച്ച് ബുക്കുകള്‍ വേണം, ഒരു കുപ്പി വെള്ളം വേണം, ആ കുപ്പി എന്ത് ടൈപ്പായിരിക്കണം, അങ്ങനെ സ്ഥിരമായി ഉപയോഗിക്കുന്നതെന്ന് തോന്നുന്ന സാധനങ്ങള്‍ സെറ്റ് ചെയ്യണം. ചിലപ്പോള്‍ യൂസ്ഡ് സാധനങ്ങള്‍ വെക്കും. ചിലപ്പോള്‍ ആ പ്രോപ്പര്‍ട്ടിയെ പഴക്കം തോന്നത്തക്ക വിധത്തില്‍ രൂപമാറ്റം വരുത്തി വെക്കും’. ഓരോ സിനിമയും ആവശ്യപ്പെടുന്ന പ്രോപ്പര്‍ട്ടികള്‍ പല തരത്തിലുള്ളതാണെന്നും അദ്ദേഹം വിവരിക്കുന്നു.

എന്താണോ സിനിമയ്ക്ക് ആവശ്യം അത് കണ്ടെത്തലാണ് കലാസംവിധായകന്റെ ജോലിയെന്നും അജയന്‍. ആ സിനിമയില്‍ അത് മുഴച്ചുനില്‍ക്കാത്ത തരത്തിലുള്ള, ആ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന തരത്തിലുള്ള പ്രോപര്‍ട്ടികളാണ് കണ്ടെത്തേണ്ടത്.

പ്രേക്ഷകന് മുമ്പില്‍ ട്രിക്കുകള്‍ സാധ്യമല്ല

കലാസംവിധായകന്റെ കഴിവിനെയടക്കം സിനിമയുടെ ഒരോ മേഖലയെയും ഇഴകീറി പരിശോധിക്കുന്ന കാലമാണിന്ന്. കലാസംവിധായകന്‍ ചെയ്തത് ശരിയായില്ലെങ്കിലോ കൂടിപ്പോയാലോ പ്രേക്ഷകനത് എളുപ്പം മനസിലാവുകയും അവര്‍ മടിയേതുമില്ലാതെ വിമര്‍ശിക്കുകയും ചെയ്യും. ആ മേശ പുതിയതുപോലെയുണ്ട്, ആ ജഗ്ഗ് പുതിയതാണ് എന്നവര്‍ക്ക് വ്യക്തമാവുകയും സോഷ്യല്‍മീഡിയകളില്‍ പങ്കുവെക്കുകയും കലാസംവിധാനം ചെയ്തവരോടത് കമന്റായും മെസേജായും അറിയിക്കുകയും ചെയ്യും. ചില സിനിമയില്‍ ആര്‍ട്ടുവര്‍ക്ക് മുഴച്ചുനില്‍ക്കുന്നെന്നും ആര്‍ട്ട് മോശമായിരുന്നെന്നും അല്ലെങ്കില്‍ ആ സിനിമയില്‍ ആര്‍ട്ട് മാത്രമേ നന്നായുള്ളൂ എന്നുമൊക്കെ അവര്‍ വിലയിരുത്തും. പ്രേക്ഷകര്‍ ആ തലത്തിലേക്ക് വളര്‍ന്നുകഴിഞ്ഞു. ശബ്ദമിശ്രണവും വസ്ത്രാലങ്കാരവും ഛായാഗ്രഹണവുമടക്കം സിനിമയുടെ എല്ലാ മേഖലയെയും ജനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. അതിന്റെ വെല്ലുവിളിയും വലുതാണ്. വര്‍ക്ക് മോശമാണെങ്കില്‍ നമ്മുടെ പേരെടുത്ത് പറഞ്ഞ് ആളുകള്‍ വിമര്‍ശിക്കുമെന്നുറപ്പാണ്.

ഒരു കാലഘട്ടം പുനര്‍നിര്‍മ്മിച്ച പത്തൊമ്പതാം നൂറ്റാണ്ട്

ഏപ്രിലോടെ റിലീസിന് തയ്യാറെടുക്കുകയാണ് വിനയന്റെ സംവിധാനത്തിലെത്തുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വര്‍ക്കായിട്ടാണ് അജയന്‍ ചാലിശ്ശേരി പത്തൊമ്പതാം നൂറ്റാണ്ടിനെ അടയാളപ്പെടുത്തുന്നത്. ‘ഒരു കാലഘട്ടത്തിന്റെ പുനഃസൃഷ്ടി എന്ന് പറയുമ്പോള്‍ തന്നെ അറിയാമല്ലോ. അന്നുണ്ടായിരുന്ന സ്ഥലങ്ങളോ സാധനങ്ങളോ ഇന്നില്ല. അന്നത്തെപ്പോലുള്ള വീടകള്‍ കിട്ടിയാല്‍ തന്നെ ഇത്ര കാലത്തിനിടയില്‍ അതിന് ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ടാവും. ഇലക്ട്രിക് വര്‍ക്കുകളൊക്കെ നടന്നിട്ടുണ്ടാവും. അതുകൊണ്ടുതന്നെ എല്ലാ സീനിലും നമുക്ക് കലാസംവിധാനത്തിനായി ഒരുപാട് വര്‍ക്കുണ്ടായിരുന്നു. നന്നായി വര്‍ക്ക് ചെയ്യാന്‍ പറ്റി. അതൊക്കെ സിനിമയിറങ്ങുമ്പോള്‍ കാണാന്‍ കഴിയും. സമയക്കുറവിന്റെ പ്രശ്‌നങ്ങളൊക്കെ ഇടയ്ക്കുണ്ടായിരുന്നു. എന്നിരുന്നാലും അതിനെയൊക്കെ മറികടക്കാന്‍ കഴിഞ്ഞെന്നാണ് വിശ്വാസം. അത്രയധികം വര്‍ക്ക് ചെയ്ത സിനിമ എന്റെ ജീവിതത്തില്‍ വേറെയുണ്ടാവില്ല. അത്ര ഹെവിയായിരുന്നു. കാര്‍പെന്റേഴ്‌സും പെയിന്റേഴ്‌സുമൊക്കെയായി ഒരുപാട് ആളുകള്‍ എന്റെ കൂടെയുണ്ടായിരുന്നു. അവരുടെയെല്ലാവരുടെയും പ്രവര്‍ത്തന ഫലമായിട്ടാണ് ആ സിനിമ എനിക്ക് ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞത്’, അജയന്റെ വാക്കുകളിങ്ങനെ.

മനു ജഗതും ഗോകുല്‍ദാസും

അജയന്‍ ചാലിശ്ശേരിയും ചുരുളിയുടെ അടക്കം കലാസംവിധാനം നിര്‍വഹിച്ച ഗോഗുല്‍ ദാസും ഒരേ കോളെജില്‍ പഠിച്ചവരാണ്. അടുത്ത സുഹൃത്തുക്കളുമാണ്. രണ്ടുപേരും മനു ജഗതിന്റെ കലാ സംവിധാന കളരിയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുമുണ്ട്. ഏറ്റവും പ്രിയപ്പെട്ട ഇവര്‍ക്കൊക്കെയൊപ്പം വര്‍ക്ക് ചെയ്തതിന്റെ വ്യത്യാസം തന്റെ സിനിമകളിലും പ്രതിഫലിച്ചിട്ടുണ്ടാവുമെന്ന് പറയുകയാണ് അജയന്‍ ചാലിശ്ശേരി.

കൂടാതെ, സന്തോഷ് ശിവന്‍, അമല്‍ നീരദ്, ആഷിക് അബു തുടങ്ങി സിനിമാട്ടോഗ്രഫിയില്‍നിന്നും സംവിധാനത്തിലേക്കെത്തിയവര്‍ക്കൊപ്പവും അജയന്‍ കഴിവുതെളിയിച്ചു. ‘സന്തോഷ് സാറിന്റെ സിനിമകളൊക്കെ ഞാന്‍ ക്ലാസ് കട്ട് ചെയ്‌തൊക്കെ കണ്ടിട്ടുള്ളതാണ്. പിന്നീട് അദ്ദേഹത്തിനൊപ്പമൊക്കെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. അത്രയൊന്നും എത്താന്‍ കഴിയുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. നല്ലതിനെ നല്ലത് എന്ന് തുറന്നുപറഞ്ഞ് പിന്തുണയ്ക്കുന്ന ആളാണദ്ദേഹം. നമ്മള്‍ ചെയ്തുകൊടുക്കുന്നതിനെ അതിനേക്കാള്‍ ഭംഗിയില്‍ വിഷ്വലൈസ് ചെയ്യുന്ന ആളുകളാണ്. അമലേട്ടനൊപ്പവും അതേ അനുഭവമാണുള്ളത്. വിഷ്വല്‍സ് കൊണ്ട് മാജിക് കാണിക്കുന്ന ആളാണ്. ഫ്രെയിമിങിന്റെയൊക്കെ മാസ്റ്റേഴ്‌സാണവര്‍. അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതും വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. എന്താണോ അവര്‍ ആവശ്യപ്പെടുന്നത് അതിന്റെ ഒരു പടി മുന്നില്‍നില്‍ക്കാന്‍ കഴിയുമോ എന്നാണ് നോക്കുന്നത്’, അജയന്റെ വാക്കുകളിങ്ങനെ. ആഷിക് അബു ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ ആദ്യം വിളി വരുന്നതും അജയനുതന്നെ. സമയക്കുറവുമൂലമാണ് ഒരുമിച്ചുള്ള സിനിമകള്‍ ഉണ്ടാവാത്തതെന്നും അദ്ദേഹം പറയുന്നു.

മഹേഷിന്റെ പ്രതികാരവും ട്രാന്‍സും മറ്റ് സിനിമകളും

റിയലിസ്റ്റിക് സ്റ്റൈലില്‍ ചെയ്ത സിനിമയാണ് മഹേഷിന്റെ പ്രതികാരം. അതില്‍ മുഴച്ചുനില്‍ക്കുന്ന ഒരു ആര്‍ട്ട് വര്‍ക്കും വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നെന്ന് അജയന്‍. ‘റൂമായാലോ അവിടുത്തെ ഫര്‍ണിച്ചറായാലോ പത്രങ്ങളായാലോ മറ്റ് പ്രോപ്പര്‍ട്ടികളായാലോ എല്ലാം നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന തരം സാധനങ്ങളായിരുന്നു വേണ്ടത്. ഭക്ഷണം കഴിക്കുന്ന പാത്രമായാല്‍ പോലും നേരത്തെ ഉപയോഗിച്ചിരുന്നതാണ് വേണ്ടത്. ആ സിനിമയില്‍ അത്തരത്തിലുള്ള സാധനങ്ങളാണുപയോഗിച്ചത്. ട്രാന്‍സ് മൂന്ന് വര്‍ഷത്തോളമെടുത്ത് ചെയ്ത ചിത്രമാണ്. അത്രയും വലിയ വര്‍ക്കായിരുന്നു. ക്യാമറ അമല്‍ നീരദും സംവിധാനം അന്‍വര്‍ റഷീദുമായിരുന്നല്ലോ. വമ്പന്‍ ടീമാണത്. അവരുടെ സിനിമയില്‍ ചെയ്യുക എന്നത് നമുക്ക് സന്തോഷമുള്ള കാര്യമാണ്’.

മഹേഷിന്റെ പ്രതികാരത്തിലെ ഭാവന സ്റ്റുഡിയോയും ബേബി ആര്‍ട്‌സും അപ്പൂപ്പന്‍ താടികളുമടക്കം എല്ലാം അജയന്‍ സെറ്റിട്ടും ഉണ്ടാക്കിയുമെടുത്തു. ഇടുക്കി ഗോള്‍ഡില്‍ കഞ്ചാവുതോട്ടമുണ്ടാക്കിയതും ഫാം ഹൗസ് ഒരുക്കിയതും ഗ്യാങ്സ്റ്ററില്‍ കൊച്ചിയിലും ഗോവയിലുമായി ഭീമന്‍ സെറ്റുകളൊരുക്കിയതും ഈ ആര്‍ട്ടിസ്റ്റിക് ബുദ്ധി തന്നെ. പറവയും വരത്തനും റാണി പദ്മിനിയും തുടങ്ങി ആര്‍ട്ട് വര്‍ക്കില്‍ പ്രേക്ഷകനെ വിസ്മയിപ്പിച്ച ചിത്രങ്ങളും അജയന്റെ കയ്യില്‍ ഭദ്രമായിരുന്നു.

തുളസി ഡിസൈന്‍സില്‍നിന്ന് ആര്‍ട്ട് ഡയറക്ഷന്‍സിലേക്ക്

യാദൃശ്ചികമായിട്ടാണ് അജയന്‍ എന്ന ചാലിശ്ശേരിക്കാരന്‍ സിനിമയിലേക്കെത്തിയത്. എല്ലാ ചെറുപ്പക്കാരെയും പോലെ സിനിമയും ഷൂട്ടിങ്ങുമൊക്കെ കാണാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു സാധാരണക്കാരന്‍. തുളസി ഡിസൈന്‍സില്‍ ചെറിയച്ഛനോടൊപ്പം ബാനറുകളും മറ്റും എഴുതിയായിരുന്നു തുടക്കം. ‘തുളസി ഡിസൈന്‍സ് ഇപ്പോഴില്ല. എന്റെ ചെറിയച്ഛന്‍ ബാലന്‍ മാഷിന്റെ മകളുടെ പേരാണ് തുളസി. ക്ലാസില്ലാത്ത ദിവസങ്ങളില്‍ ശനിയും ഞായറുമൊക്കെയായി അവിടെ വര്‍ക്ക് ചെയ്യും. അതില്‍നിന്നും കിട്ടുന്ന പൈസയുപയോഗിച്ച് തിങ്കള്‍ മുതല്‍ വെള്ളിവരെ തൃശൂര്‍ പോയി പഠിക്കും. ചാലിശ്ശേരിയില്‍ ഒരു പതിനാറ് കൊല്ലത്തോളം തുളസി ഡിസൈന്‍സ് ഉണ്ടായിരുന്നു. പിന്നീട് ആ കെട്ടിടം പൊളിച്ചു. ഇപ്പോള്‍ ഓര്‍മ്മയില്‍ മാത്രമാണ് തുളസി ഡിസൈന്‍സ്. അവിടെനിന്നാണ് എന്റെ യാത്ര ഞാന്‍ ആരംഭിക്കുന്നത്. ഞാനൊരു ആര്‍ട്ടിസ്റ്റാവണം എന്നത് ബാലന്‍ മാഷിന്റെ തീരുമാനമായിരുന്നു. അദ്ദേഹമാണ് എന്നെ ഒരു കലാകാരനായി മാറ്റിയെടുത്തത്. അതൊരു വല്ലാത്ത തീരുമാനമായിരുന്നു. ഫൈന്‍ ആര്‍ട്‌സ് പഠിക്കണമെന്നൊക്കെ തീരുമാനിച്ചത് അദ്ദേഹമാണ്. എന്റെമേലത് അദ്ദേഹം സ്‌നേഹപൂര്‍വം അടിച്ചേല്‍പിക്കുകയായിരുന്നു. ഇപ്പോഴൊക്കെ അത്തരം ആളുകളുണ്ടോ എന്നെനിക്കറിയില്ല. ഞാന്‍ ഇന്ന് എന്തായി നില്‍ക്കുന്നോ അതിന്റെ മുഴുവന്‍ ക്രെഡിറ്റും അദ്ദേഹത്തിനുള്ളതാണ്’, അജയന്റെ തന്റെ ആരംഭത്തെ അടയാളപ്പെടുത്തുന്നതിങ്ങനെ.

പിന്നീട് സിനിമയിലേക്ക്. ആര്‍ട്ട് അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം. പിന്നെ ആര്‍ട്ട് അസോസിയേറ്റായി, ആര്‍ട്ട് ഡയറക്ടറായി. ആര്‍ട്ട് ഡയറക്ഷനിലേക്കെത്താന്‍ നിരന്തരമായ പഠനവും കഠിനാധ്വാനവും വേണം. ‘ഒരു ദിവസത്തെയോ ശ്രമഫലമായോ, ഉറങ്ങിയെഴുന്നേല്‍ക്കുമ്പോല്‍ നേടാനാവുന്നതോ ആയ സംഗതിയല്ല അത്. പതിനാറ് വര്‍ഷത്തോളം വര്‍ക്ക് ചെയ്തിട്ടാണ് ഞാന്‍ ആര്‍ട്ട് ഡയറക്ടറായത്. ഗോകുല്‍ ദാസ് അടക്കമുള്ള ആളുകളാണ് എന്നെ പിന്തുണച്ചതും ആര്‍ട്ട് ഡയറക്ടറായി വിളിക്കുകയുമൊക്കെ ചെയ്തതും. ഒരുപാട് തിരക്ക് ഇഷ്ടപ്പെടാത്ത ആളായിരുന്നു ഞാന്‍. തിരക്കുകളില്‍നിന്ന് മാറി നടക്കാനായിരുന്നു ഇഷ്ടം. എന്നെ ആര്‍ട്ട് ഡയറക്ടറാക്കണമെന്നത് ഗോകുല്‍ ദാസിന്റെ നിര്‍ബന്ധമായിരുന്നെന്ന് പറയാം. പിന്നീട് അവരുടെയൊക്കെയൊപ്പം സിനിമയിലേക്കെത്തി. ഇപ്പോള്‍ മുന്നില്‍വരുന്ന ഏത് സിനിമയും ചെയ്യാം എന്ന ആത്മവിശ്വാസത്തിലേക്കെത്തി’. ഗോകുല്‍ ദാസിന്റെ അസോസിയേറ്റായിരുന്ന അജയന്‍ പിന്നീട് സാബു സിറിളിനോടൊപ്പം ‘അന്യന്‍’, ‘എന്തിരന്‍’ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളിലെത്തി. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ ആണ് അജയന്‍ ആദ്യമായി കലാസംവിധാനം ചെയ്ത ചിത്രം.

എല്ലാവരും ചോദിക്കുന്ന ആ മുഖം

അജയന്‍ ചാലിശ്ശേരിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ആവര്‍ത്തിച്ച് വരാറുള്ള ഒരു മുഖമുണ്ട്. വിവിധ ഭാവങ്ങളോടെ അജയന്‍ വരച്ചിടുന്ന സമാനതകളേറെയുള്ള മുഖം. ആ ചിത്രങ്ങളുടെ രൂപസാമ്യത്തെക്കുറിച്ച് പലരും അജയനോട് ചോദിക്കാറുമുണ്ട്. അത് ബോധപൂര്‍വം സംഭവിക്കുന്നതല്ലെന്നാണ് അജയന്റെ മറുപടി. ‘സ്ഥിരം കാണുന്നതും നമ്മുടെ സൗന്ദര്യ ബോധത്തിനുമൊക്കെയനുസരിച്ച് വരുന്നതാവും. ഞാന്‍ നിരന്തരമായി ആളുകളെ നിരീക്ഷിക്കാറുണ്ട്. നിങ്ങളറിയാതെ നിങ്ങളെ നിരീക്ഷിക്കുന്നവരായിരിക്കും ആര്‍ട്ടിസ്റ്റുകള്‍. ഒരോരുത്തരെയും കാണുമ്പോള്‍ മനസില്‍ അവരുടെയൊരു പ്രിന്റ് എടുത്തുവെക്കാറുണ്ട്. മനസില്‍ അങ്ങനെ രൂപപ്പെട്ടൊരു മുഖമാവും അത്. ഭംഗിയുള്ള മുഖം മാത്രം വരയ്ക്കുന്നത് എന്തിനാണെന്ന് എന്നോട് ചിലര്‍ ചോദിക്കാറുണ്ട്. അതെന്റെ മനസിലുള്ള രൂപമാണ്. മറ്റൊന്നും വരയ്ക്കില്ല എന്നല്ല. വരകളൊക്കെ വ്യക്തിപരമായ സന്തോഷങ്ങളാണ്. അത് വില്‍ക്കാനോ വാങ്ങാനോ പറ്റുന്നതല്ല. എന്റെ ഇഷ്ടങ്ങളും തോന്നലുകളും പ്രതിഫലിപ്പിക്കാനുള്ള വേദിയാണ് വരകള്‍. അത്രേയുള്ളു. അതാരാണെന്ന് പറയണമെന്ന് പലരും പറയാറുണ്ട്. അങ്ങനെ ഒരാളല്ല അത്. കുറേ ആളുകളായിരിക്കാം. പല ആളുകളിലെ പല കാര്യങ്ങളാവാം ഒരു രൂപമായി വരുന്നത്’, അജയന്‍ പറയുന്നു.

ഇന്‍സ്റ്റഗ്രാം ചിത്രങ്ങളില്‍നിന്ന്‌

ഒടിടി റിലീസുകളിലെ കലാസംവിധാനം

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നേരിട്ട് റിലീസ് ചെയ്യാന്‍ വേണ്ടി തയ്യാറാക്കുന്ന ചിത്രങ്ങളിലെയും തിയേറ്റര്‍ റിലീസുകളുടെയും ആര്‍ട്ടുവര്‍ക്കില്‍ വ്യത്യാസമുണ്ടാവാറുണ്ടോ? ഇല്ലെന്നാണ് അജയന്‍ ചാലിശ്ശേരി നിസ്സംശയം പറയുന്നത്. കലാസംവിധായകനെ സംബന്ധിച്ചിടത്തോളം സിനിമ എവിടെ റിലീസ് ചെയ്യുന്നു എന്നത് വിഷയമാവുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കലാസംവിധായകന്റെ മുന്നില്‍ സിനിമ എന്നത് മാത്രമേയുള്ളു. അതിന് ഒടിടിയെന്നോ തിയേറ്റര്‍ റിലീസെന്നോ വ്യത്യാസമില്ല. സംവിധായകര്‍ക്ക് ആ വ്യത്യാസമുണ്ടായിരിക്കാം. എവിടെ റിലീസ് ചെയ്യുന്നതായാലും സിനിമ ആവശ്യപ്പെടുന്ന ഡീറ്റെയില്‍സും മറ്റും ചെയ്യാന്‍ ആര്‍ട്ട് ഡയറക്ടര്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

UPDATES
STORIES