കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുന്‍പ് ദുല്‍ഖര്‍ സല്മാന് തന്റെ വേഫറെര്‍ പ്രൊഡക്ഷന്‍ കമ്പനി നിര്‍മിച്ച രണ്ട് ചിത്രങ്ങളാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ഒന്ന് ദുല്‍ഖര്‍ തന്നെ നായകനായ ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ്. മറ്റൊന്ന് അരുണ്‍ വൈഗ സംവിധാനം ചെയ്ത ഉപചാരപൂര്‍വം ഗുണ്ട ജയന്. എന്നാല്‍ സല്യൂട്ട് ഒടിടിയില്‍ റിലീസ് ചെയ്യാമെന്ന ദുല്‍ഖറിന്റെ തീരുമാനത്തിന്, കേരളത്തിലെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് വിലക്ക് നേരിട്ടു. ഇതിന് പിന്നാലെയാണ് മമ്മൂട്ടി ചിത്രം പുഴുവിന്റേയും ഒടിടി റിലീസ് പ്രഖ്യാപിക്കുന്നത്. സോണിലിവിലാണ് പുഴുവും റിലീസിനെത്തുന്നത്.
‘ഞങ്ങള്‍ ചെയ്യുന്ന എല്ലാ സിനിമകളും വലിയ വിഭാഗം പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതല്ല. അഭിനേതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും പരീക്ഷണങ്ങള്‍ നടത്താനും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനും എല്ലാത്തരം സിനികളുടേയും ഭാഗമാകാനും ആഗ്രഹമുണ്ട്. പുഴുവിലൂടെ വാപ്പിച്ചിക്ക് അത് മനസിലായി എന്ന് ഞാന്‍ കരുതുന്നു. കൂടാതെ ഞങ്ങള്‍ രണ്ടുപേരും മുന്‍പ് നേരിട്ട് ഒടിടി റിലീസുകളൊന്നും ചെയ്തിട്ടില്ലായിരുന്നതിനാല്‍ അത്തരം പരീക്ഷണങ്ങള്‍ക്കും തയ്യാറായിരുന്നു,’ സല്യൂട്ടിന്റേയും പുഴുവിന്റേയും ഒടിടി റിലീസിനെ കുറിച്ച് ദുല്‍ഖര്‍ പറയുന്നു. ഒടിടി പ്ലേയോടായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.
നവാഗത സംവിധായിക റത്തീന പി.ടിയാണ് പുഴു ഒരുക്കിയിരിക്കുന്നത്. സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ പാര്‍വതി തിരുവോത്താണ് നായികയായി എത്തുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന് തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഹര്‍ഷാദിനൊപ്പം ഷറഫ്, സുഹാസ് കൂട്ടുകെട്ടാണ് പുഴുവിനറെ തിരക്കഥയൊരുക്കുന്നത്. തേനി ഈശ്വര്‍ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്നു.