സംവിധായകന് ബാലചന്ദ്ര കുമാറിന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആക്രമിക്കപ്പെട്ട നടിയുടെ കത്ത്. സംവിധായകന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കണമെന്നും രണ്ടാം പ്രോസിക്യൂട്ടറും രാജി വെച്ചതില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ പറയുന്നു. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് നടിയും രംഗത്തെത്തിയിരിക്കുന്നത്.
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ കണ്ടിട്ടുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നും അടക്കമാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. കേസിന്റെ വിചാരണ അവസാന ഘട്ടത്തിലെത്തി നില്‍ക്കവെയാണ് പുതിയ വെളിപ്പെടുത്തലുകള്‍ എന്നതും ശ്രദ്ധേയമാണ്. ഈ വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരിക്കുകയാണ്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ രാജിയില്‍ ആശങ്കയുണ്ടെന്നുമാണ് നടി മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസിലെ രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എന്‍ അനില്‍ കുമാര്‍ കഴിഞ്ഞദിവസമാണ് രാജിവെച്ചത്. നേരത്തെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സുകേശനും രാജി വെച്ചിരുന്നു. രണ്ട് പ്രോസിക്യൂട്ടര്‍മാരും ഒരേ കാരണം പറഞ്ഞാണ് രാജിവെച്ചതെന്നും നടി ചൂണ്ടിക്കാട്ടുന്നു.
കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ പ്രാപ്തിയുള്ള സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ എത്രയും പെട്ടന്ന് ചുമതലപ്പെടുത്തണമെന്നും തനിക്ക് നീതി ലഭ്യമാക്കണമെന്നും നടി കത്തില്‍ ആവശ്യപ്പെട്ടു.
കേസ് അട്ടിമറിക്കുപ്പെടുമോയെന്ന വലിയ ആശങ്കയും ഭയവും തനിക്കുണ്ട്. കോടതി പക്ഷപാതപരമായാണ് ഇടപെടുന്നതെന്ന ആശങ്ക നേരത്തെ തന്നെയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പുനരന്വേഷണം വേണമെന്നുമാണ് കത്തിലെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ ഡിജിപിക്കുള്‍പ്പെടെ പരാതി നല്‍കുമെന്നാണ് വിവരം. കേസിന്റെ വിചാരണ നിര്‍ത്തിവെച്ച് തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്നാണ് അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഹരജി കോടതി വരും ദിവസങ്ങളില്‍ പരിഗണിക്കും.