‘ഏഴ് അഭിഭാഷകർ 15 ദിവസങ്ങൾ’; ഒറ്റപ്പെട്ടത് കോടതിയിലെന്ന് ഭാവന

താൻ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഭാവന. വനിതാദിനവുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമപ്രവർത്തക ബർഖ ദത്തുമായി നടത്തിയ അഭിമുഖത്തിലാണ് ഭാവനയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ അഞ്ച് വർഷത്തെ യാത്ര ബുദ്ധിമുട്ടേറിയതായിരുന്നു എന്നും ഈ യാത്രയിൽ തന്നെ പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും അവർ പറഞ്ഞു. കഴിഞ്ഞ ഏഴ് മാസത്തിനിടെ 15 ദിവസം കോടതിയിൽ പോയെന്നും കോടതി മുറിയിൽ ഏഴ് അഭിഭാഷകരുടെ മാറിമാറിയുള്ള ക്രോസ് വിസ്താരത്തെ നേരിട്ടപ്പോൾ താൻ ഒറ്റയ്ക്കാണെന്ന് തോന്നിയെന്നും അവർ പറഞ്ഞു.

“തകർന്നു പോയ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനി മുന്നോട്ട് പോകാൻ വയ്യെന്നും ഈ പോരാട്ടം അവസാനിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങണം എന്നും കരുതിയിട്ടുണ്ട്. എന്നാൽ എന്റെ പോരാട്ടം നിശബ്ദരാക്കപ്പെട്ട നിരവധി സ്ത്രീകൾക്കു വേണ്ടിയുള്ളതാണെന്ന ഓർമപ്പെടുത്തൽ മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചു. 2020ൽ വിചാരണ ആരംഭിച്ചു. കോടതിയിൽ പോയ 15 ദിവസങ്ങൾ വളരെ ട്രൊമാറ്റിക് ആയിരുന്നു. അവസാനദിവസത്തെ ഹിയറിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഞാൻ ഇരയല്ല, സർവൈവർ ആണെന്ന് തിരിച്ചറിയുകയായിരുന്നു.”

കള്ളക്കേസ് ആണെന്നും താനാണ് തെറ്റുകാരിയെന്നും പലരും പ്രചരിപ്പിച്ചുവെന്നും എന്നാൽ ഈ ഘട്ടങ്ങളിലെല്ലാം തനിക്കൊപ്പം നിന്ന ഭർത്താവ്, കുടുംബം, സുഹൃത്തുക്കൾ, പൊതുജനം എന്നിവരോട് പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ടെന്ന് അവർ പ്രതികരിച്ചു. കേസിന്റെ അന്തിമ ഫലം എന്തു തന്നെയായാലും പോരാടാനാണ് തന്റെ തീരുമാനമെന്നും ഭാവന വ്യക്തമാക്കി.

UPDATES
STORIES